Saturday, January 5, 2013

ഷാവേസിന്റെ രോഗത്തിന്റെ പേരില്‍ വെനസ്വേലയ്ക്കെതിരെ മനഃശാസ്ത്രയുദ്ധം


പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ രോഗത്തിന്റെ പേരില്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും രാജ്യത്തെ ശിഥിലമാക്കാന്‍ മനഃശാസ്ത്രയുദ്ധം നടത്തുകയാണെന്ന് വെനസ്വേലന്‍ നേതാക്കള്‍ പറഞ്ഞു. ബഹുരാഷ്ട്ര മാധ്യമ ശൃംഖലകള്‍ അഴിച്ചുവിട്ടിരിക്കുന്ന പ്രചാരണത്തിന്റെ ലക്ഷ്യം ബൊളിവേറിയന്‍ റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയും സോഷ്യലിസ്റ്റ് വിപ്ലവത്തെ ഇല്ലാതാക്കുകയുമാണെന്ന് വാര്‍ത്താ വിതരണ മന്ത്രി ഏണസ്റ്റോ വില്ലെജസ് പറഞ്ഞു. അര്‍ബുദ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഷാവേസിന് ബാധിച്ച കടുത്ത ശ്വാസകോശ അണുബാധ ശ്വസനത്തിന് പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്നും ടെലിവിഷനില്‍ സംപ്രേഷണംചെയ്ത പ്രസ്താവനയില്‍ വില്ലെജസ് പറഞ്ഞു. അതിനാല്‍ ഷാവേസ് കര്‍ക്കശമായി ചികിത്സയ്ക്ക് വഴങ്ങേണ്ടിവന്നിരിക്കുകയാണ്.

വെനസ്വേലയില്‍ അധികാര കൈമാറ്റത്തിന് തയ്യാറെടുപ്പൊന്നും നടത്തുന്നില്ലെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ദേശീയ അസംബ്ലി സ്പീക്കര്‍ ഡയസ്ഡാഡോ കാബെല്ലോയും പറഞ്ഞു. ഷാവേസിന്റെ രോഗം സംബന്ധിച്ച് മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഷാവേസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രധാന നേതാക്കളായ മഡൂറോയും കാബെല്ലോയും ഇക്കാര്യം വ്യക്തമാക്കിയത്. വെനസ്വേലയില്‍ ഒരു പരിവര്‍ത്തനമേയുള്ളൂവെന്നും അത് ആറ് വര്‍ഷം മുമ്പ് ആരംഭിച്ചതാണെന്നും അവര്‍ പറഞ്ഞു. ഷാവേസ് ആരംഭിച്ച സോഷ്യലിസ്റ്റ് വിപ്ലവമാണ് ആ പരിവര്‍ത്തനം. സര്‍ക്കാര്‍ ഏറ്റെടുത്ത ഒരു കാപ്പി ഉല്‍പ്പാദനശാല സന്ദര്‍ശിക്കുകയായിരുന്നു ഇരു നേതാക്കളും. എക്കാലത്തെയും ഐക്യത്തോടെയാണ് വെനസ്വേലയിലെ സോഷ്യലിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോവുന്നത്. ജനങ്ങളോട് എന്നും ഐക്യപ്പെട്ടിരിക്കുമെന്ന് തങ്ങള്‍ ഷാവേസിന് ഉറപ്പുനല്‍കിയിട്ടുണ്ട്-നേതാക്കള്‍ പറഞ്ഞു.

deshabhimani 050113

No comments:

Post a Comment