Friday, September 28, 2012

സബ്സിഡി പണമായി : പ്രതിഷേധം ശക്തമാകുന്നു


റേഷന്‍ സബ്സിഡിയും മറ്റും പണമായി നല്‍കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആക്കം കൂട്ടിയതോടെ ഇതിനെതിരെയുള്ള ജനകീയപ്രതിഷേധവും ശക്തമായി. പ്രധാനമന്ത്രിമന്‍മോഹന്‍സിങ്ങിന്റെ രണ്ടാംവട്ട സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായാണ് ബിപിഎല്‍-അന്ത്യോദയ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ സബ്സിഡി പണമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. മൊത്തം സബ്സിഡിബില്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ധനമന്ത്രി ചിദംബരവും ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയയുമാണ് സബ്സിഡി നേരിട്ട് പണമായി നല്‍കണമെന്ന് വാദിക്കുന്നത്.

2011-12 സാമ്പത്തികവര്‍ഷം മൊത്തം സബ്സിഡി 2,35,000 കോടി രൂപയാണ്. മൊത്തം ജിഡിപിയുടെ 2.35 ശതമാനമാണ് ഇത്. 2017 ആകുമ്പോഴേക്കും സബ്സിഡി ജിഡിപിയുടെ 1.5 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. ജിഡിപി വളരുന്നതിനുസരിച്ച് സബ്സിഡിയും വര്‍ധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് അതു കുറയ്ക്കാനായി സബ്സിഡി പണമായി നല്‍കണമെന്ന് ചിദംബരവും മറ്റും വാദിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ഡുടമകള്‍ക്ക് സബ്സിഡി പണമായി നല്‍കി. ഡല്‍ഹിയില്‍ 100 കാര്‍ഡുടമകള്‍ക്കാണ് പണം നല്‍കിയത്. 1000 രൂപ വീതമാണ് ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നത്. 32 കിലോ ഗോതമ്പ്, അഞ്ചുകിലോ പഞ്ചസാര, 10 കിലോ അരി, അഞ്ച് ലിറ്റര്‍ മണ്ണെണ്ണ എന്നിവ വാങ്ങാനുള്ള പണമാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, ഈ തുക കൊണ്ട് ഇത്രയും സാധനം വാങ്ങാന്‍ കഴിയുന്നില്ലെന്ന് സബ്സിഡി പണമായി ലഭിച്ച കാര്‍ഡുടമകള്‍ പറയുന്നു. ദിനംപ്രതി സാധനവില കൂടുമ്പോള്‍ സബ്സിഡിയായി ലഭിക്കുന്നത് നിശ്ചിത തുക മാത്രമാണ്. ക്രമേണ റേഷന്‍കടകള്‍ ഇല്ലാതാകുമെന്നും പൊതുകമ്പോളത്തില്‍ നിന്ന് സബ്സിഡി തുകകൊണ്ട് അരിയും മറ്റും വാങ്ങേണ്ടിവരുമെന്നും ഉപയോക്താക്കള്‍ ഭയക്കുന്നു.

ഡല്‍ഹി സര്‍ക്കാരാകട്ടെ ബിപിഎല്‍ വിഭാഗങ്ങളില്‍പ്പെട്ട രണ്ടുലക്ഷം കാര്‍ഡുടമകള്‍ക്ക് മാസത്തില്‍ റേഷന്‍ സബ്സിഡിയായി 600 രൂപ നല്‍കാനാണ് പദ്ധതിയിടുന്നത്. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് സബ്സിഡിയായി ഇത്രയും തുക ലഭിച്ചാല്‍ ഒരംഗത്തിന് ഒരുദിവസം ലഭിക്കുക നാലുരൂപയോളമാണ്. നാലുരൂപയ്ക്ക് എന്തു ഭക്ഷണമാണ് ലഭിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നിഷേധിച്ചുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ റേഷന്‍ കടകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന വഴിതടയല്‍ സമരത്തില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സമരം.
(വി ബി പരമേശ്വരന്‍)

deshabhimani 280912

1 comment:

  1. റേഷന്‍ സബ്സിഡിയും മറ്റും പണമായി നല്‍കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആക്കം കൂട്ടിയതോടെ ഇതിനെതിരെയുള്ള ജനകീയപ്രതിഷേധവും ശക്തമായി. പ്രധാനമന്ത്രിമന്‍മോഹന്‍സിങ്ങിന്റെ രണ്ടാംവട്ട സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായാണ് ബിപിഎല്‍-അന്ത്യോദയ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ സബ്സിഡി പണമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. മൊത്തം സബ്സിഡിബില്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി

    ReplyDelete