Sunday, December 9, 2012

അരി വില 48


സംസ്ഥാനത്ത് അരി വില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 48 രൂപയായി. 2010 ല്‍ 16 മുതല്‍ 22 വരെയാണ് അരി വിപണിയിലെ നിലവാരം. ഇന്നിപ്പോള്‍ തിരുവല്ല മേഖലയില്‍ 44 മുതല്‍ 48 രൂപവരെയെത്തി. ചില ഗ്രാമീണ പ്രദേശങ്ങളില്‍ 44ന് കിട്ടുന്ന അരി സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെത്തുമ്പോള്‍ 48 വരെയാകും. ഇത് ഇടത്തരം അരിയുടെ വിലയാണിത്. നല്ല കുത്തരി വിപണിയില്‍ കിട്ടാനുമില്ല.

തെക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന സുരേഖ, ജയ അരിക്ക് വില കുതിക്കുകയാണ്. ദിവസേന വര്‍ധന. സംസ്ഥാനത്തേക്ക് മട്ട അരിവരവ് നിലച്ച മട്ടാണ്. ക്രാന്തി, ചെറുമണി അരിയിനങ്ങളുടെ വരവും കുറഞ്ഞു. അസാധരണ വിലക്കയറ്റം ഉണ്ടായതോടെ അരി കിട്ടാനുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ മുതല്‍ പൊതുവിതരണരംഗം നേരിടുന്ന തകര്‍ച്ചയും കെടുകാര്യസ്ഥതയുമാണ് വിലക്കയറ്റത്തിന് മുഖ്യകാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഗോഡൗണുകളില്‍ നിന്നും അരിനീക്കം കുറഞ്ഞതും മാവേലി സ്റ്റോറുകള്‍ നിര്‍ജീവമായതും അരിവില കുതിക്കാന്‍ കാരണമായി.

മാവേലി സ്റ്റോറുകളുടെ ദുരവസ്ഥ പൊതുവിപണിയിലെ പലവ്യഞ്ജനവിലയേയും ബാധിച്ചു. വില അടിക്കടി ഉയര്‍ന്നതോടെ ഹോട്ടലുകളും ഭക്ഷണവില കൂട്ടി. ഊണിന് 10 രൂപ വരെയാണ് ചില ഹോട്ടലുകളില്‍ വര്‍ധിപ്പിച്ചത്. ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും രൂക്ഷമായ വരള്‍ച്ചയും വൈദ്യുതി പ്രതിസന്ധിയുമാണ് അരി വില ഉയരാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നതെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ അരിവില ഉയരാത്തത് സര്‍ക്കാര്‍ വാദം ദുര്‍ബലമാക്കുന്നു. ഉപഭോക്താക്കള്‍ക്കുള്ള റേഷന്‍സബ്സിഡി ബാങ്കു വഴി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ സമരത്തിലാണ്. ഇതും വിപണിയിലെ അരി ലഭ്യതയെ ബാധിച്ചു. ഓണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി പോലും ഏറ്റെടുത്ത് വിതരണം ചെയ്യാത്ത സര്‍ക്കാരാണ് കേരളത്തിലെന്നും ഉദ്യോഗസ്ഥ പരിശോധന പ്രഹസനമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായെന്നും ഒരു റേഷന്‍ വ്യാപാരി സംഘടനാ നേതാവ് ദേശാഭിമാനിയോട് പറഞ്ഞു.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സപ്ലൈകോ ഏറ്റെടുത്ത് അരിയാക്കാന്‍ തുടങ്ങിയതോടെ കേരളത്തിലെ അരിമില്ലുകളില്‍ നെല്ല് സ്റ്റോക്കില്ലെന്ന് റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ കേരളത്തിലെ മാവേലിസ്റ്റോറുകളിലും റേഷന്‍ കടകളിലും അരിയില്ലാതായത് എങ്ങനെയെന്ന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. കേരളത്തിലെ നെല്ലു മുഴുവന്‍ സപ്ലൈകോ ഏറ്റെടുത്ത് അരിയാക്കിയാല്‍ കേരളത്തില്‍ ഇത്ര രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമായിരുന്നില്ലെന്ന് ഒരു വ്യാപാരി പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും ത്രിവേണിയുടെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങളായി മാറ്റി. സബ്സിഡി അരി കിട്ടാതായതോടെ ജനങ്ങള്‍ സമീപത്തെ കുത്തക സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് തിരിയുന്നു. പക്ഷേ കൈപൊള്ളുമെന്നു മാത്രം.

deshabhimani 091212

1 comment:

  1. സംസ്ഥാനത്ത് അരി വില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 48 രൂപയായി. 2010 ല്‍ 16 മുതല്‍ 22 വരെയാണ് അരി വിപണിയിലെ നിലവാരം. ഇന്നിപ്പോള്‍ തിരുവല്ല മേഖലയില്‍ 44 മുതല്‍ 48 രൂപവരെയെത്തി. ചില ഗ്രാമീണ പ്രദേശങ്ങളില്‍ 44ന് കിട്ടുന്ന അരി സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെത്തുമ്പോള്‍ 48 വരെയാകും. ഇത് ഇടത്തരം അരിയുടെ വിലയാണിത്. നല്ല കുത്തരി വിപണിയില്‍ കിട്ടാനുമില്ല.

    ReplyDelete