Friday, December 7, 2012

വേജ്ബോര്‍ഡ് സമരം: മാതൃഭൂമിയില്‍ "നാടുകടത്തല്‍"


വേജ്ബോര്‍ഡ് അനുസരിച്ചുള്ള ശമ്പളം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാതൃഭൂമിയില്‍ പ്രതികാര നടപടി തുടങ്ങി. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരെ വെള്ളിയാഴ്ച സ്ഥലം മാറ്റി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സോഷ്യലിസ്റ്റ് നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന എം പി വീരേന്ദ്രകുമാര്‍ സ്വന്തം പത്രത്തില്‍ സ്വീകരിക്കുന്ന നാടുകടത്തല്‍ സമീപനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്.

കോഴിക്കോട് സെന്‍ട്രല്‍ ഡെസ്ക് ന്യൂസ് എഡിറ്റര്‍ പി ആര്‍ പരമേശ്വരന്‍, തൃശൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ എസ് വിപിനചന്ദ്രന്‍, കോഴിക്കോട് സീനിയര്‍ ലൈബ്രേറിയന്‍ സന്തോഷ്കുമാര്‍, ആര്‍ടിസ്റ്റ് പ്രദീപ്, യാത്ര മാഗസിന്‍ സബ്എഡിറ്റര്‍ ശ്രീജിത്ത് എന്നിവരെയാണ് സ്ഥലംമാറ്റിയത്. പരമേശ്വരനെ കോഴിക്കോട്ടുനിന്ന് മുംബൈയിലേക്കും വിപിനചന്ദ്രനെ ബംഗളൂരുവിലേക്കും സന്തോഷ്കുമാറിനെ ഡല്‍ഹിയിലേക്കുമാണ് മാറ്റിയത്. വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നവംബര്‍ 21ന് മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി എന്നീ പത്ര ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കോഴിക്കോട് മാതൃഭൂമി ആസ്ഥാനത്തേക്കുനടന്ന സമരത്തില്‍ പങ്കെടുത്തവരെയാണ് ഇപ്പോള്‍ സ്ഥലംമാറ്റിയത്. മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ മാനേജ്മെന്റ് നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ചിലരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു.

തൃശൂര്‍ സീനിയര്‍ സബ്എഡിറ്റര്‍ വില്‍സണ്‍ വര്‍ഗീസിനെ ഡല്‍ഹിയിലേക്കും കോഴിക്കോട് എന്‍ആര്‍ഐ ഡെസ്ക് സബ്എഡിറ്റര്‍ കെ ആര്‍ ബൈജുവിനെ ബംഗളൂരുവിലേക്കും മാറ്റി. മുംബൈ ലേഖകന്‍ സി കെ സന്തോഷിന് കൊല്‍ക്കത്തയിലേക്കും കൊല്ലം യൂണിറ്റിലെ സിനിയര്‍ സബ്എഡിറ്റര്‍ ടി എസ് കാര്‍ത്തികേയനെ മുംബൈയിലേക്കുമാണ് മാറ്റിയത്. മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍സെക്രട്ടറി മലപ്പുറം യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സി നാരായണനെ ഡെസ്കിലേക്ക് മാറ്റി.

deshabhimani 081212

2 comments:

  1. വേജ്ബോര്‍ഡ് അനുസരിച്ചുള്ള ശമ്പളം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാതൃഭൂമിയില്‍ പ്രതികാര നടപടി തുടങ്ങി. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരെ വെള്ളിയാഴ്ച സ്ഥലം മാറ്റി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സോഷ്യലിസ്റ്റ് നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന എം പി വീരേന്ദ്രകുമാര്‍ സ്വന്തം പത്രത്തില്‍ സ്വീകരിക്കുന്ന നാടുകടത്തല്‍ സമീപനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്.

    ReplyDelete
  2. വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലംമാറ്റം തുടരുന്നു. കഴിഞ്ഞദിവസം അഞ്ചുപേര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനുപിന്നാലെ ശനിയാഴ്ച നാലുപേരെകൂടി മാറ്റി. നാല്‍പ്പതോളംപേരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റാനാണ് തീരുമാനം എന്ന് അറിയുന്നു. കണ്ണൂര്‍ യൂണിറ്റിലെ ലൈബ്രേറിയന്‍ വിജേഷിനെ ഡല്‍ഹിയിലേക്കും മലപ്പുറം യൂണിറ്റിലെ വിമല്‍ കോട്ടക്കലിനെ മംഗളൂരു ബ്യൂറോയിലേക്കും നാടുകടത്തി. കോഴിക്കോട്ടെ ലൈബ്രേറിയന്‍ സജീഷിനെ തിരുവനന്തപുരത്തേക്കും മാറ്റി. വെള്ളിയാഴ്ച രണ്ട് ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരുന്നു. ഇതില്‍ മൂന്നുപേരെ സംസ്ഥാനത്തിന് പുറത്തേക്കാണ് മാറ്റിയത്. നവംബര്‍ 21ന് കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയനും സംയുക്തമായി കേരളത്തിലെ മൂന്ന് പ്രമുഖ മാധ്യമസ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കോഴിക്കോട് മാതൃഭൂമി, തിരുവനന്തപുരം കേരള കൗമുദി, കോട്ടയത്ത് മലയാളമനോരമ എന്നിവിടങ്ങളിലേക്കായിരുന്നു മാര്‍ച്ച്. ഇതില്‍ കോഴിക്കോട്ട് പങ്കെടുത്തവരുടെ ചിത്രങ്ങള്‍ മാതൃഭൂമി ടിവി ചാനല്‍ പകര്‍ത്തിയിരുന്നു. ഇത് പരിശോധിച്ചാണ് സ്ഥലം മാറ്റനടപടി.

    ReplyDelete