Sunday, December 9, 2012

സെല്‍വരാജിന്റെ മകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയില്‍ വഴിവിട്ട നിയമനം


കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ആര്‍ സെല്‍വരാജ് എംഎല്‍എയുടെ മകള്‍ക്ക് ജോലി നല്‍കാനായി ദുരന്തനിവാരണ അതോറിറ്റിയിലെ ഡെപ്യൂട്ടി പ്രോഗ്രാം ഓഫീസറുടെ യോഗ്യതാ മാനദണ്ഡം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് തിരുത്തി. കാലുമാറ്റത്തിന് വന്‍ കോഴയും കുടുംബാംഗങ്ങള്‍ക്കെല്ലാം ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ചീഫ് സെക്രട്ടറിയെ മറികടന്ന് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂമന്ത്രി വൈസ് ചെയര്‍മാനുമായുള്ള കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി(കെഎസ്ഡിഎംഎ)യിലാണ് സെല്‍വരാജിന്റെ മകള്‍ ദിവ്യക്ക് നിയമനം നല്‍കാനായി മന്ത്രി നേരിട്ട് ഇടപെട്ട് യോഗ്യതാമാനദണ്ഡങ്ങള്‍ അപ്പാടെ മാറ്റിയത്.

റവന്യൂവകുപ്പിന്റെ കീഴിലുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്. ഈ സമിതി കഴിഞ്ഞ ജൂലൈ 24ന് യോഗം ചേര്‍ന്നാണ് അതോറിറ്റിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നാല് തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ തീരുമാനിച്ചത്. നാല് തസ്തികകളിലേക്ക് വേണ്ട യോഗ്യതയും ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയാണ് നിശ്ചയിച്ചത്. അവയില്‍ രണ്ട് ഡെപ്യൂട്ടി പ്രോഗ്രം ഓഫീസര്‍ തസ്തികകളിലേക്ക് നിശ്ചയിച്ച യോഗ്യതകളാണ് സെല്‍വരാജിന്റെ മകള്‍ ദിവ്യയ്ക്കുവേണ്ടി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഇടപെട്ട് മാറ്റിമറിച്ചത്. അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കേണ്ട ഈ തസ്തികയിലേക്ക് ആദ്യം നിശ്ചയിച്ച യോഗ്യത സോഷ്യല്‍ സയന്‍സ്, ദുരന്തനിവാരണ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും വികസനോന്മുഖ മേഖലയില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയവുമായിരുന്നു. ദുരന്തനിവാരണമേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും യോഗ്യതയായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതി നിശ്ചയിച്ചിരുന്നു.

എന്നാല്‍, എംഎസ്സി മാത്രം യോഗ്യതയുള്ള ദിവ്യക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം പോലുമില്ല. സെല്‍വരാജുമായി ആലോചിച്ചശേഷം നിയമനഫയല്‍ മന്ത്രി അടൂര്‍ പ്രകാശ് മടക്കി വിളിപ്പിക്കുകയായിരുന്നു. യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി ഫയലില്‍ കുറിപ്പ് എഴുതി. മന്ത്രിയുടെ കുറിപ്പിന്റെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബി വത്സലകുമാരി നിയമനയോഗ്യത എംഎസ്സി ഡിസാസ്റ്റര്‍ മാനേജ്മെന്റും പ്രവൃത്തിപരിചയം ആറ് മാസം മാത്രമാക്കിയും വെട്ടിച്ചുരുക്കി. സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു തസ്തികയിലേക്കാണ് കാലുമാറ്റത്തിന് പ്രത്യുപകാരമായി, മന്ത്രി യോഗ്യതാമാനദണ്ഡങ്ങള്‍ അട്ടിമറിച്ചത്. ദിവ്യയുടെ ഭര്‍ത്താവ് ഡേവിഡിനെ കുടുംബശ്രീയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമവിരുദ്ധമായി നിയമിച്ചിരുന്നു. ഒന്നാം റാങ്കുകാരനെ ഒഴിവാക്കി കുടുംബശ്രീയില്‍ സെല്‍വരാജിന്റെ മരുമകനെ നിയമിക്കാന്‍ പുതിയ ഇന്റര്‍വ്യൂ ഉള്‍പ്പെടെ നടത്തിയിരുന്നു.

deshabhimani 091212

1 comment:

  1. കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ആര്‍ സെല്‍വരാജ് എംഎല്‍എയുടെ മകള്‍ക്ക് ജോലി നല്‍കാനായി ദുരന്തനിവാരണ അതോറിറ്റിയിലെ ഡെപ്യൂട്ടി പ്രോഗ്രാം ഓഫീസറുടെ യോഗ്യതാ മാനദണ്ഡം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് തിരുത്തി. കാലുമാറ്റത്തിന് വന്‍ കോഴയും കുടുംബാംഗങ്ങള്‍ക്കെല്ലാം ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ചീഫ് സെക്രട്ടറിയെ മറികടന്ന് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂമന്ത്രി വൈസ് ചെയര്‍മാനുമായുള്ള കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി(കെഎസ്ഡിഎംഎ)യിലാണ് സെല്‍വരാജിന്റെ മകള്‍ ദിവ്യക്ക് നിയമനം നല്‍കാനായി മന്ത്രി നേരിട്ട് ഇടപെട്ട് യോഗ്യതാമാനദണ്ഡങ്ങള്‍ അപ്പാടെ മാറ്റിയത്.

    ReplyDelete