Sunday, December 9, 2012

എഫ്സിഐ ഗോഡൗണുകള്‍ അരിയുടെ ശ്മശാനഭൂമി


അരിവില പാവങ്ങളെ പട്ടിണിയിലേക്ക് തള്ളുമ്പോള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകള്‍ അരിയുടെ ശ്മശാനഭൂമിയാകുന്നു. കിലോയ്ക്ക് 50 രൂപയിലേക്ക് വില എത്തുമ്പോഴാണ് ഗോഡൗണുകളില്‍ ടണ്‍ കണക്കിന് അരി കുഴിച്ചുമൂടിയും കത്തിച്ചും നശിപ്പിക്കുന്നത്. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാതെ വന്‍കിട വ്യാപാരികളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് ഈ സ്ഥിതിക്ക് കാരണം. ആയിരക്കണക്കിനു ടണ്‍ അരി ഇപ്പോഴും നാശംകാത്ത് കെട്ടിക്കിടക്കുകയാണ്. പഞ്ചാബില്‍ ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ച്-ഏപ്രിലില്‍ കേരളത്തിലേക്ക് തള്ളിയ അരിയാണ് ഗോഡൗണുകളില്‍ കിടന്ന് നശിക്കുന്നത്്.

ഉത്തരേന്ത്യയിലെ ഗോഡൗണുകള്‍ പലതും സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായി കുത്തകകള്‍ക്ക് കൈമാറിയതോടെ ഉല്‍പ്പാദനം വര്‍ധിക്കുമ്പോള്‍ അരിയും ഗോതമ്പും സൂക്ഷിക്കാന്‍ അവിടെ സ്ഥലമില്ലാതായി. ഇതേത്തുടര്‍ന്നാണ് മാര്‍ച്ച്-ഏപ്രിലില്‍ 78,000 ടണ്‍ അരി കേരളത്തിലേക്ക് അയച്ചത്. എഫ്സിഐക്ക് കേരളത്തില്‍ 22 ഗോഡൗണാണുള്ളത്. 5,13,000 ടണ്‍ ആണ് ഇവിടെ സൂക്ഷിക്കാനാകുക. അധികമായി അരി എത്തിയപ്പോള്‍ വരാന്തയില്‍ സൂക്ഷിച്ചതില്‍ വലിയൊരുപങ്കും നശിച്ചു. മോശമായ അരി വില്‍ക്കുന്നതിലെ നടപടിക്രമങ്ങളും സ്ഥിതി വീണ്ടും വഷളാക്കി. ഗോഡൗണ്‍തല കമ്മിറ്റിയുടെ പരിശോധനയില്‍ അരി മോശമാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുവനന്തപുരത്തെ റീജണല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. അവിടെ നിന്ന് മറ്റൊരു കമ്മിറ്റിയെത്തി പരിശോധിച്ച് സ്ഥിരീകരിച്ചശേഷമേ ലേലത്തിനുവയ്ക്കൂ. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസമെടുക്കും. അതിനകം അരി പൂര്‍ണമായും ഉപയോഗശൂന്യമാകും. അത് ലേലംകൊള്ളാന്‍ കാലിത്തീറ്റ കമ്പനികള്‍ പോലും തയ്യാറാകില്ല. ഈ സാഹചര്യത്തില്‍ തദ്ദേശസ്ഥാപന അധികൃതരെ രേഖാമൂലം അറിയിച്ച് അരി കുഴിച്ചുമൂടുക മാത്രമാണ് പോംവഴിയെന്ന് എഫ്സിഐ അധികൃതര്‍ പറയുന്നു. പല ഗോഡൗണുകളിലും ഇപ്പോഴും വരാന്തയില്‍ അരി സൂക്ഷിച്ചിട്ടുണ്ട്. റെയില്‍വേയുടെ പൊട്ടിപ്പൊളിഞ്ഞ വാഗണുകളില്‍ കൊണ്ടുവരുമ്പോള്‍ മഴ നയുന്നതും അരി നശിക്കുന്നതിനു കാരണമാണ്.
(ആര്‍ സാംബന്‍)

deshabhimani 101212

1 comment:

  1. അരിവില പാവങ്ങളെ പട്ടിണിയിലേക്ക് തള്ളുമ്പോള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകള്‍ അരിയുടെ ശ്മശാനഭൂമിയാകുന്നു. കിലോയ്ക്ക് 50 രൂപയിലേക്ക് വില എത്തുമ്പോഴാണ് ഗോഡൗണുകളില്‍ ടണ്‍ കണക്കിന് അരി കുഴിച്ചുമൂടിയും കത്തിച്ചും നശിപ്പിക്കുന്നത്. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാതെ വന്‍കിട വ്യാപാരികളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് ഈ സ്ഥിതിക്ക് കാരണം. ആയിരക്കണക്കിനു ടണ്‍ അരി ഇപ്പോഴും നാശംകാത്ത് കെട്ടിക്കിടക്കുകയാണ്. പഞ്ചാബില്‍ ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ച്-ഏപ്രിലില്‍ കേരളത്തിലേക്ക് തള്ളിയ അരിയാണ് ഗോഡൗണുകളില്‍ കിടന്ന് നശിക്കുന്നത്്.

    ReplyDelete