Monday, December 10, 2012

മുളങ്കുന്നത്തുകാവില്‍ നശിപ്പിക്കാന്‍ വച്ച 200 ചാക്ക് അരി കണ്ടെത്തി


എഫ്സിഐ ഗോഡൗണില്‍ എംഎല്‍എമാരുടെ പരിശോധന

തൃശൂര്‍: മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ കത്തിച്ചുകളയാന്‍ ഇനിയും അരി സൂക്ഷിച്ചുവച്ചിരിക്കുന്നത് എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് എംഎല്‍എമാരായ ബാബു എം പാലിശേരി, കെ വി അബ്ദുള്‍ഖാദര്‍, ടി വി രാജേഷ്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ഗോഡൗണ്‍ സന്ദര്‍ശിക്കാനെത്തിയത്. സെക്യൂരിറ്റിക്കാര്‍ എംഎല്‍എമാരെ അരമണിക്കൂറിലേറെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തിയത് സംഘര്‍ഷത്തിനിടയാക്കി. അരി നശിപ്പിച്ചത് അടുത്ത നിയമസഭായോഗത്തില്‍ ഉന്നയിക്കുമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എംഎല്‍എമാര്‍ പറഞ്ഞു.

എഫ്സിഐ ഗോഡൗണില്‍ സൂക്ഷിച്ച 1500 ടണ്‍ അരി കത്തിച്ചത് "ദേശാഭിമാനി" റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച പകല്‍ രണ്ടരയോടെ എംഎല്‍എമാര്‍ ഗോഡൗണ്‍ സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍, അകത്തേക്ക് കടത്തരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടെന്ന് ഇവര്‍ എംഎല്‍എമാരോട് പറഞ്ഞു. അരി കൂട്ടിയിട്ട് കത്തിച്ച സംഭവം പുറത്തുവന്നതോടെ നൂറുകണക്കിനാളുകള്‍ ഗോഡൗണിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. എംഎല്‍എമാരെ കടത്തിവിടാത്തതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഗോഡൗണ്‍ ജനറല്‍ മാനേജരുമായി എംഎല്‍എമാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. തങ്ങളെ കടത്തിവിടാത്തത് അവകാശലംഘനമാകുമെന്ന് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെത്തി ഗേറ്റ് തുറന്നത്. മാധ്യമപ്രവര്‍ത്തകര്‍ കടക്കുന്നത് തടഞ്ഞു. പ്രതിഷേധം ഉയര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകരേയും കടത്തിവിട്ടു.

ഗോഡൗണ്‍ വളപ്പില്‍ പലയിടങ്ങളില്‍ കുഴിയെടുത്ത് അരിയും ഗോതമ്പും കത്തിച്ചുകളഞ്ഞത് എംഎല്‍എമാര്‍ പരിശോധനയില്‍ കണ്ടു. കോമ്പൗണ്ടില്‍ പിന്‍വശത്തെ ഗോഡൗണില്‍ ഇനിയും കത്തിക്കാനായി 200ല്‍പ്പരം അരിച്ചാക്കുകള്‍ കൂട്ടിയിട്ടതും എംഎല്‍എമാര്‍ കണ്ടെത്തി. കത്തിക്കാന്‍ കൂട്ടിയിട്ടിരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ചു. എംഎല്‍എമാര്‍ എത്തുന്നതിനുമുമ്പുതന്നെ ഗോഡൗണുകള്‍ പൂട്ടിയിരുന്നു. ഇത് തുറക്കുന്നതിന് ഉന്നതങ്ങളില്‍നിന്നുള്ള അനുമതി വേണമെന്നായിരുന്നു ഡിപ്പോ മാനേജരുടെ വിശദീകരണം. അരിനശിപ്പിച്ചത് ക്രിമിനല്‍കുറ്റമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അരിക്ക് വിലകൂടുമ്പോഴാണ് ഗോഡൗണുകളില്‍ കൂട്ടിയിട്ട് നശിപ്പിച്ചത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് എഫ്സിഐ ഗോഡൗണില്‍നിന്ന് അരിവിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ മറ്റ് എഫ്സിഐ ഗോഡൗണുകളും പരിശോധിക്കാന്‍ നടപടി വേണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എഫ്സിഐ വളപ്പില്‍ ധാന്യങ്ങള്‍ നശിപ്പിച്ച വാര്‍ത്ത പുറത്തുവന്നതിന്റെ പേരില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കി.

deshabhimani 101212

1 comment:

  1. മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ കത്തിച്ചുകളയാന്‍ ഇനിയും അരി സൂക്ഷിച്ചുവച്ചിരിക്കുന്നത് എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് എംഎല്‍എമാരായ ബാബു എം പാലിശേരി, കെ വി അബ്ദുള്‍ഖാദര്‍, ടി വി രാജേഷ്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ഗോഡൗണ്‍ സന്ദര്‍ശിക്കാനെത്തിയത്. സെക്യൂരിറ്റിക്കാര്‍ എംഎല്‍എമാരെ അരമണിക്കൂറിലേറെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തിയത് സംഘര്‍ഷത്തിനിടയാക്കി. അരി നശിപ്പിച്ചത് അടുത്ത നിയമസഭായോഗത്തില്‍ ഉന്നയിക്കുമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എംഎല്‍എമാര്‍ പറഞ്ഞു.

    ReplyDelete