Saturday, December 8, 2012

സര്‍ക്കാര്‍ ലക്ഷ്യം അടിസ്ഥാനസൗകര്യ വികസനത്തില്‍നിന്നുള്ള പിന്മാറ്റം


അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പൂര്‍ണ സ്വകാര്യവല്‍ക്കരണം. പൊതുമരാമത്ത് മാന്വല്‍ പരിഷ്കരണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സി(ഐസി)ല്‍ നടക്കുന്ന ചര്‍ച്ചകളുടെയെല്ലാം ഉന്നം ഈ രംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പൂര്‍ണ പിന്മാറ്റമാണ്. കോണ്‍ഫറന്‍സിന്റെ രണ്ടാംദിവസത്തെ ചര്‍ച്ചകളെല്ലാം അടിസ്ഥാനസൗകര്യവികസന മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വന്‍കിട പദ്ധതികളില്‍ സ്വകാര്യമേഖല വഹിക്കേണ്ട പങ്കിനെക്കുറിച്ചാണ്. ഇത്തരം പദ്ധതികളില്‍ സര്‍ക്കാരിന്റെ നാമമാത്ര നിയന്ത്രണംപോലും ആവശ്യമില്ലെന്ന് ചില വിദേശ മാതൃകകള്‍ ഉദാഹരിച്ച് വ്യക്തമാക്കാനും പ്രഭാഷകര്‍ തയ്യാറായി. ടോള്‍പോലുള്ള ജനദ്രോഹ നടപടികള്‍ ഉണ്ടാകില്ലെന്ന ആമുഖത്തോടെയാണ് ബിഒടി, പിപിപി തുടങ്ങിയ മാതൃകകളെ പ്രകീര്‍ത്തിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിനൊപ്പം (പിപിപി) പൊതുജന പങ്കാളിത്തമെന്ന (പിപിപിപി) പുതിയ ഇടപാട് അങ്ങേയറ്റം ജനക്ഷേമകരമാണെന്ന പരാമര്‍ശവും ഉയര്‍ന്നു.

സര്‍ക്കാര്‍ പണം മുടക്കി പരിമിതമായ വികസനം മാത്രം നടപ്പാക്കുക എന്ന മുരടിപ്പിന്റേതായ ശൈലികൊണ്ട് ഇനി കാര്യമില്ലെന്നാണ് രണ്ടാംദിവസത്തെ ആദ്യ സെഷന്‍ ഉദ്ഘാടനംചെയ്ത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പൊതു-സ്വകാര്യ-പൊതുജന പങ്കാളിത്തമാണ് ഇനി വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ കെ ബാബു, കെ സി ജോസഫ് എന്നിവരും നിലവിലെ രീതികള്‍ മാറണമെന്ന ആവശ്യത്തില്‍ ഊന്നി. വികസനപദ്ധതികളുടെ നിര്‍മാണവും പരിപാലനവും സംബന്ധിച്ച പുതിയ കാഴ്ചപ്പാട് എന്ന രണ്ടാമത്തെ സെഷനില്‍ ലോകബാങ്ക് പ്രതിനിധി ബര്‍ണാഡ് അരിത്വ പൂര്‍ണ സ്വകാര്യവല്‍ക്കരണം എന്ന ആശയമാണ് അവതരിപ്പിച്ചത്. ബ്രിട്ടനിലെ 7000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ച ഏജന്‍സി അതിന്റെ അറ്റകുറ്റപ്പണികളും വികസനവും നടപ്പാക്കുന്ന മാതൃക ഇവിടെ പരീക്ഷിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നിര്‍മാണങ്ങളും അത് പരിപാലിക്കാന്‍ സംവിധാനമില്ലാത്തതു മൂലമുണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കും സംസ്ഥാന ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ പറഞ്ഞത് ലോകബാങ്ക് പ്രതിനിധിയുടെ വാദങ്ങളെ ശരിവയ്ക്കുന്നതായി. ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരനെ രണ്ടാംദിവസത്തെ ആദ്യ സെഷനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാനിമിഷം ഒഴിവാക്കി. അതേസമയം, കൊച്ചി മെട്രോ പദ്ധതിയെ സ്വകാര്യമേഖലയിലെത്തിക്കാന്‍ ശ്രമിക്കുന്ന കെഎസ്ഐഡിസി എംഡി ടോം ജോസ് ഒരു സെഷനില്‍ പ്രധാന പ്രബന്ധാവതാരകനായി പങ്കെടുത്തു.

deshabhimani

No comments:

Post a Comment