Tuesday, September 25, 2012

ക്രൂഡോയില്‍ വില ഇടിഞ്ഞു; ഇന്ധനവില കുറയ്ക്കാതെ കേന്ദ്രം


അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുറയുകയും രൂപയുടെ മൂല്യമേറുകയും ചെയ്തിട്ടും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും മടിക്കുന്നു. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡോയില്‍ വില സെപ്തംബര്‍ ഇരുപതിലെ നിരക്കുപ്രകാരം ബാരലിന് 106 ഡോളറെന്ന നിരക്കിലെത്തി. വില നൂറുഡോളറിലും താഴേക്കെത്തുമെന്നാണ് സൂചന. ബാരലിന് 118 ഡോളര്‍വരെ ഉയര്‍ന്നശേഷമാണ് ഇപ്പോഴത്തെ വിലത്തകര്‍ച്ച. ക്രൂഡോയില്‍ വില ഇടിയുന്നതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യമുയരുന്നുവെന്ന അനുകൂലഘടകവുമുണ്ട്. തിങ്കളാഴ്ച രൂപയ്ക്ക് നേരിയ തിരിച്ചടിയേറ്റെങ്കിലും ഡോളറിനെതിരെ 53.47 എന്ന നിരക്കിലാണിപ്പോള്‍. ക്രൂഡോയില്‍ വില ബാരലിന് ഓരോഡോളര്‍ കുറയുമ്പോഴും പെട്രോള്‍വിലയില്‍ ലിറ്ററിന് 33 പൈസയുടെ കുറവാണ് വരേണ്ടത്. ഡോളറിനെതിരെ രൂപ ശക്തിപ്പെടുമ്പോഴാകട്ടെ പെട്രോള്‍വിലയില്‍ 77 പൈസയുടെയെങ്കിലും മാറ്റം വരേണ്ടതാണ്.

ക്രൂഡോയില്‍ വിലയില്‍ ഓരോ ഡോളറിന്റെ മാറ്റം വരുമ്പോഴും വിലകൂട്ടാന്‍ സമ്മര്‍ദം ചെലുത്തുന്ന എണ്ണക്കമ്പനികള്‍, വില കുത്തനെ ഇടിഞ്ഞിട്ടും അത് അറിഞ്ഞഭഭാവം നടിക്കുന്നില്ല. ബാരലിന് 12 ഡോളറോളം ഇടിഞ്ഞ ഘട്ടത്തില്‍ ലിറ്ററിന് നാലു രൂപയുടെയെങ്കിലും കുറവ് എണ്ണക്കമ്പനികള്‍ വരുത്തേണ്ടതാണ്. ഇതോടൊപ്പം രൂപയുടെ മൂല്യമേറുന്നതുകൂടി കണക്കാക്കിയാല്‍ ലിറ്ററിന് ആറു രൂപ കുറച്ചാലും എണ്ണക്കമ്പനികള്‍ക്ക് നഷ്ടം വരില്ല. ക്രൂഡോയില്‍ വില ഇടിയുന്ന ഘട്ടത്തില്‍തന്നെ ഡീസല്‍വിലയില്‍ ലിറ്ററിന് അഞ്ചു രൂപയുടെ വര്‍ധന വന്നത് എണ്ണക്കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കും. എന്നാല്‍, സബ്സിഡി ചെലവ് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിലകുറയ്ക്കല്‍ നടപടി പരമാവധി നീട്ടിക്കൊണ്ടുപോവുകയെന്ന തന്ത്രമാണ് സര്‍ക്കാരും എണ്ണക്കമ്പനികളും പയറ്റുന്നത്.
(എം പ്രശാന്ത്)

deshabhimani 250912

1 comment:

  1. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുറയുകയും രൂപയുടെ മൂല്യമേറുകയും ചെയ്തിട്ടും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും മടിക്കുന്നു. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡോയില്‍ വില സെപ്തംബര്‍ ഇരുപതിലെ നിരക്കുപ്രകാരം ബാരലിന് 106 ഡോളറെന്ന നിരക്കിലെത്തി. വില നൂറുഡോളറിലും താഴേക്കെത്തുമെന്നാണ് സൂചന. ബാരലിന് 118 ഡോളര്‍വരെ ഉയര്‍ന്നശേഷമാണ് ഇപ്പോഴത്തെ വിലത്തകര്‍ച്ച. ക്രൂഡോയില്‍ വില ഇടിയുന്നതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യമുയരുന്നുവെന്ന അനുകൂലഘടകവുമുണ്ട്. തിങ്കളാഴ്ച രൂപയ്ക്ക് നേരിയ തിരിച്ചടിയേറ്റെങ്കിലും ഡോളറിനെതിരെ 53.47 എന്ന നിരക്കിലാണിപ്പോള്‍. ക്രൂഡോയില്‍ വില ബാരലിന് ഓരോഡോളര്‍ കുറയുമ്പോഴും പെട്രോള്‍വിലയില്‍ ലിറ്ററിന് 33 പൈസയുടെ കുറവാണ് വരേണ്ടത്. ഡോളറിനെതിരെ രൂപ ശക്തിപ്പെടുമ്പോഴാകട്ടെ പെട്രോള്‍വിലയില്‍ 77 പൈസയുടെയെങ്കിലും മാറ്റം വരേണ്ടതാണ്.

    ReplyDelete