Saturday, January 5, 2013

കേന്ദ്രപദ്ധതികളിലെ 26,000 കോടി ചെലവഴിച്ചില്ല


നടപ്പു സാമ്പത്തികവര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ട തുകയില്‍ 26,000 കോടി രൂപ പിടിച്ചുവച്ചു. കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി പിടിച്ചുനിര്‍ത്താനായിചെയ്ത ഈ പ്രവൃത്തിമൂലം ഗ്രാമീണജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായങ്ങളാണ് ഇല്ലാതായത്. ദേശീയ തൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന, പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡുപദ്ധതി എന്നിവയ്ക്കായി ചെലവഴിക്കേണ്ട തുകയിലാണ് ഈ വെട്ടിക്കുറവ് വരുത്തിയത്. ട്രേഡ് യൂണിയനുകളുമായി ധനമന്ത്രി പി ചിദംബരം നടത്തിയ ചര്‍ച്ചയില്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആണ് കേന്ദ്രസര്‍ക്കാരിന്റെ ഈ കടുംകൈ ചൂണ്ടിക്കാട്ടിയത്. ധനമന്ത്രി ഇത് നിഷേധിച്ചില്ല.

ഈ വര്‍ഷം വരുത്തിയ വെട്ടിക്കുറവില്‍ കാര്യങ്ങള്‍ അവസാനിക്കില്ല. അടുത്ത പൊതുബജറ്റില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണവും ധനസഹായവും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുനഃസംഘടന സംബന്ധിച്ച് ആസൂത്രണ കമീഷന്‍ അംഗം ബി കെ ചതുര്‍വേദി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ വെട്ടിക്കുറവ് വരുത്തുന്നത്. ഒന്‍പതാം പദ്ധതിയില്‍ 360 കേന്ദ്രാവിഷ്കൃത പദ്ധതികളാണുണ്ടായിരുന്നത്. പത്താം പദ്ധതിയായപ്പോള്‍ അത് 155 എണ്ണമായി ചുരുക്കി. പതിനൊന്നാം പദ്ധതിയില്‍ 147 കേന്ദ്രാവിഷ്കൃത പദ്ധതികളായി ചുരുങ്ങി. പന്ത്രണ്ടാം പദ്ധതിയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 49 എണ്ണമായി ചുരുക്കാനാണ് നിര്‍ദേശം. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 65 എണ്ണം 100 കോടിയില്‍ താഴെമാത്രം ഫണ്ടുള്ളതാണ്. ഇവ ഇല്ലാതാക്കുകയോ കൂട്ടിച്ചേര്‍ത്ത് നാലോ അഞ്ചോ പദ്ധതികളായി മാറ്റുകയോ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

ദേശീയ തൊഴിലുറപ്പു പദ്ധതി, ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍, എസ്എസ്എ തുടങ്ങി ഒന്‍പത് പ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കും. വിവിധ മേഖലകളിലുള്ള പ്രത്യേകം പ്രത്യേകം പദ്ധതികള്‍ കൂട്ടിക്കെട്ടി ഒന്നാക്കും. ഉദാഹരണമായി കൃഷിവകുപ്പിനു കീഴില്‍ 13 പദ്ധതിയും മൃഗസംരക്ഷണ വകുപ്പില്‍ 15 പദ്ധതിയുമുണ്ട്. ഇവ ഒറ്റ പദ്ധതിയായി കണക്കാക്കണമെന്നാണ് ചതുര്‍വേദി കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തത്. 11-ാം പദ്ധതിയില്‍ കേന്ദ്ര പദ്ധതികള്‍ക്കായി 6,60,506 കോടി രൂപയാണ് നീക്കിവച്ചത്. 2011-12ല്‍ 88,000 കോടി രൂപയാണ് നീക്കിവച്ചത്. 12-ാം പദ്ധതിയില്‍ കേന്ദ്രപദ്ധതികളുടെ ഫണ്ടില്‍ 25 ശതമാനമെങ്കിലും വെട്ടിക്കുറവ് വരുത്താനാണ് ആലോചിക്കുന്നത്. കാര്‍ഷിക, ഗ്രാമവികസന, ദാരിദ്ര്യനിര്‍മാര്‍ജന മേഖലകളില്‍ ഉണ്ടായിരുന്ന കേന്ദ്രപദ്ധതികളും സഹായങ്ങളും ക്രമേണ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഫണ്ട് വെട്ടിക്കുറയ്ക്കല്‍.
(വി ജയിന്‍)

deshabhimani 050113

No comments:

Post a Comment