Friday, December 7, 2012

ആത്മഹത്യചെയ്തത് 14,027 കര്‍ഷകര്‍


രാജ്യത്ത് 2011ല്‍ 14,027 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 1995-2011ല്‍ ജീവനൊടുക്കിയ കര്‍കഷകരുടെ എണ്ണം 2,70,940 ആണെന്നും പി രാജീവിനെ കൃഷി സഹമന്ത്രി താരീഖ് അന്‍വര്‍ അറിയിച്ചു. കേരളത്തിന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന് 2012-13ല്‍ 5.6 കോടി രൂപ നല്‍കിയതായി ആരോഗ്യസഹമന്ത്രി അബുഹസെം ഖാന്‍ചൗധരി പി കരുണാകരനെ അറിയിച്ചു. ആകാശത്തു നിന്നുള്ള എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെ കാസര്‍കോട്ട് നിരവധി ആരോഗ്യപ്രശ്നം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തിന് ദേശീയ മനുഷ്യാവകാശ കമീഷന്‍ പഠന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രയോഗം ബുദ്ധിപരമായ തകരാറിനും ശാരീരിക വൈകല്യത്തിനും കാരണമായെന്ന് പഠനത്തില്‍ വ്യക്തമായി.

സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന 6-15 പ്രായമുള്ള കുട്ടികളുടെ എണ്ണം 81.5 ലക്ഷമാണെന്ന് മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ കെ എന്‍ ബാലഗോപാലിനെ അറിയിച്ചു. 2005ല്‍ ഇത് 1.34 കോടിയായിരുന്നു. കേരളത്തില്‍ 15,776 കുട്ടികള്‍ക്കാണ് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 82 ഡോക്ടര്‍മാരുടെ കുറവുള്ളതായി ആന്റോ ആന്റണിയെ ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് അറിയിച്ചു. എസ്ബിടിയില്‍ നിന്നുള്ള വിദ്യാഭ്യാസവായ്പയുമായി ബന്ധപ്പെട്ട് 2012-13 ലഭിച്ച 32 പരാതിയില്‍ അഞ്ചെണ്ണം തീര്‍പ്പാക്കാനുണ്ടെന്ന് ധനമന്ത്രി പി ചിദംബരം ജോസ് കെ മാണിയെയും എം കെ രാഘവനെയും അറിയിച്ചു. കേരളത്തിലെ കേന്ദ്രസര്‍വകലാശാലയില്‍ പട്ടികജാതി വിഭാഗത്തില്‍ 19 അധ്യാപക ഒഴിവ് നികത്താനുള്ളതായി മാനവവിഭവശേഷി മന്ത്രി എം എം പളനിമാണിക്യം സി പി നാരായണനെ അറിയിച്ചു. ആകെയുള്ള 21 സീറ്റില്‍ രണ്ടെണ്ണത്തിലാണ് നിയമനം നടത്തിയത്. പട്ടികവര്‍ഗവിഭാഗത്തില്‍ 10 ഒഴിവ് നികത്താനുണ്ട്. ആകെയുള്ള 11 സീറ്റില്‍ ഒന്നിലാണ് നിയമനം നടത്തിയതെന്നും മന്ത്രി അറിയിച്ചു. ബാങ്കുവഴി സബ്സിഡി നല്‍കുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് നിര്‍വഹണ സംവിധാനത്തിന് രൂപംനല്‍കിയതായി ധനസഹമന്ത്രി നമോനാരായണ്‍ മീണ കെ പി ധനപാലനെ അറിയിച്ചു.

deshabhimani

No comments:

Post a Comment