Tuesday, December 11, 2012

തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന് നഷ്ടം 19 കോടി


അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന് കനത്ത നഷ്ടം. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടശേഷം കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 19.7 കോടി രൂപ നഷ്ടമുണ്ടായതായി നബാര്‍ഡ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണസമിതി പിരിച്ചുവിടുമ്പോള്‍ എട്ടുകോടി രൂപ ലാഭത്തിലായിരുന്നു. ലാഭം തട്ടിക്കിഴിച്ചുള്ള ഇപ്പോഴത്തെ സഞ്ചിതനഷ്ടം 11.7 കോടി രൂപയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ബാങ്കിന്റെ മൂലധനപര്യാപ്തത കുറഞ്ഞ് റിസര്‍വ് ബാങ്കിന്റ അംഗീകാരംപോലും നഷ്ടപ്പെടാനിടയാകുമെന്ന് ബാങ്കിങ്വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ നബാര്‍ഡിന്റെ പരിശോധന നവംബര്‍ 25 മുതല്‍ ഡിസംബര്‍ അഞ്ചുവരെയായിരുന്നു. കെ പി രാധാകൃഷ്ണന്‍ പ്രസിഡന്റായ എല്‍ഡിഎഫ് ഭരണസമിതിക്കു കീഴില്‍ ബാങ്കിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് രേഖപ്പെടുത്തിയ നബാര്‍ഡ്സംഘം തുടര്‍ന്നുള്ള മാസങ്ങളിലെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ചകള്‍ ചൂണ്ടിക്കാട്ടി. 2011-12ല്‍ ബാങ്കിന്റെ നിക്ഷേപം, ചെലവുകുറഞ്ഞ നിക്ഷേപം എന്നിവയിലടക്കം 20-30 ശതമാനം വളര്‍ച്ച ബാങ്കിനുണ്ടായി. എന്നാല്‍, അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷിക കണക്കെടുപ്പില്‍ വായ്പ കുടിശ്ശിക 2.9 ശതമാനത്തില്‍നിന്നും 30 ശതമാനമായി ഉയര്‍ന്നു. വായ്പ നല്‍കുന്നതില്‍ മുന്‍വര്‍ഷത്തേക്കാള്‍ പത്തുശതമാനവും ചെവലുകുറഞ്ഞ നിക്ഷേപസമാഹരണത്തില്‍ 30 ശതമാനവും കുറവ് രേഖപ്പെടുത്തി. എച്ച് എസ് നായര്‍, പി സി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ ബാങ്കിന്റെ മൊത്തം ഓഹരി വിഹിതം 18 കോടി രൂപയാണ്. മൂലധന പര്യാപ്തത കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.68ശതമാനം ആയിരുന്നത് ഇപ്പോള്‍ മൂന്നു ശതമാനമായി കുറഞ്ഞു. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരം ഇത് നാലു ശതമാനമെങ്കിലും ഉണ്ടാവണം. ബാങ്കിന്റെ നഷ്ടം ഇനിയും കൂടിയാല്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം നഷ്ടപ്പെടും. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതോടെ ബാങ്കിന്റെ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കാനിടയായി. വായ്പ നല്‍കാതെയും കുടിശ്ശിക പിരിച്ചെടുക്കാതെയുമാണ് ബാങ്ക് കടക്കെണിയിലായത്. ബാങ്കിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന അവസ്ഥ ഇതിനുമുമ്പുണ്ടായത് മുന്‍ യുഡിഎഫ് ഭരണകാലത്താണ്. ഇപ്പോഴത്തെ സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ 2006ല്‍ പ്രസിഡന്റ്സ്ഥാനം ഒഴിയുമ്പോള്‍ ബാങ്ക് 5.7 കോടി രൂപ നഷ്ടത്തിലായിരുന്നു. എന്നാല്‍, തുടര്‍ന്ന് എല്‍ഡിഎഫ് ഭരണത്തില്‍ 18 കോടി ലാഭത്തിലാക്കി.
(വി എം രാധാകൃഷ്ണന്‍)

deshabhimani 111212

1 comment:

  1. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന് കനത്ത നഷ്ടം. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടശേഷം കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 19.7 കോടി രൂപ നഷ്ടമുണ്ടായതായി നബാര്‍ഡ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണസമിതി പിരിച്ചുവിടുമ്പോള്‍ എട്ടുകോടി രൂപ ലാഭത്തിലായിരുന്നു. ലാഭം തട്ടിക്കിഴിച്ചുള്ള ഇപ്പോഴത്തെ സഞ്ചിതനഷ്ടം 11.7 കോടി രൂപയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ബാങ്കിന്റെ മൂലധനപര്യാപ്തത കുറഞ്ഞ് റിസര്‍വ് ബാങ്കിന്റ അംഗീകാരംപോലും നഷ്ടപ്പെടാനിടയാകുമെന്ന് ബാങ്കിങ്വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

    ReplyDelete