Saturday, September 29, 2012

ബസ് ചാര്‍ജ് മിനിമം ആറാക്കാന്‍ ശുപാര്‍ശ


ബസ് യാത്രാനിരക്ക് മിനിമം ആറുരൂപയായി ഉയര്‍ത്താന്‍ ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണയസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിദ്യാര്‍ഥി യാത്രാനിരക്കും ആനുപാതികമായി ഉയര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. നിര്‍ദിഷ്ട നിരക്കിന്റെ 25 ശതമാനം വര്‍ധന വിദ്യാര്‍ഥി കണ്‍സെഷനില്‍ വേണമെന്നും പറയുന്നു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈമാറിയ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. ടാക്സി, ഓട്ടോ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
വൈദ്യുതി, പാല്‍ വിലവര്‍ധനയ്ക്കു പിന്നാലെയാണ് ബസ് യാത്രാനിരക്കും കൂട്ടുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരിലാണിത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടാം വട്ടമാണ് ചാര്‍ജ് കൂട്ടുന്നത്. നിത്യോപയോഗസാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനത്തിന് ഇത് അമിതഭാരമാകും.

ഫാസ്റ്റ് പാസഞ്ചര്‍, എക്സ്പ്രസ് ബസുകളുടെ കിലോമീറ്റര്‍ നിരക്കിലും ആനുപാതിക വര്‍ധനയ്ക്ക് ശുപാര്‍ശയുണ്ട്. ഓര്‍ഡിനറി ബസുകളില്‍ കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്ന് 58 ആയി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഫാസ്റ്റ് പാസഞ്ചറില്‍ കിലോമീറ്റര്‍ നിരക്ക് 57ല്‍ നിന്ന് 60 ആയും സൂപ്പര്‍ ഫാസ്റ്റില്‍ 60ല്‍ നിന്ന് 65 ആയുമാണ് വര്‍ധന നിര്‍ദേശിച്ചിട്ടുള്ളത്. എക്സ്പ്രസ് ബസില്‍ കിലോമീറ്റര്‍ നിരക്ക് 65ല്‍ നിന്ന് 70 പൈസയായി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. കുറഞ്ഞ യാത്രാനിരക്ക് ആറു രൂപയാക്കണമെന്ന് കെഎസ്ആര്‍ടിസിയും ഏഴാക്കണമെന്ന് സ്വകാര്യ ബസുടമകളും സമിതിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി കണ്‍സെഷനില്‍ 50 ശതമാനം വര്‍ധനയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സമിതി കഴിഞ്ഞദിവസം ബസുടമകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വാദം കേട്ടിരുന്നു. തുടര്‍ന്ന്, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി വിജയാനന്ദ്, നാറ്റ്പാക് പ്രതിനിധി ഇളങ്കോവന്‍, കേരള സര്‍വകലാശാലാ ഇക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഡോ. ബി എ പ്രകാശ് എന്നിവരടങ്ങുന്ന സമിതി ശനിയാഴ്ച വീണ്ടും യോഗം ചേര്‍ന്നാണ് വര്‍ധനയ്ക്ക് ശുപാര്‍ശ നല്‍കിയത്.

കഴിഞ്ഞ നിരക്കുവര്‍ധനയ്ക്ക് ശേഷം ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവില്‍ പത്തുശതമാനം വര്‍ധന ഉണ്ടായിട്ടുള്ളതായി സമിതി വിലയിരുത്തി. ഓട്ടോറിക്ഷ, ടാക്സി നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുണ്ടെങ്കിലും ശനിയാഴ്ചത്തെ യോഗത്തില്‍ അക്കാര്യം പരിഗണിച്ചില്ല. അടുത്തയാഴ്ച ഇതിനായി യോഗം ചേരും. ഓട്ടോനിരക്ക് 12ല്‍ നിന്ന് 15 രൂപയാക്കണമെന്നും ടാക്സി നിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. ഡീസല്‍ വിലവര്‍ധനയിലൂടെ ഏഴുകോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാരിന് അനുകൂലമായ നിലപാടാണുള്ളത്. ഇന്ധനവില വര്‍ധിപ്പിക്കുമ്പോഴെല്ലാം യാത്രാനിരക്ക് പുനഃപരിശോധിക്കാറുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

deshabhimani 300912

1 comment:

  1. ബസ് യാത്രാനിരക്ക് മിനിമം ആറുരൂപയായി ഉയര്‍ത്താന്‍ ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണയസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിദ്യാര്‍ഥി യാത്രാനിരക്കും ആനുപാതികമായി ഉയര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. നിര്‍ദിഷ്ട നിരക്കിന്റെ 25 ശതമാനം വര്‍ധന വിദ്യാര്‍ഥി കണ്‍സെഷനില്‍ വേണമെന്നും പറയുന്നു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈമാറിയ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. ടാക്സി, ഓട്ടോ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
    വൈദ്യുതി, പാല്‍ വിലവര്‍ധനയ്ക്കു പിന്നാലെയാണ് ബസ് യാത്രാനിരക്കും കൂട്ടുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരിലാണിത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടാം വട്ടമാണ് ചാര്‍ജ് കൂട്ടുന്നത്. നിത്യോപയോഗസാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനത്തിന് ഇത് അമിതഭാരമാകും.

    ReplyDelete