Tuesday, January 15, 2013

ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് 2 വര്‍ഷത്തേക്ക് മാറ്റി


വിദേശനിക്ഷേപകരുടെ നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ കൊണ്ടുവന്ന പൊതു ഒഴിവാക്കല്‍ വിരുദ്ധചട്ടങ്ങള്‍ (ഗാര്‍) നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ രണ്ടുവര്‍ഷത്തേക്ക് മരവിപ്പിച്ചു. 2016 ഏപ്രില്‍ ഒന്നു വരെയാണ് ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് ധനമന്ത്രി പി ചിദംബരം മാറ്റിയത്. 2014 ഏപ്രില്‍ ഒന്നുമുതല്‍ ചട്ടം നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതോടെ വിദേശനിക്ഷേപകര്‍ക്ക് നികുതിവെട്ടിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും.

കഴിഞ്ഞ പൊതുബജറ്റിലാണ് ഗാര്‍ പ്രഖ്യാപിച്ചത്. ഇതിന് ആദായനികുതി നിയമത്തിലെ 10എ വ്യവസ്ഥകളില്‍ മാറ്റംവരുത്തി. കോര്‍പറേറ്റുകളും വിദേശനിക്ഷേപകരും മറ്റും വിവിധ മാര്‍ഗങ്ങളിലൂടെ നികുതി ഒഴിവാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചട്ടം കൊണ്ടുവന്നത്. എന്നാല്‍, തുടക്കംമുതല്‍ കോര്‍പറേറ്റുകളും വിദേശനിക്ഷേപകരും ഗാര്‍ നടപ്പാക്കാതിരിക്കാന്‍ സമര്‍ദം ആരംഭിച്ചിരുന്നു. എന്നാല്‍, പ്രണബ് മുഖര്‍ജി ധനമന്ത്രിസ്ഥാനം ഒഴിയുന്നതുവരെ ഇക്കാര്യത്തില്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദം വിജയിച്ചില്ല. പ്രണബ് മുഖര്‍ജിക്കു പകരം ചിദംബരം ധനവകുപ്പ് ഏറ്റെടുത്തതോടെ ഗാര്‍ ചട്ടം പിന്‍വലിക്കാന്‍ നീക്കം തുടങ്ങി. ചട്ടങ്ങള്‍ പഠിക്കാന്‍പാര്‍ഥസാരഥി ഷോം തലവനായി മൂന്നംഗ സമിതിയെ നിയമിച്ചു. ചട്ടങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവയ്ക്കാനായിരുന്നു സമിതി ശുപാര്‍ശ. നിക്ഷേപകരുടെ ആശങ്ക പരിഗണിച്ചാണ് ഇത്തരമൊരു ശുപാര്‍ശയെന്ന് സമിതി അറിയിച്ചിരുന്നു.

ഷോം സമിതിയുടെ പ്രധാന ശുപാര്‍ശകളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചെന്ന് ചിദംബരം അറിയിച്ചു. സര്‍ക്കാരിന്റെ റവന്യൂവരുമാന താല്‍പ്പര്യവും നിക്ഷേപകരുടെ താല്‍പ്പര്യവും ഒരേപോലെ പരിഗണിച്ചാണ് ഈ തീരുമാനം. ഈ വിഷയത്തില്‍ ഇനി സംശയമോ ആശങ്കയോ വേണ്ട. ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ നേട്ടം നഷ്ടമാകാന്‍ ഗാര്‍ ചട്ടങ്ങള്‍ വഴിയൊരുക്കുമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങളെ ഗാര്‍ പരിധിയില്‍ ഉള്‍പ്പെടുത്തില്ല. നികുതി ഒഴിവാക്കലിന്റെ ഭാഗമായുള്ള സംവിധാനം മാത്രമേ ഗാര്‍ ചട്ടങ്ങള്‍ക്ക് കീഴില്‍വരൂ- ചിദംബരം പറഞ്ഞു. കോര്‍പറേറ്റുകളെയും വിദേശനിക്ഷേപകരെയും സഹായിക്കുന്ന സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ ബോംബെ ഓഹരിവിപണി 200 പോയിന്റ് ഉയര്‍ന്ന് 19,864ല്‍ എത്തി. ധനകമ്മി കുറയ്ക്കാനെന്ന പേരില്‍ സാധാരണക്കാര്‍ക്ക് സഹായകമാകുന്ന സബ്സിഡി ഒന്നൊന്നായി ഇല്ലാതാക്കുമ്പോഴാണ് കോര്‍പറേറ്റുകളെ സഹായിക്കുംവിധം ഗാര്‍ ചട്ടങ്ങള്‍ മാറ്റാനുള്ള തീരുമാനം.

deshabhimani 160113

2 comments:

  1. koranu kumbilil kanji --------------- rich become richer

    ReplyDelete
  2. നന്ദി.സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും

    ReplyDelete