Friday, September 28, 2012

സഹാറ കേസിലെ സുപ്രീംകോടതി വിധി ഹസ്സന് കുരുക്കാകും


ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ സഹാറ ഗ്രൂപ്പിന്റെ നിക്ഷേപക്കേസിലെ സുപ്രീംകോടതി വിധി ജനശ്രീ ഓഹരി തട്ടിപ്പിനും ബാധകമാകും. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് പിരിച്ചെടുത്ത മുഴുവന്‍ ഓഹരികളും കോടതി വിധി പ്രകാരം, ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും. അങ്ങനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ കേന്ദ്ര ഓഹരി കൈമാറ്റ സമിതിയായ സെബിക്ക് ജനശ്രീയുടെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യാം.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന കമ്പനികള്‍ നിക്ഷേപവും ഓഹരിയും ഉള്‍പ്പെടെ പിരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ ചൂണ്ടിക്കാട്ടി ആഗസ്ത് 24നാണ് സഹാറ കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. സെബിയുടെ അറിവോ സമ്മതമോ ഇല്ലാതെ സഹാറ ഗ്രൂപ്പിനു കീഴിലുള്ള സഹാറ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും ഭീമമായ തുക പിരിച്ചെന്നാണ് കേസ്. തുക പിരിച്ചെടുത്തതിനെതിരെ സെബിയെടുത്ത നടപടിയെ ചോദ്യംചെയ്താണ് സഹാറ ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിപ്പിച്ചത്. സഹാറയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി, പിരിച്ചെടുത്ത 17,400 കോടി രൂപയും 15 ശതമാനം പലിശ സഹിതം 23 ദശലക്ഷം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. തങ്ങള്‍ പണം പിരിച്ചെടുത്തത് ബോണ്ട് ആയിട്ടാണെന്നും കടപത്രം അല്ലെന്നും അതിനാല്‍ ഇത് കമ്പനി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സഹാറ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. കമ്പനിയുടെ ആകെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം 1000 കോടി മാത്രമാണെന്നും അതേക്കാള്‍ വന്‍ തുക പിരിച്ചെന്നുമാണ് സെബി കണ്ടെത്തിയത്. ഈ വാദവും സുപ്രീംകോടതി ശരിവച്ചു.

ജനശ്രീ മിഷന്‍ പണമിടപാട് നടത്തുന്നതിന് രൂപീകരിച്ച ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡും സെബിയുടെ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് സഹാറ മാതൃകയില്‍ പണം സമാഹരിച്ചതിനാല്‍ സുപ്രീംകോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ ജനശ്രീക്കും ബാധകമാണ്. ജനശ്രീ മൈക്രോഫിനിന്റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം രണ്ടു കോടിയാണ്. അംഗീകൃത മൂലധനം അഞ്ചു കോടിയായും നിജപ്പെടുത്തി. എന്നാല്‍, പത്ത് കോടി രൂപ പിരിക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എം എം ഹസ്സന്‍ രേഖാമൂലം പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ഇതിനു പുറമെ കമ്പനിയുടെ അടച്ചുതീര്‍ത്ത ഓഹരി മൂലധനമായ രണ്ടു കോടിയില്‍ 1,99,40,000 രൂപയും ഹസ്സന്റെ പേരിലാണ്. ഈ ഓഹരിയില്‍ 50,000 രൂപയുടെ ഓഹരി മാത്രമേ തന്റെ പേരിലുള്ളൂവെന്ന് ഹസ്സന്‍ പറയുന്നു. അങ്ങനെയെങ്കില്‍ മറ്റ് ഓഹരികള്‍ വിറ്റതും സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. ഈ തുക നേരത്തെ ജനശ്രീ മിഷന്‍ മുഖേന സമാഹരിച്ചതാണെങ്കില്‍ അത് മറച്ചുവച്ച് സ്വന്തം പേരില്‍ ബിസിനസുകാരനെന്ന നിലയില്‍ ഓഹരിയെടുത്തത് റിസര്‍വ് ബാങ്കിനെ കബളിപ്പിച്ച ക്രിമിനല്‍കുറ്റംകൂടിയാകും. ജനശ്രീ മൈക്രോഫിനിന്റെ ഒറ്റ ഓഹരിക്കുപോലും നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു. ഈ ഓഹരി ജനശ്രീ പ്രവര്‍ത്തകരില്‍നിന്ന് പിരിച്ചെടുത്തതാണെങ്കില്‍ അത് ഹസ്സനും സംഘവും തിരിച്ചു നല്‍കേണ്ടി വരും. അതല്ല, ഹസ്സന്റെ സ്വകാര്യ സ്വത്താണെങ്കില്‍ വരുമാന സ്രോതസ്സും വ്യക്തമാക്കണം. ഹസ്സന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഓഹരികളുമായി ബന്ധപ്പെട്ട പണമിടപാടുകളും ഇതോടെ നിയമക്കുരുക്കില്‍പ്പെടുകയാണ്.

deshabhimani 280912

1 comment:

  1. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ സഹാറ ഗ്രൂപ്പിന്റെ നിക്ഷേപക്കേസിലെ സുപ്രീംകോടതി വിധി ജനശ്രീ ഓഹരി തട്ടിപ്പിനും ബാധകമാകും. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് പിരിച്ചെടുത്ത മുഴുവന്‍ ഓഹരികളും കോടതി വിധി പ്രകാരം, ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും. അങ്ങനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ കേന്ദ്ര ഓഹരി കൈമാറ്റ സമിതിയായ സെബിക്ക് ജനശ്രീയുടെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യാം.

    ReplyDelete