Sunday, December 9, 2012

ഭൂമി ഏറ്റെടുക്കല്‍: എതിര്‍പ്പുകള്‍ മറികടക്കാന്‍ നിയമം വരുന്നു


അടിസ്ഥാനസൗകര്യ വികസനത്തിന് പൊതുജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ഉണ്ടാകാവുന്ന ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ മറികടക്കാനുള്ള വ്യവസ്ഥകളോടെ പുതിയ നിയമം വരുന്നു. മൂന്നുദിവസമായി കൊച്ചിയില്‍ നടന്ന ഇന്‍ഫ്രാസ്ക്ചര്‍ കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ ഭാഗമായാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഫറന്‍സിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഒറ്റപ്പെട്ട എതിര്‍പ്പുകള്‍മൂലം വികസനപദ്ധതികള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ടാകുമെന്നു പറഞ്ഞ മന്ത്രി കണ്ണൂരിലെ മൊയ്തു പാലത്തിന്റെയും കൊച്ചിയിലെ കലൂര്‍-കടവന്ത്ര റോഡിന്റെയും നിര്‍മാണത്തിലുണ്ടായ തടസ്സങ്ങള്‍ ഉദാഹരിച്ചു. ഒരു ഭൂവുടമയുടെ എതിര്‍പ്പാണ് രണ്ടിടത്തും നിര്‍മാണം തടസ്സപ്പെട്ടത്. മൊയ്തു പാലം നിര്‍മാണത്തിലെ എതിര്‍പ്പ് നീങ്ങിയിട്ടില്ല. എന്നാല്‍ പാലംനിര്‍മാണം ആരംഭിച്ചു. ഇത്തരം ഒറ്റപ്പെട്ട തടസ്സവാദങ്ങളെ മറികടക്കാന്‍ നിയമനിര്‍മാണത്തിലൂടെ കഴിയും. അനാവശ്യമായ കോടതിവ്യവഹാരങ്ങള്‍ ഒഴിവാക്കാന്‍ വ്യവസ്ഥചെയ്യും. ഇത്തരം പരാതികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. ഇത്തരം നിയമം മറ്റു സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.

അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ വിവിധ വകുപ്പുകളാണ് നിലവില്‍ കൈകാര്യം ചെയ്യുന്നത്. അതിനു പകരം ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും പുനരധിവാസവുംമുതല്‍ നിര്‍മാണനിര്‍വഹണംവരെയുള്ള കാര്യങ്ങള്‍ ഒരു വകുപ്പിനു കീഴിലാക്കലാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സിലെ വിവിധ ചര്‍ച്ചകളില്‍ ഉന്നയിച്ച പ്രധാന ആവശ്യമാണിത്. നിയമം വരുന്നതോടെ ഇതിനു ചുമതലപ്പെട്ട വകുപ്പ് കൈക്കൊള്ളുന്ന നടപടികള്‍ക്ക് നിയമപരിരക്ഷ ലഭിക്കും. ഏറ്റവും വേഗത്തില്‍ കാര്യക്ഷമമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍കഴിയും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പകരം ഭൂമിയില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇളവു നല്‍കും. ഈ അവകാശം മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള അധികാരവും ഭൂവുടമയ്ക്കു നല്‍കും. റോഡ്-റെയില്‍-ജല-വ്യോമ ഗതാഗതങ്ങളെ സംയോജിപ്പിക്കുന്ന പദ്ധതി സാധ്യമായിടത്തെല്ലാം നടപ്പാക്കും. പാലം നിര്‍മാണത്തില്‍ പ്രി ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യ പ്രചാരത്തില്‍ കൊണ്ടുവരും. ആലപ്പുഴ തൈക്കാട്ടുശേരി പാലം ഈ രീതിയില്‍ നിര്‍മിക്കും. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 10,700 കോടിയുടെ പദ്ധതികള്‍ പൊതുമരാമത്തു വകുപ്പിനു കീഴില്‍ നടപ്പാക്കും. കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍, കെഎസ്ടിപി രണ്ടാം ഘട്ട നിര്‍മാണം, സംസ്ഥാന റോഡ്വികസന പദ്ധതി എന്നിവയാണ് ഈ നിര്‍മാണങ്ങള്‍. ഇ ശ്രീധരന്റെ അസൗകര്യംമൂലമാണ് അദ്ദേഹത്തെ കോണ്‍ഫറന്‍സില്‍നിന്ന് ഒഴിവാക്കിയത്. 11ന് തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കുമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ചീഫ് എന്‍ജിനിയര്‍ എം പെണ്ണമ്മ, ആര്‍ബിഡിസികെ എംഡി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 091212

1 comment:

  1. അടിസ്ഥാനസൗകര്യ വികസനത്തിന് പൊതുജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ഉണ്ടാകാവുന്ന ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ മറികടക്കാനുള്ള വ്യവസ്ഥകളോടെ പുതിയ നിയമം വരുന്നു. മൂന്നുദിവസമായി കൊച്ചിയില്‍ നടന്ന ഇന്‍ഫ്രാസ്ക്ചര്‍ കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ ഭാഗമായാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഫറന്‍സിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete