Saturday, December 8, 2012

തൃശൂരില്‍ 1500 ടണ്‍ അരി കത്തിച്ചു


മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ സൂക്ഷിച്ച 1500 ടണ്‍ അരി കത്തിച്ചും കൂഴിച്ചുമൂടിയും നശിപ്പിച്ചു. റേഷന്‍ കടകളിലേക്ക് അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സമയത്ത് ഇടപെടാത്തതാണ് അരി നശിപ്പിക്കാന്‍ ഇടയാക്കിത്. അരിവില വന്‍ തോതില്‍ ഉയരുന്നതിനിടെയാണ് ഈ ക്രൂരകൃത്യം. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം 30 ടണ്‍ അരി കത്തിച്ചു. ഗോഡൗണില്‍ അരി നശിപ്പിക്കുന്നത് പതിവാണെന്നും ജീവനക്കാര്‍ പറഞ്ഞു.

കത്തിച്ചു തീരാത്ത അരിയാണ് 15 അടി ആഴത്തില്‍ കുഴിയെടുത്ത് മൂടിയത്. കഴിഞ്ഞ ആറുമാസമായി അരി നശിപ്പിക്കുന്നത് മുളങ്കുന്നത്തുകാവ് ഗോഡൗണില്‍ പതിവാണ്. കഴിഞ്ഞദിവസം കത്തിച്ചുകളഞ്ഞ അരിക്കു പുറമെ ഏതാണ്ട് അമ്പത് ടണ്ണോളം അരിയും ഉടന്‍ നശിപ്പിക്കാനായി മാറ്റിവച്ചിട്ടുണ്ട്. റേഷന്‍ കടകളിലൂടെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മറ്റ് ഷോറൂമുകളിലൂടെയും ഒരു ലക്ഷം ടണ്‍ അരി ഉടന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ വി തോമസ് സെപ്തംബറില്‍ പ്രഖ്യാപിച്ചതാണ്. ഇതു സംബന്ധിച്ച് അഞ്ചുതവണ ഗോഡൗണില്‍ ഉത്തരവും വന്നു. എന്നാല്‍, അരിവിതരണത്തിന് ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. റേഷന്‍കടകളിലേക്കും മറ്റും അരി വിതരണം ചെയ്യാന്‍ നിര്‍ദേശവും ഉത്തരവും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

സംസ്ഥാനത്തെ വലിയ രണ്ടാമത്തെ എഫ്സിഐ ഗോഡൗണാണ് തൃശൂരിലെ മുളങ്കുന്നത്തുകാവിലേത്. ഇവിടെ അരലക്ഷം ടണ്‍ അരി സൂക്ഷിക്കാനാണ് ശേഷി. ഏഴുമാസംവരെ അരി കേടാകാതെ സൂക്ഷിക്കാനേ ഇവിടെ സൗകര്യമുള്ളൂ. പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങിയ അരിയാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നശിപ്പിക്കാനിടയായത്. മുന്‍വര്‍ഷങ്ങളില്‍ മാസം 1650 ലോഡ് അരി (16,500 ടണ്‍) സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത് ക്രമേണ കുറഞ്ഞ് 200-300 ലോഡ് ആയി ചുരുങ്ങി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുവിതരണ സംവിധാനം ആകെ താറുമാറായി. ഇതിന്റെ ഭാഗമായാണ് അരിവിതരണം നിലച്ചതും സംഭരിച്ച അരി കൂട്ടത്തോടെ നശിച്ചതും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗോഡൗണുകളില്‍നിന്നും അരി കൃത്യമായി വിതരണം ചെയ്യാറുണ്ടായിരുന്നു. ബിപിഎല്ലുകാര്‍ക്ക് രണ്ടു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 12 രൂപയ്ക്കും അരി നല്‍കി. ഗോഡൗണുകളില്‍ അരി കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ വിതരണം ശാസ്ത്രീയമായി പരിഷ്കരിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നശേഷവും വകുപ്പില്‍ പുതിയ മന്ത്രി വന്ന ഷേശവും എല്ലാം താറുമാറായി. കഴിഞ്ഞ ആഗസ്ത്-സെപ്തംബര്‍ മാസങ്ങളില്‍ ടണ്‍കണക്കിന് അരി പുഴുവരിച്ച് നശിച്ചത്് ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അന്നും സര്‍ക്കാര്‍ അനാസ്ഥക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാരിന്റെ അനാസ്ഥയിലും അരി നശിപ്പിച്ചതില്‍ പ്രതിഷേധിച്ചും സിപിഐ എം ആഭിമുഖ്യത്തില്‍ മുളങ്കുന്നത്തുകാവ് ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തി.

deshabhimani

No comments:

Post a Comment