Monday, December 10, 2012

പവനായി വീണ്ടും ശവമായി


മുല്ലപ്പെരിയാര്‍ സമരത്തില്‍ തട്ടിവീണ പരിസ്ഥിതി നേതാവിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമം വീണ്ടും പാളിയിട്ടും പാഠം പഠിച്ചിട്ടില്ലെന്നുവേണം കരുതാന്‍. നിരവധി പാഠം പഠിപ്പിച്ചിട്ടുള്ള സാറാണെങ്കിലും പൊതുസമൂഹത്തിന്റെ ജീവിതപാഠം ഇപ്പോഴും അറിയില്ല. മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഉച്ചസ്ഥായിയിലാണ് പരിസ്ഥിതിനേതാവ് പൊടുന്നനെ മലക്കംമറിഞ്ഞത്. പിന്നീട് റബറിന്റെ സ്വന്തം നാട്ടിലേക്ക് പെട്ടെന്ന് ഊളിയിടേണ്ടിവന്നു. ഒടുവില്‍ ഗാഡ്ഗിലില്‍ പിടിച്ചുയരാമെന്ന പ്രതീക്ഷയും പൊലിഞ്ഞു.

വര്‍ഷങ്ങളായി നടക്കുന്ന മുല്ലപ്പെരിയാര്‍ സമരത്തിന്റെ മുഖ്യധാരയില്‍നിന്ന് എന്തെല്ലാം വീരഗാഥകളായിരുന്നു മുഴക്കിയത്. നാടോടിക്കാറ്റിലെ ക്യാപ്ടന്‍ രാജു വേഷമിട്ട പവനായിയെ ഓര്‍മിപ്പിക്കുംവിധമായിരുന്നു കാര്യങ്ങള്‍. പുതിയഡാം, പുതിയ കരാര്‍, അതിനായി സെക്രട്ടറിയറ്റ് മാര്‍ച്ച്, അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചശേഷം ഒന്നുറങ്ങി എഴുന്നേല്‍ക്കുന്നതിനുമുമ്പായിരുന്നു റിവേഴ്സ് ഗിയറിട്ടത്. ഒടുവില്‍ പവനായി ശവമാവുകയായിരുന്നു.

ഒളിവിലായിരുന്ന സമയമത്രയും നാടിന്റെ സ്പന്ദനം അനുസരിച്ച് പരിസ്ഥിതിക്കായി നേതാവിന്റെ മനസ്സും സ്പന്ദിച്ചുകൊണ്ടേയിരുന്നു. അങ്കത്തിനിറങ്ങാന്‍ ഇനിയും രണ്ടാംബാല്യം ബാക്കിയെന്ന ഊറ്റത്തോടെയാണ് ഗോദയിലിറങ്ങിയത്. മലയോരത്തിപ്പോള്‍ കത്തിനില്‍ക്കുന്നത് ഗാഡ്ഗില്‍ പ്രശ്നം തന്നെ. ജില്ലയിലെ ഭൂരിപക്ഷം നിവാസികളും നേതാക്കളും സംഘടനകളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറയുമ്പോഴാണ് വേറിട്ട ശബ്ദവുമായി പരിസ്ഥിതിനേതാവ് രംഗപ്രവേശം ചെയ്യുന്ന്. സമൂഹത്തിന്റെ വഴിപിഴച്ച പോക്കിനെതിരെ പ്രതികരിക്കുന്ന ക്ഷുഭിതയൗവനം പോലെ ഈ പരിസ്ഥിതി നേതാവിന്റെ ക്ഷുഭിത മനസ്സ് പ്രതികരിക്കാന്‍ ശ്രമിച്ചതാണ് കട്ടപ്പനയില്‍ കൈയാങ്കളിയിലെത്തിയത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരുടെ യോഗം ട്രൈബല്‍ സ്കൂളില്‍ വിളിച്ചായിരുന്നു ആദ്യപ്രതികരണം. താന്‍ മയക്കത്തിലല്ല, സക്രിയമായിതന്നെ ഉണ്ടെന്നറിയിക്കാന്‍ ആദ്യഘടിതം പത്രസ്ഥാപനങ്ങളില്‍ നല്‍കി. ഉച്ചയ്ക്ക് വിളിച്ച യോഗത്തിന് നേതാവ് നേരത്തെ എത്തിയെങ്കിലും ഗാഡ്ഗില്‍ അനുകൂലികളെ അകലെത്തെങ്ങും കണ്ടില്ല. യോഗം പിരിച്ചുവിടാന്‍ ആരുംതന്നെ എത്താതിരുന്ന സാഹചര്യത്തില്‍ നേതാവ് സ്വയംപിരിഞ്ഞുപോകാനുറച്ചിരിക്കുമ്പോഴാണ് പുറത്ത് ആരവം മുഴങ്ങിയത്. പരിസ്ഥിതി നേതാവിന് സന്തോഷമായി. പ്രതീക്ഷിച്ചപോലെയല്ല. കട്ടപ്പനയിലും പത്ത് വിവരമുള്ളവര്‍ ഉണ്ടെന്ന് ധരിച്ച് ആത്മസംതൃപ്തി പൂകവെയാണ് ആളുകളുടെ മട്ടുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരാണ് യോഗസ്ഥലത്തെത്തി നേതാവിന്റെ പരിസ്ഥിതിബോധത്തെ ചോദ്യംചെയ്തത്. യോഗം ചേരണമെന്ന് ആവശ്യപ്പെട്ട അണികളോട് യോഗം കഴിഞ്ഞെന്ന് നേതാവ് മറുപടി നല്‍കി. യോഗം ചേര്‍ന്നേ തങ്ങള്‍ പോവുകയുള്ളൂ എന്ന് ശാഠ്യം പിടിച്ചവരുടെ മുമ്പില്‍ കുറെനേരം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ പിടിവിട്ടുപോയി. ശാരീരികമായി തൊട്ടുകളിയുണ്ടാകുമെന്ന സ്ഥിതിവന്നപ്പോള്‍ രക്ഷപ്പെടാന്‍ ഉപായം തേടിയത് നൊടിയിടകൊണ്ടാണ്. യോഗസ്ഥലത്തിന് സമീപം പിഎസ്സി പരീക്ഷ നടക്കുന്നുണ്ടായിരുന്നതുകൊണ്ട് അല്‍പം ആശ്വാസമായി. അവിടേക്ക് ഓടിക്കയറി തല്‍ക്കാലം രക്ഷനേടി. പിന്നെ വൈകാതെ ബന്ധുക്കളെത്തി രക്ഷപ്പെടുത്തി.

നാടിന്റെ നന്മയ്ക്കായി ഇനിയും ഏറെ കര്‍മങ്ങള്‍ പിന്നിടേണ്ടതായ വ്യക്തിത്വത്തെ സമൂഹത്തിന് ആവശ്യമില്ലെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് അനിവാര്യമാണ്. അപ്പോള്‍ ആശ്വസിക്കാന്‍ ചങ്ങമ്പുഴയുടെ കാവ്യശകലം ഓര്‍മയില്‍വന്നു. "ആത്മാര്‍ത്ഥഹൃദയം ഉള്ളതുകൊണ്ടാണെന്‍ പരാജയം" തല്‍ക്കാലം ആശ്വാസമായി. മാസങ്ങള്‍ക്കുമുമ്പ് കോട്ടയത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലും അരങ്ങേറിയത് ഇതിന് സമാനമായ സംഭവങ്ങളാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ മുന്‍നിര്‍ത്തി വിളിച്ച യോഗവും കൈയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ യോഗം പിരിച്ചുവിടേണ്ടിവന്നില്ല. നാടിനെയും പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന പാവം പരിസ്ഥിതിക്കാരന്റെ മനസ്സ് ആരറിയാന്‍. യഥാര്‍ത്ഥത്തില്‍ കുടലോ, ഹൃദയമോ കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്ന ജനത്തിന്റെ നാട്ടില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് നേതാവ് സ്വയം ആശ്വസിക്കുന്നത്.

*

സത്യം തെളിയിക്കാന്‍ വനപാലകര്‍ പ്രതിയെ വിരട്ടിയത് ഒടുവില്‍ പുലിവാലായി. മറയൂര്‍ വണ്ണാന്തുറ ചന്ദനറിസര്‍വില്‍ നിന്നും പിടിക്കപ്പെട്ട പ്രതിയില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു വനപാലകരുടെ ലക്ഷ്യം. കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞില്ലെങ്കില്‍ നിന്നെ ശരിപ്പെടുത്തുമെന്നും മറ്റുള്ളവരെ ഞങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും വനപാലകര്‍ തട്ടിവിട്ടു. പിടിക്കപ്പെട്ട പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കടുവായെ കിടുവ പിടിച്ച സ്ഥിതിയുണ്ടായത്. തന്റെ കൂട്ടത്തിലുള്ള രണ്ടുപേരെ വെടിവെച്ചുകൊന്നതായി വനപാലകര്‍ പറഞ്ഞെന്നും അവരെ കാണാനില്ലെന്നും പ്രതി മജിസ്ട്രേറ്റിന് മൊഴിനല്‍കി. ഉടന്‍ ന്യായാധിപന്‍ അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇനി എന്തുചെയ്യണമെന്നറിയാതെ മനോനില തെറ്റിയലയുകയാണ് വനപാലകര്‍.

മന്ത്രി, മഹാ മാന്ത്രികന്‍

ഡിസംബര്‍ ആറ്. അത് 1992 ആയാലും 2012 ആയാലും മുനിയ്ക്ക് മറക്കാന്‍ പറ്റില്ല. ബാബ്റി മസ്ജിദ് തകര്‍ന്ന ദുഃഖമാണ് 1992. എന്നാല്‍ 2012 സന്തോഷത്തിന്റേതാണ്. കാരണം ഒരു മന്ത്രി മാന്ത്രികനായി അവതരിച്ചിരിക്കുന്നു. ലോകത്തുതന്നെ ആദ്യമാണത്രെ. അദ്ദേഹം മാന്ത്രികവടി ചുഴറ്റി തേനും പാലും മാത്രമല്ല അരിയും "വാട്ടീസും" ഒഴുക്കട്ടേ. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ മലപ്പുറത്തുകാര്‍ക്ക് അതൊരു ആശ്വാസമാകട്ടെ. മഹാനായ പിതാവിന്റെ വിനീതവിധേയനായ മകന്‍. അദ്ദേഹം സര്‍വകലാവല്ലഭനത്രെ. ഡോക്ടറാണ്, പാട്ടുകാരനാണ്, ചിത്രകാരനാണ്, എംഎല്‍എയാണ്, മന്ത്രിയാണ്. ദാ... ഇപ്പോള്‍ മാന്ത്രികനുമായി. മുനിക്ക് പെരുത്ത സന്തോഷംതന്നെ.

അരിക്കും ഉപ്പിനും മുളകിനുമൊക്കെ വില കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂപ്പര് ചിത്രംവരച്ചും മാജിക്കുകളിച്ചും നടക്കുകയാണെന്ന് പാര്‍ടിയിലെ ദോഷൈകദൃക്കുകളായ കുഞ്ഞാപ്പമാര്‍ പറയും. അതൊന്നും കാര്യമാക്കേണ്ട. ഓരോരുത്തര്‍ക്ക് അറിയുന്ന പണിയല്ലേ ചെയ്യാനാകൂ. ലോകത്തെ വിസ്മയിപ്പിച്ച മാന്ത്രികര്‍ ഏറെയുണ്ട്. ഡാരി ഹൗഡിനിയും പി സി സര്‍ക്കാരും പ്രൊഫ. വാഴക്കുന്നും ആര്‍ കെ മലയത്തുമൊക്കെ ഈ രംഗത്ത് പേരുകേട്ടവരാണ്. പുതിയ തലമുറയില്‍ പരീക്ഷണങ്ങളിലൂടെ ഇന്ദ്രജാലത്തിന്റെ ആകാശ സാധ്യതകള്‍ കണ്ടെത്തിയ ഗോപിനാഥ് മുതുകാടുമുണ്ട്. ഇവരുടെയൊക്കെ പിന്‍ഗാമിയായി മന്ത്രി മാന്ത്രികന്‍ അവതരിച്ചിരിക്കുന്നു. പരിശീലകന്‍ സാക്ഷാല്‍ മുതുകാടുതന്നെ. ഒന്നരമാസത്തെ പരിശീലനത്തിനുശേഷമാണ് മലപ്പുറത്തുകാര്‍ കോരിത്തരിപ്പിക്കുന്ന രക്ഷപ്പെടല്‍ ജാലവിദ്യ കണ്ടത്.

ഒന്നരമാസമായി ഈ മന്ത്രിക്ക് പണിയൊന്നുമില്ലേയെന്ന് ചോദിക്കരുത്. നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി, മന്ത്രിയെ ചങ്ങലക്കെട്ടില്‍ ആമത്താഴിട്ടാണ് പൂട്ടിയത്. കഴുത്തിലും കാലിലും ചങ്ങല. പാര്‍ടിയില്‍ തന്റെ അവസ്ഥ അറിയാവുന്നതുകൊണ്ട് മന്ത്രി പതറിയില്ല. ചങ്ങലയും പൂട്ടുമായി വന്ന എല്ലാവരെയും മന്ത്രിക്ക് വിശ്വാസം പോരായിരുന്നു. പലരും കുഞ്ഞാപ്പയുടെ ലോഹ്യക്കാരാണ്. അവരെന്തെങ്കിലും പണി ഒപ്പിച്ചാല്‍ കുടുങ്ങിയതുതന്നെ. പക്ഷേ, ചങ്ങലപൊട്ടിച്ച്, പൂട്ടുപൊളിച്ച്, ട്രേഡ്മാര്‍ക്കായ പാല്‍പുഞ്ചിരിതൂകി മന്ത്രി പുറത്തുവന്നു. മുനിയ്ക്ക് അതില്‍ അത്ഭുതമൊന്നും തോന്നിയില്ല. മുതുകാടിനെ വെല്ലുന്ന മാജിക്ക് നമ്മുടെ മന്ത്രിക്കറിയാം. വീരശൂരപരാക്രമിയായ കുഞ്ഞാപ്പക്കറിയാം അതിന്റെ ശക്തി. ഐസ്ക്രീമില്‍ ചാനല്‍വടി വീശിയല്ലേ അദ്ദേഹം മന്ത്രിക്കസേര നേടിയത്. പാവം മുതുകാടുണ്ടോ ഇതുവല്ലതുമറിയുന്നു.

deshabhimani 101212

No comments:

Post a Comment