Tuesday, January 15, 2013

സ്നേഹസ്പര്‍ശമായി സാന്ത്വന പരിപാലനത്തിന് തുടക്കം


 "ഇനി മരുന്ന് തരാന്‍ ആളുണ്ടാവും. കൃത്യമായി കഴിക്കണം"- സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ കേട്ട കരിമഠം കോളനിയിലെ ഐഷാബീവിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ആരും ശുശ്രൂഷിക്കാനില്ലാതെ, എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുകയായിരുന്നു ഈ വൃദ്ധ. ആദ്യമായാണ് ആശ്വാസത്തിന്റെ സ്നേഹസ്പര്‍ശം തലസ്ഥാനത്തിന്റെ ദുരിതമുഖമായ കരിമഠം കോളനിയിലെ ഈ കുടിലിലേക്കെത്തുന്നത്. ഇ കെ നായനാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷമാണ് പിണറായി ഐഷാബീവിയുടെ വീട്ടിലെത്തിയത്. കരിമഠം കോളനിക്കു പുറമെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം നേതൃത്വത്തിലുള്ള സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാലിയേറ്റീവ് കെയര്‍ ദിനമായ ചൊവ്വാഴ്ച തുടക്കം കുറിച്ചു.

രോഗവും ശാരീരിക അവശതയുംമൂലം യാതനയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായാണ് സാന്ത്വനപരിചരണ പ്രവര്‍ത്തനത്തിന് സിപിഐ എം രൂപം നല്‍കിയത്. എല്ലാ ലോക്കല്‍ കമ്മറ്റികള്‍ക്കു കീഴിലും തെരഞ്ഞെടുക്കപ്പെട്ട പുരുഷ-വനിതാ വളന്റിയര്‍മാര്‍ വീടുകളിലെത്തി സാന്ത്വന സേവനം നല്‍കും. പത്തു മുതല്‍ 20 വളന്റിയര്‍മാര്‍വരെ സേവനരംഗത്തുണ്ടാകും. മാറാരോഗങ്ങള്‍ക്കിരയായവര്‍, മാനസികവും ശാരീരികവുമായ വൈകല്യമനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമെത്തിക്കും. പരിചരണം, ചികിത്സാസഹായം, കൗണ്‍സലിങ്, മരുന്ന്, വൈകല്യമനുഭവിക്കുന്നവര്‍ക്ക് ഉപകരണങ്ങള്‍ വിതരണംചെയ്യല്‍, സാമൂഹികമായ ഒറ്റപ്പെടലില്‍നിന്നുള്ള സംരക്ഷണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഏറ്റെടുക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയയിലെ മണ്ണന്തല കുളപ്പറക്കോണത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ചിറക്കലില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച സംരംഭം "ഇനിഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍" എന്ന പേരില്‍ ജില്ലയിലാകെ വ്യാപിപ്പിക്കുന്നതിനും തുടക്കമായി. എറണാകുളം ജില്ലാതല ഉദ്ഘാടനം വൈറ്റിലയില്‍ ചലച്ചിത്രനടന്‍ ക്യാപ്റ്റന്‍ രാജു നിര്‍വഹിച്ചു. വയനാട് ജില്ലയില്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പാലക്കാട് ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരിയില്‍ നടന്നു. കോട്ടയം ജില്ലയില്‍ പന്ത്രണ്ട് പഞ്ചായത്തില്‍ സാന്ത്വന പരിചരണപദ്ധതി തുടങ്ങി. പാമ്പാടിയില്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത നിര്‍വഹിച്ചു. കുറിച്ചി പഞ്ചായത്തിലെ ഉദ്ഘാടനച്ചടങ്ങില്‍ യാക്കോബായസഭ ഡല്‍ഹി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപോലീത്തായുടെ സന്ദേശം വായിച്ചു. മറ്റു ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും

deshabhimani 160113

1 comment: