Monday, December 10, 2012
എല്ലാ സംസ്ഥാനങ്ങളെയും ഉണര്‍ത്താന്‍ സിപിഐ എം അഖിലേന്ത്യാ ജാഥകള്‍
മാര്‍ച്ചില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജാഥകള്‍ സിപിഐ എമ്മിന്റെ വളര്‍ച്ചയുടെയും പോരാട്ടങ്ങളുടെയും ചരിത്രത്തില്‍ നാഴികക്കല്ലാകും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് അഖിലേന്ത്യാ നേതാക്കള്‍ നയിക്കുന്ന ജാഥകള്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയബദല്‍ ജനങ്ങളോട് വിശദീകരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നാലോ അഞ്ചോ ജാഥകള്‍ ഡല്‍ഹിയിലേക്ക് നീങ്ങും. മാര്‍ച്ച് ഒടുവില്‍ ഡല്‍ഹിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി നടക്കും. സിപിഐ എം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ആദ്യ ജാഥയാണിത്. ഇന്തോ- അമേരിക്ക ആണവകരാറിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും നയിച്ച രണ്ടു തീരദേശജാഥകള്‍ നടത്തിയിരുന്നു. തെക്കേ ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന ജാഥയായിരിക്കും ഏറ്റവും ദൈര്‍ഘ്യമേറിയത്. കശ്മീരില്‍നിന്നുള്ള വടക്കന്‍ ജാഥയ്ക്ക് ദൈര്‍ഘ്യം കുറവായിരിക്കും. കിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്നും പടിഞ്ഞാറുനിന്നും ഓരോ ജാഥ ഡല്‍ഹിക്ക് നീങ്ങും. പ്രധാന ജാഥയില്‍ ചേരാനായി പ്രാദേശികതലത്തിലും ജാഥകളുണ്ടാകും. എല്ലാ ജാഥകളും മാര്‍ച്ച് അവസാനം ഡല്‍ഹിയില്‍ സമാപിക്കും. ജാഥയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വീഡിയോകളും മറ്റും ജനങ്ങള്‍ക്ക് വിതരണംചെയ്യും. ജാഥ റൂട്ട്,നയിക്കുന്ന നേതാക്കള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ജനുവരി 17 മുതല്‍ 19 വരെ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.
ഈയിടെ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും നടത്തിയ പ്രക്ഷോഭങ്ങളിലെ വന്‍ ജനപങ്കാളിത്തമാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ജാഥ നയിക്കാന്‍ പ്രേരണയായതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയും വിലവര്‍ധന, ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം എന്നിവയ്ക്കെതിരെയും നടത്തിയ സമരങ്ങളില്‍ രാജ്യമൊട്ടുക്ക് വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്. കേരളത്തിലും രാജസ്ഥാനിലും ഹരിയാനയിലും മറ്റും പ്രാദേശിക സമരങ്ങളിലും വന്‍ പങ്കാളിത്തമുണ്ടായി. ഈ ജനകീയപ്രതിഷേധവും രോഷവും ദേശീയാടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുകയാണ് സിപിഐ എം ലക്ഷ്യമാക്കുന്നത്. ബൂര്‍ഷ്വാ- ഭൂപ്രഭു നയത്തിന് ബദലായി രാജ്യത്ത് ഇടത് ജനാധിപത്യബദല്‍ ഉയര്‍ത്തിക്കാട്ടുകയാണ് അഖിലേന്ത്യാ ജാഥയുടെ ലക്ഷ്യം. ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇടതുപക്ഷരാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതും ലക്ഷ്യമാണ്. ഈ ജാഥയുടെ വിജയം വരുംകാലങ്ങളിലെ പ്രക്ഷോഭങ്ങളിലും പ്രതിഫലിപ്പിക്കുമെന്നും എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.
(വി ബി പരമേശ്വരന്‍)
deshabhimani 101212
Labels:
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment