Tuesday, September 25, 2012

സര്‍ക്കാര്‍ വഞ്ചനക്കെതിരെ ആദിവാസികളുടെ ഉജ്വലസമരം


കല്‍പ്പറ്റ: ഭൂസമരത്തോടുള്ള സര്‍ക്കാര്‍ വഞ്ചനക്കെതിരെ ആദിവാസി രോഷം അണപൊട്ടി. ഓണത്തിന് മുമ്പ് ഭൂമിനല്‍കുമെന്ന സര്‍ക്കാര്‍പ്രഖ്യാപനം നടപ്പാക്കാത്തതിലും, സമരംചെയ്യുന്നവരെ ജയിലിലടച്ച് പീഡിപ്പിക്കുന്നതിലും, സമരഭൂമികളിലെ കുടില്‍ പൊളിച്ചുനീക്കുന്നതിനുമെതിരെ ആയിരക്കണക്കിന് ആദിവാസികള്‍ കലക്ടറേറ്റ് മാര്‍ച്ച്നടത്തി. ആദിവാസി ക്ഷേമസമിതി (എകെഎസ്)ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഭൂമിക്കായുള്ള ആദിവാസികളുടെ പോരാട്ടത്തില്‍ പുതിയ മുന്നേറ്റമായി. കലക്ടറേറ്റും പരിസരവും ആദിവാസികളെകൊണ്ട് നിറഞ്ഞു. ജയില്‍വാസത്തിലും പൊലീസ് പീഡനത്തിലും തളരാതെ സമരഭൂമികളില്‍നിന്നും സ്ത്രികളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ മാര്‍ച്ചിനെത്തി. സമരകേന്ദ്രങ്ങളിലെ കുടിലുകള്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും ഭൂരഹിതരായ മുഴുവന്‍പേര്‍ക്കും ഭൂമി ലഭിക്കാതെ സമരത്തില്‍നിന്നും പിന്നോട്ടില്ലെന്നും ഇവര്‍ പ്രഖ്യാപിച്ചു.
കൈവശരേഖ നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അവകാശം നല്‍കുക, ഭവനിര്‍മാണമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഭൂമിയുള്ള ആദിവാസികള്‍ക്ക് കൃഷിചെയ്യാന്‍ സാമ്പത്തിക സഹായം അനുവദിക്കുക, ചികിത്സാസഹായം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.

വിജയപമ്പ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. വന്‍ സ്ത്രീപങ്കാളിത്തമാണുണ്ടായത്. കൈക്കുഞ്ഞുങ്ങളുമായാണ് പലരും എത്തിയത്. സമരഭൂമിയിലെ അതേ വീറും വാശിയോടും ആദിവാസികള്‍ മാര്‍ച്ചില്‍ അണിനിരന്നു. സമരം ചെയ്യുന്നവരെ ജയിലിലടച്ച് പീഡിപ്പിക്കുന്നതിനെതിരെയും കുടിലുകള്‍ പൊളിക്കുന്നതിനെതിരെയും മാര്‍ച്ചില്‍ മുദ്രാവാക്യം ഉയര്‍ന്നു. ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളിലുമുള്ളവര്‍ സമരത്തിനെത്തി. മാര്‍ച്ച് എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് സീതാബാലന്‍ അധ്യക്ഷയായി. ആദിവാസി ഭൂസമരസഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ സംസാരിച്ചു. എകെഎസ് ജില്ലാസെക്രട്ടറി പി വാസുദേവന്‍ സ്വാഗതവും വി കേശവന്‍ നന്ദിയും പറഞ്ഞു. ഇ എ ശങ്കരന്‍, ആര്‍ രതീഷ്, കെ കെ അച്ചപ്പന്‍, എം ബി രാജന്‍, എ ടി ഉഷ, ഉഷ കേളു, കെ ആര്‍ ശ്യാമള, പി ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. മെയ് എട്ടിനാണ് എകെഎസ് നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിക്കായുള്ള രണ്ടാംഘട്ട സമരം തുടങ്ങിയത്. രണ്ടായിരത്തോളംപേരെ പൊലീസ്, വനം അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലടച്ചു. സമരഭൂമികളിലെ കുടില്‍പൊളിച്ചുനീക്കി. ജയില്‍ മോചിതരായവര്‍ വീണ്ടും കുടില്‍കെട്ടി സമരത്തിന്റെ പാതയിലാണ്. സമരത്തിന്റെ പ്രചാരണാര്‍ഥം സെപ്തംബര്‍ 10മുതല്‍ 13വരെ ജില്ലയില്‍ ജാഥ നടത്തി. എകെഎസ് ജില്ലാപ്രസിഡന്റ് സീതാബാലന്‍, സെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ജാഥയ്ക്ക് 41 ഭൂസമര കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു. ഓരോ കേന്ദ്രത്തിലും നൂറുകണക്കിനാളുകളാണ് ജാഥയെ സ്വീകരിക്കാന്‍ എത്തിയിരുന്നത്. എകെഎസ് ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തില്‍ കോളനി കേന്ദ്രീകരിച്ചും ജാഥകള്‍ നടത്തി.

കാടിന്റെ ഉടമകള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്: സി കെ രാജേന്ദ്രന്‍

പാലക്കാട്: കാടിന്റെ ഉടമകള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു. ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിച്ചമര്‍ത്തപ്പെട്ട ആദിവാസികളെ സമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണം. ആദിവാസികളുടെ ക്ഷേമത്തിനായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്. കാട് കാടിന്റെ മക്കള്‍ക്ക് നഷ്ടമാകുന്നു. അവകാശങ്ങള്‍ക്കുവേണ്ടി ആദിവാസികള്‍ നടത്തിയ പോരാട്ടങ്ങളെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. 25,000 ആദിവാസികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കി. എന്നാല്‍ യുഡിഎഫ് വന്നതോടെ ഇത് നിലച്ചു. യുപിഎ സര്‍ക്കാര്‍ പാസാക്കിയ വനവാസി നിയമം രാജ്യത്ത് എവിടെയും നടപ്പാക്കിയിട്ടില്ല. ആദിവാസികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുബാങ്കാക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് നല്‍കണം. പറമ്പിക്കുളത്ത് തമിഴ്നാട് സര്‍ക്കാര്‍ യാത്രാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു. ആദിവാസി ക്ഷേമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ സിപിഐ എം നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി കെ രാജന്ദ്രേന്‍ അറിയിച്ചു. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ അധ്യക്ഷനായി. സെക്രട്ടറി രാജന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, സമിതി സംസ്ഥാന കമ്മിറ്റിയംഗം എ പി ലാല്‍ എന്നിവര്‍ സംസാരിച്ചു. രമേശ് നന്ദി പറഞ്ഞു. സിപിഐ എം ജില്ലാക്കമ്മിറ്റി ഓഫീസിനു മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

വനംവകുപ്പ് ആസ്ഥാനവും ജില്ലാകേന്ദ്രങ്ങളും ആദിവാസികള്‍ ഉപരോധിച്ചു

മൗലികാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ തിങ്കളാഴ്ച ജില്ലാ കേന്ദ്രങ്ങളിലും വനംവകുപ്പ് ആസ്ഥാനത്തും ഉപരോധം സംഘടിപ്പിച്ചു. ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തിലായിരുന്നു ഉപരോധം. ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരുമായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും കുറഞ്ഞത് ഒരേക്കര്‍വീതം നല്‍കുക, അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കുക, വനാവകാശ നിയമപ്രകാരം രേഖ നല്‍കിയ കൈവശഭൂമിയില്‍ വനംവകുപ്പുകാരുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, രേഖ ലഭിച്ച ഭൂമിയുടെ പൂര്‍ണാവകാശം കൈമാറുക, റവന്യൂഭൂമിയുടെ പദവി നല്‍കി കാര്‍ഷിക വായ്പ അടക്കമുള്ള ബാങ്ക് വായ്പകളും ആനുകൂല്യങ്ങളും അനുവദിക്കുക, വനാവകാശ രേഖ നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് ഉടന്‍ അനുവദിക്കുക, നിയമം നടപ്പാക്കുന്നതിനുള്ള സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിയും ജില്ലാ സമിതികളും പുനഃസംഘടിപ്പിക്കുക, ട്രൈബല്‍ അഡൈ്വസറി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ ചികിത്സാപദ്ധതി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ഉപരോധത്തില്‍ ആയിരക്കണക്കിന് ആദിവാസികള്‍ അണിനിരന്നു.

തലസ്ഥാനത്ത് വനംവകുപ്പ് ആസ്ഥാനമാണ് ഉപരോധിച്ചത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് ജി അപ്പുക്കുട്ടന്‍ കാണി അധ്യക്ഷനായി. ഉപരോധത്തില്‍ അണിനിരന്നവരെ അറസ്റ്റ് ചെയ്യുമെന്നറിയിച്ചതോടെ എകെഎസ് പ്രവര്‍ത്തകര്‍ വനംവകുപ്പ് ഓഫീസിന് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു. പിന്നീട് നേതാക്കള്‍ ഡിസിഎഫുമായി ചര്‍ച്ച നടത്തി. ആദിവാസികളുടെമേല്‍ ചുമത്തിയ കേസുകള്‍ റദ്ദാക്കാമെന്നും കൈവശഭൂമിയിലെ വൃക്ഷങ്ങള്‍, പാറ, മണല്‍, മുള, ഈറ്റ എന്നിവ യഥേഷ്ടം ഉപയോഗിക്കാമെന്നും ഉറപ്പു ലഭിച്ചു. വനാവകാശനിയമം നടപ്പാക്കാനുള്ള സമിതികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാമെന്ന് ആര്‍ഡിഒ ഉറപ്പ് നല്‍കി. ഇടുക്കിയില്‍ ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തില്‍ നടത്തിയ ദേവികുളം ആര്‍ഡിഒ ആഫീസ് ഉപരോധം കെ കെ ജയചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേവികുളം ഇരച്ചില്‍പാറയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആദിവാസി ക്ഷേമസമിതി ജില്ലാ രക്ഷാധികാരി സി വി വര്‍ഗീസ്, സിഐടിയു ജില്ലാ ട്രഷറര്‍ കെ വി ശശി, എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ഐ പ്രഭാകരന്‍, ജില്ലാ സെക്രട്ടറി കെ എസ് രാജന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ യു ബിനു, കെ ആര്‍ കുട്ടപ്പന്‍ ശാന്തന്‍പാറ ഏരിയ സെക്രട്ടറി കെ എ ബാബു എന്നിവര്‍ സംസാരിച്ചു.

ആദിവാസികളെ ജയിലിലടയ്ക്കുന്നു: കെ കെ ജയചന്ദ്രന്‍

മൂന്നാര്‍: ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികളെ ജയിലടയ്ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേവികുളം ആര്‍ഡിഒ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു സെന്റ് ഭൂമിപോലും ആദിവാസികള്‍ക്കായി നല്‍കിയിട്ടില്ല. പക്ഷപാതപരമായ സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പട്ടയം ലഭിച്ച ആദിവാസികള്‍ ഭൂമിക്കര്‍ഹരാണ്. എന്നാല്‍ ഇവര്‍ക്ക് ഭൂമി നല്‍കുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. ഭൂമിക്ക് അര്‍ഹരായ മുഴുവന്‍ ആദിവാസികളുടെയും പട്ടിക സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇവര്‍ക്ക് ഭുമി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനാണ്. എന്നാല്‍ ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി. ഭൂരഹിതരായ ആദിവാസികളുടെ സര്‍വെലിസ്റ്റ് പരിശോധിച്ച് എത്രയും വേഗം ഇവര്‍ക്ക് ഭൂമി നല്‍കണം. ജില്ലയില്‍ ഭൂരിഭാഗം വരുന്ന വനപ്രദേശം പാരിസ്ഥിതിക പ്രദേശമായി പ്രഖ്യാപിക്കണമെന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആദിവാസികളെ ദോഷകരമായി ബാധിക്കും. ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താതെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ന്നിരിക്കുകയാണ്. രണ്ട് രൂപയ്ക്ക് അരിയെന്നത് ആദിവാസികള്‍ക്ക് സ്വപ്നം മാത്രമായി അവശേഷിച്ചിരിക്കുകയാണെന്നും കെ കെ ജയചന്ദ്രന്‍ പറഞ്ഞു.

deshabhimani 250912

No comments:

Post a Comment