Monday, December 10, 2012
സ്വത്വരാഷ്ട്രീയം മുന്നേറ്റത്തെ അസ്ഥിരമാക്കും: കാരാട്ട്
സ്വത്വരാഷ്ട്രീയം സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് കാരാട്ട് പറഞ്ഞു. പട്ടികജാതി കോളനി അസോസിയേഷന് സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും ഉപജാതികളുടെയും പേരില്‍ ദളിതരെ സംഘടിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിന്നോക്കവിഭാഗം വര്‍ഗപരവും സാമൂഹ്യവുമായ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നു. പൊതുജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെ മാത്രമേ ഇതു നേരിടാനും ദളിത് വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പുവരുത്താനും കഴിയൂ. ചൂഷണത്തിനെതിരായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സ്വത്വരാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ വോട്ടുബാങ്ക് ലക്ഷ്യമാക്കി ദളിത് വിഭാഗങ്ങളെ ഭിന്നിപ്പിച്ചുനിര്ത്തുന്നു. ജാതിയുടെയും ഉപജാതികളുടെയും പേരില്‍ സംഘടിക്കുന്ന സ്വത്വവാദികളാകട്ടെ പരസ്പരം ഏറ്റുമുട്ടുകയുമാണ്. ഇത് സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലമാക്കും. സ്വത്വരാഷ്ട്രീയം ജാതിവ്യവസ്ഥയെയും വിവേചനത്തെയും അടിച്ചമര്‍ത്തലിനെയും വെല്ലുവിളിക്കുന്നില്ല. ദളിത് വിഭാഗങ്ങളിലെ യുവാക്കള്‍ ഇത് തിരിച്ചറിയണം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കി. ഇന്ന് അവയെല്ലാം നിഷേധിക്കപ്പെട്ടു. പൊതുജനാധിപത്യപ്രസ്ഥാനത്തോടൊപ്പം സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള പോരാട്ടങ്ങളില്‍ അണിനിരക്കാന്‍ എല്ലാ പിന്നോക്കവിഭാഗക്കാരോടും കാരാട്ട് അഭ്യര്‍ഥിച്ചു.
ഇത് ചരിത്രമുഹൂര്‍ത്തം: എം എ ബേബി
കൊല്ലം: അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധഃസ്ഥിതരുടെ അവകാശപ്പോരാട്ടത്തിനു സാക്ഷിയായ കൊല്ലം കന്റോണ്‍മെന്റ് മൈതാനം പട്ടികജാതി കോളനി അസോസിയേഷന്റെ സംസ്ഥാന കണ്‍വന്‍ഷനിലൂടെ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന് വേദിയായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പട്ടികജാതി കോളനി അസോസിയേഷന് സംസ്ഥാന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധഃസ്ഥിതരെന്നു മുദ്രകുത്തി സമൂഹത്തിന്റെ പിന്നാമ്പുറത്ത് സ്ഥാനം നല്കിയ പിന്നോക്കവിഭാഗക്കാരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സവര്ണമേധവിത്വത്തിനെതിരെ പ്രതിഷേധിച്ചത് കൊല്ലത്താണ്. അയ്യങ്കാളിയുടെയും ചങ്ങനാശേരി പരമേശ്വരന്‍പിള്ളയുടെയും നേതൃത്വത്തില്‍ 1915 ഡിസംബര്‍ 19നാണ് ആ മഹാസമ്മേളനം നടന്നത്. കുണ്ടറ പെരിനാട്ടെ കല്ലുമാല സമരത്തിന്റെ തുടര്‍ച്ചയായാണ് അന്നത്തെ പീരങ്കി മൈതാനത്ത് മഹാസമ്മേളനം ചേര്‍ന്നത്. അധഃസ്ഥിതരെ പാളയില്‍ കഞ്ഞി കുടിപ്പിക്കുമെന്നും തമ്പ്രാനെന്ന് വിളിപ്പിക്കുമെന്നുമുള്ള വിമോചനസമരക്കാരുടെ മുദ്രാവാക്യം, ഇന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വാതോരാതെ വിമര്‍ശിക്കുന്നവര്‍ ബോധപൂര്‍വം മറക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യവര്‍ഷം ഒപ്പിട്ടത് 17 പട്ടികജാതിക്കാര്‍ക്ക് ഡോക്ടറാകാനുള്ള അവസരം നിഷേധിച്ചുള്ള ഉത്തരവിലാണ്. പിന്നോക്കവിഭാഗത്തില്നിന്ന് 340 വിദ്യാര്‍ഥികള്‍ക്ക് എന്ജിനിയര്മാരാകാനുള്ള അവസരവും ഇല്ലാതാക്കി. കഴിഞ്ഞ എല്‍ഡിഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ എല്ലാ അവസരവും നല്കി. പ്രവേശനപരീക്ഷ വിജയിക്കാനുള്ള പരാധീനതകള്‍ മനസ്സിലാക്കി അവര്‍ക്കു പരിശീലനം നല്കി. ആളില്ലാതെ ഒഴിഞ്ഞുകിടന്ന സംവരണ സീറ്റുകളിലേക്ക് പ്രത്യേക പരീക്ഷ നടത്തി പ്രവേശനംനല്‍കി- ബേബി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി: കോടിയേരി
കൊല്ലം: പട്ടികജാതി വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കംവയ്ക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കൊല്ലത്ത് നടന്ന പട്ടികജാതി കോളനി അസോസിയേഷന് സംസ്ഥാന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നിശ്ചിതശതമാനം സീറ്റ് സംവരണം ചെയ്തു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട 21,000 സീറ്റ് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുത്തു. എയ്ഡഡ് സ്കൂളുകളില്‍ പട്ടികജാതിക്കാരായ അധ്യാപകര്‍ 0.4 ശതമാനം മാത്രമാണ്. എയ്ഡഡ് സ്കൂളുകള്‍ ആരംഭിക്കുന്നതിനു പകരം 3000 സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. സംവരണം ഇല്ലാത്ത തൊഴില്‍മേഖലകളില്‍ പട്ടികജാതിക്കാരായ ഒരാള്‍പോലും ഇല്ലാത്ത സ്ഥിതിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണമേഖലയില്‍ ഏര്‍പ്പെടുത്തിയ പട്ടികജാതിസംവരണം ഇപ്പോള്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യസുരക്ഷാപദ്ധതികളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കി. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതിയുടെ ഗുണം ഏറെയും പട്ടികജാതി വിഭാഗങ്ങള്‍ക്കാണ് ലഭിക്കേണ്ടിയിരുന്നത്. സര്‍ക്കാരുകള്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി-പിന്നോക്കവിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള തൊഴിലവസരംപോലും നഷ്ടമാകും. നിയമന നിരോധനം പ്രഖ്യാപിച്ചതോടെ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടുന്ന അവസ്ഥയാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണപ്രകാരം ലഭിക്കേണ്ട തൊഴിലവസരം നഷ്ടമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നത് മറ്റു ജനവിഭാഗങ്ങള്‍ക്കുള്ള എല്ലാ ക്ഷേമപെന്‍ഷനുകളും നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണെന്നും കോടിയേരി പറഞ്ഞു.
deshabhimani 101212
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
സ്വത്വരാഷ്ട്രീയം സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് കാരാട്ട് പറഞ്ഞു. പട്ടികജാതി കോളനി അസോസിയേഷന് സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete