Saturday, September 29, 2012

പൊതുമേഖലാ വ്യവസായങ്ങളുടെ ലാഭം കുറയുന്നുവെന്ന് സര്‍ക്കാര്‍


പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ ലാഭം കുറയുന്നതായി സര്‍ക്കാര്‍. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ത്ത സ്ഥാപന മേധാവികളുടെ യോഗത്തില്‍ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് ഉള്‍പ്പെടെ നല്ല പ്രവര്‍ത്തനക്ഷമത കാഴ്ചവച്ചിരുന്ന സ്ഥാപനങ്ങളിലടക്കം ഈവര്‍ഷം ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ ലാഭം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികളുടെയെല്ലാം ലാഭം കുറയുന്ന പ്രവണതയാണ് കാണുന്നത്. നഷ്ടത്തിലുള്ളവയുടെ നഷ്ടം വര്‍ധിക്കുന്നു. വ്യവസായങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മെയില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപന മാനേജ്മെന്റുകള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശമുയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരോ സ്ഥാപനവും പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നോ രണ്ടോ സ്ഥാപനം മാത്രമാണ് തയ്യാറാക്കിയത്. അസംസ്കൃത വസ്തുക്കളടക്കം വാങ്ങാന്‍ ഇ-പ്രൊക്യുര്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ചില സ്ഥാപനങ്ങള്‍ മാത്രമാണ് ഫലപ്രദമായി നടപ്പാക്കുന്നതെന്നും സെക്രട്ടറി കുറ്റപ്പെടുത്തി. സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വ്യക്തതയില്ല. പിഎസ്സിക്കുവിട്ട നിയമനങ്ങള്‍ കമീഷന്‍ വഴിയും അല്ലാതെയുള്ളവ റിയാബ് വഴിയുമായിരിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം. താല്‍ക്കാലിക, കരാര്‍ നിയമനങ്ങള്‍ നടത്തി സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കണം. സ്ഥിരനിയമനങ്ങള്‍ക്ക് ഇത്തരക്കാരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാം. വിരമിച്ച ഉദ്യോഗസ്ഥര്‍ പല സ്ഥാപനങ്ങളിലും തുടരുന്നുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സ്ഥാപനമേധാവികളോട് ആവശ്യപ്പെട്ടു. ലാഭസാധ്യത കുറയുന്നതിനാല്‍ ടെല്‍ക്കിന്റെ സാങ്കേതികവിദ്യയില്‍ മാറ്റം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യവസായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൊതുവെ തൃപ്തികരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani 290912

1 comment:

  1. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ ലാഭം കുറയുന്നതായി സര്‍ക്കാര്‍. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ത്ത സ്ഥാപന മേധാവികളുടെ യോഗത്തില്‍ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് ഉള്‍പ്പെടെ നല്ല പ്രവര്‍ത്തനക്ഷമത കാഴ്ചവച്ചിരുന്ന സ്ഥാപനങ്ങളിലടക്കം ഈവര്‍ഷം ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ ലാഭം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

    ReplyDelete