Sunday, December 9, 2012

എല്‍ഡിഎഫ് കാട്ടിയത് ദേശീയമാതൃക


പട്ടികജാതി കണ്‍വന്‍ഷന്‍ ഇന്നു കൊല്ലത്ത്

കൊല്ലം: പട്ടികജാതി കോളനി അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഞായറാഴ്ച കൊല്ലത്ത് നടക്കും. കന്റോണ്‍മെന്റ് മൈതാനത്തു പ്രത്യേകം തയ്യാറാക്കിയ പി കെ കുഞ്ഞച്ചന്‍ നഗറില്‍ രാവിലെ 10ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. കണ്‍വന്‍ഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 4000 പ്രതിനിധികള്‍ പങ്കെടുക്കും. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ സംസാരിക്കും.

സംസ്ഥാനത്തെ പട്ടികജാതി വിഭാഗം നേരിടുന്ന ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കും. കേരളത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ ഏറെ ബാധിക്കുന്നത് 32 ലക്ഷത്തോളം പട്ടികജാതി വിഭാഗത്തെയാണ്. 1957 മുതലുള്ള ഇടതുപക്ഷസര്‍ക്കാരുകള്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങളില്‍ മാറിവന്ന യുഡിഎഫ് സര്‍ക്കാരുകള്‍ വെള്ളംചേര്‍ത്തതിനാല്‍ പട്ടികജാതി വിഭാഗത്തിന് പൂര്‍ണപ്രയോജനം ലഭിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലയെ തകര്‍ക്കുകയും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ജോലിക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഈ വിഭാഗങ്ങള്‍ക്ക് ഇരുട്ടടിയായി. ഇവര്‍ക്കിടയിലെ സാമ്പത്തികപിന്നോക്കാവസ്ഥയും തൊഴിലില്ലായ്മയും പട്ടിണിയും മുതലാക്കി സ്വത്വവാദക്കാരും തീവ്രവാദികളും മറ്റ് സാമൂഹ്യവിരുദ്ധശക്തികളും പട്ടികജാതിസങ്കേതങ്ങളെ തങ്ങളുടെ ശക്തികേന്ദ്രങ്ങളാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. പട്ടികജാതിക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അവയ്ക്ക് പരിഹാരം കാണാനുമായി സംഘടന രൂപീകരിക്കാനുള്ള തീരുമാനം കണ്‍വന്‍ഷനിലുണ്ടാകും.

എല്‍ഡിഎഫ് കാട്ടിയത് ദേശീയമാതൃക

പട്ടികവിഭാഗക്കാര്‍ക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ദേശീയതലത്തില്‍ത്തന്നെ മാതൃകയായിരുന്നു. പദ്ധതിച്ചെലവുകള്‍ നിര്‍വഹിക്കുന്നതില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പരാതികളും അഴിമതികളും ഇല്ലാതാക്കാനായതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ പട്ടികവിഭാഗ കുടുംബങ്ങള്‍ക്കും സ്വന്തമായ ഭൂമിയും ഭവനവും നല്‍കുന്ന പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി പട്ടികവിഭാഗക്കാര്‍ക്കായി 65,000 വീടാണ് നിര്‍മിച്ചത്. വീട് വയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ ധനസഹായം മൂന്നിരട്ടിയാക്കി. പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമായി കടാശ്വാസപദ്ധതിയും നടപ്പാക്കി. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കിയത് എന്നതും ശ്രദ്ധേയമായി.

വിദ്യാഭ്യാസരംഗത്തും പട്ടികജാതി മേഖലയിലും ഒട്ടേറെ പരിപാടികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ ആനുകൂല്യം പൂര്‍ണമായും നല്‍കി. മുമ്പ് വര്‍ഷാവസാനംപോലും വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നില്ല. ബാങ്ക് എടിഎം വഴി ആനുകൂല്യം നല്‍കാനും തുടക്കമിട്ടു. ആദ്യമായി ഇ - ഗ്രാന്റ്സ് പദ്ധതി നടപ്പാക്കി. ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇതാദ്യമായി പ്രതിമാസ സ്റ്റൈപെന്‍ഡും ഏര്‍പ്പെടുത്തി. 80 ശതമാനം സീറ്റും പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത് വയനാട്ടില്‍ പി കെ കാളന്‍ സ്മാരക അപ്ലൈഡ് സയന്‍സ് കോളേജ് ആരംഭിച്ചു. മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം 20,000ല്‍നിന്ന് അരലക്ഷമാക്കി.

പട്ടികവിഭാഗ പെണ്‍കുട്ടികളുടെ വിവാഹധനസഹായം നാല് ഇരട്ടിയാക്കി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 877 കോളനികളില്‍ കുടിവെള്ളപദ്ധതിയും 1366 കോളനികളില്‍ വൈദ്യുതീകരണവും നടപ്പാക്കി. 26960 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 30661.54 ഏക്കര്‍ ഭൂമി നല്‍കി. തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരകം സ്ഥാപിച്ചു. പട്ടികവിഭാഗം പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2500 രൂപയായി വര്‍ധിപ്പിച്ചു. പട്ടികവിഭാഗ വികസനകോര്‍പറേഷന്‍ 10898 പേര്‍ക്ക് 60 കോടി രൂപ വായ്പ നല്‍കി. സ്വയം തൊഴിലിന് 86447 പേര്‍ക്ക് 415 കോടി വായ്പ അനുവദിച്ചു. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ 6500 പേര്‍ക്ക് 981 ലക്ഷം രൂപയുടെ വിവിധ വായ്പകള്‍ അനുവദിച്ചു. പിന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ മുഖേന 120219 പേര്‍ക്ക് 523.56 കോടിയുടെ വായ്പാസഹായം നല്‍കി. പഠനമികവിന് 581 പേര്‍ക്ക് 265.5 പവന്‍ സ്വര്‍ണമെഡല്‍ നല്‍കി. കായികമികവിന് 700 പേര്‍ക്ക് 18.76 ലക്ഷം രൂപ സമ്മാനം നല്‍കി.

"ടാഗ്" ഇല്ലാതാക്കി; സുതാര്യതയും പോയി

പട്ടിക വിഭാഗങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനമായ സാങ്കേതിക ഉപദേശക സമിതികളുടെ (ടാഗ്) പ്രവര്‍ത്തനം യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചത് വന്‍ തിരിച്ചടിയായി. പദ്ധതി വര്‍ക്കിങ് ഗ്രൂപ്പ് അംഗീകരിച്ചാലും സാങ്കേതിക ഉപദേശക സമിതിയുടെ അംഗീകാരം നേടണമെന്ന വ്യവസ്ഥയാണ് ഇല്ലാതാക്കിയത്. ഇതോടെ പട്ടികവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലുമുള്ള സുതാര്യത നഷ്ടപ്പെട്ടു. പദ്ധതി രൂപീകരണവും നടത്തിപ്പും സംബന്ധിച്ച ചുമതല ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുക്കി. ഇതുമൂലം ജനകീയ ഇടപെടല്‍ ഇല്ലാതായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ചതിലൂടെ ആനുപാതികമായ കുറവ് പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികളിലുമുണ്ടാകുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ 200 കോടി രൂപയുടെ കുറവാണുണ്ടായത്. ആനുപാതികമായ കുറവ് പട്ടികജാതിക്ഷേമ പ്രവര്‍ത്തനങ്ങളിലുമുണ്ടാകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചതും തന്‍വര്‍ഷം ചെലവഴിക്കാത്തതുമായ തുക അടുത്ത വര്‍ഷം അതേ ആവശ്യങ്ങള്‍ക്കുതന്നെ ചെലവഴിക്കണമെന്ന വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഒരു വര്‍ഷം പട്ടികജാതിമേഖലയ്ക്കായി നീക്കിവയ്ക്കുന്ന തുകയില്‍ ചെലവഴിക്കാത്തത് അടുത്ത വര്‍ഷം പൊതുഫണ്ടില്‍നിന്ന് കണ്ടെത്തി അതേ മേഖലയില്‍ത്തന്നെ വിനിയോഗിക്കണമെന്ന വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതിലൂടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ ഈ മേഖലയ്ക്കായി നീക്കിവയ്ക്കുന്ന തുക പൂര്‍ണമായും ചെലവഴിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി. ഈ വ്യവസ്ഥ മാറ്റിയതോടെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കായുള്ള ക്ഷേമ - വികസന പദ്ധതികളെല്ലാം ഇല്ലാതാകുന്നു. ഒപ്പം, ഈ വിഭാഗത്തിനായുള്ള പൊതുസമൂഹത്തിന്റെ ഇടപെടലും ഇല്ലാതാക്കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനസമൂഹത്തെ പൊതുസമുഹത്തിന്റെ മുന്‍നിരയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ആരംഭിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ഇത് ജില്ലാതലത്തിലായി ചുരുക്കി. ബ്ലോക്ക് തലത്തില്‍ പരിപാടി നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ജില്ലാതലത്തില്‍ പ്രഹസനമായി ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ അവസാനിപ്പിച്ചു. ഗദ്ദിക എന്ന പേരില്‍ നാടന്‍കലാ മേളയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടു. വന്‍ ജനകീയപങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയുടെ പേര് പൈതൃകം എന്നു മാറ്റിയ യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ ജനകീയസ്വഭാവവും ഇല്ലാതാക്കി.

deshabhimani 091212

No comments:

Post a Comment