Friday, September 28, 2012

ചരക്കുകൂലിയും എസി നിരക്കും കൂട്ടി

റെയില്‍വേ ചരക്ക് കടത്തുകൂലിയും എസി യാത്രാനിരക്കും നാല് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ ഒക്ടോബര്‍ ഒന്നിന് നിലവില്‍വരും. റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല കോണ്‍ഗ്രസ് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകമാണ് സേവന നികുതിയിലൂടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം.രാജ്യത്ത് ചരക്ക് നീക്കത്തില്‍ റെയില്‍വേക്കുള്ള നിര്‍ണായക സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഇതോടെ വിലക്കയറ്റം വീണ്ടും രൂക്ഷമാകും.

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ്, പാര്‍ക്കിങ് എന്നിവയ്ക്ക് 12.36 ശതമാനം സേവനികുതി ഏര്‍പ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. സേവന നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. റെയില്‍വെ മന്ത്രി സി പി ജോഷിയും ധനമന്ത്രി പി ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ചരക്ക്, യാത്രനിരക്ക് എന്നിവയ്ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എസി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ്, ടു-ടയര്‍, ത്രീ-ടയര്‍, എസി ചെയര്‍ കാര്‍ എന്നിവയുടെ ടിക്കറ്റ് നിരക്ക് 3.7 ശതമാനം ഉയര്‍ത്തും. സേവനികുതി, വിദ്യാഭ്യാസസെസ്, ഉന്നത വിദ്യാഭ്യാസ സെസ് എന്നിവ ഉള്‍പ്പെടെയാണിത്. ചരക്കുകൂലിയില്‍ 3.708 ശതമാനം സേവനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളെയും പെട്രോളിയം ഉല്‍പന്നങ്ങളെയും അധികനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സിമന്റ്, കല്‍ക്കരി, ഇരുമ്പയിര് എന്നിവയ്ക്ക് സേവനികുതി ബാധകമാണ്. ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിക്കാനും സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതകത്തിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ നടത്തുന്ന യാത്രയ്ക്ക് മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും വര്‍ധന ബാധകമാണ്. മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ ടിടിഇ മുഖാന്തരമോ, ബുക്കിങ് ഓഫീസിലൂടെയോ യാത്രയ്ക്ക് മുമ്പ് അധികതുക അടയ്ക്കണം. ടിക്കറ്റ് ക്യാന്‍സല്‍ചെയ്യുന്ന യാത്രക്കാരന് സര്‍വീസ് നികുതി നിരക്ക് കഴിച്ചുള്ള തുകമാത്രമേ കിട്ടൂ. ഇളവുകളുള്ള ടിക്കറ്റുകള്‍ക്ക് ആകെ യാത്രാ നിരക്കിന്റെ 30 ശതമാനം സേവന നികുതിയായി ഈടാക്കും. അതായത് വികലാംഗര്‍, വയോജനങ്ങള്‍, മറ്റ് ഇളവുകളുള്ളവര്‍ തുടങ്ങിയവരും അധികനിരക്കിന് കീഴില്‍ വരും. കാറ്ററിങ് നിരക്കില്‍ സേവന നികുതി ഏര്‍പ്പെടുത്തുന്നതോടെ റെയില്‍വേ സ്റ്റേഷനുകളിലെ ഭഭക്ഷണച്ചെലവും ഉയരും.

തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദി അവതരിപ്പിച്ച കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മമതയുടെ ഭീഷണിയെത്തുടര്‍ന്ന് ത്രിവേദി രാജിവയ്ക്കുകയും മുകുള്‍ റോയി സ്ഥാനമേല്‍ക്കുകയുംചെയ്തു. റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ ചരക്കുകൂലി വര്‍ധന പിന്‍വലിച്ചതായി മുകുള്‍ റോയി പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ് അട്ടിമറിച്ചാണ് ഇപ്പോള്‍ ചരക്കുകൂലി കൂട്ടാന്‍ തീരുമാനിച്ചത്. 2012ലെ ധനകാര്യബില്ലില്‍ എസി യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞില്ല.

ചില്ലറ വിപണിയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭ വിട്ടതോടെയാണ് റെയില്‍വേ വകുപ്പിന്റെ അധികച്ചുമതല സി പി ജോഷിക്ക് നല്‍കിയത്. 16 വര്‍ഷങ്ങള്‍ക്കുശേഷം റെയില്‍വേവകുപ്പ് കൈവശം വന്ന സാഹചര്യത്തില്‍ റെയില്‍ മേഖലയിലെ സാമ്പത്തിക പരിഷ്കരണം ഊര്‍ജിതമാക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു.
(പി വി അഭിജിത്)

deshabhimani 280912

1 comment:

  1. റെയില്‍വേ ചരക്ക് കടത്തുകൂലിയും എസി യാത്രാനിരക്കും നാല് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ ഒക്ടോബര്‍ ഒന്നിന് നിലവില്‍വരും.

    ReplyDelete