Sunday, January 6, 2013

പച്ചക്കോട്ട്: ഹൈക്കോടതി വിധിവന്നിട്ടും അധ്യാപിക പുറത്തുതന്നെ


പച്ചക്കോട്ട് വിഷയത്തില്‍ സസ്പെന്‍ഷനിലായ അധ്യാപികക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയില്‍ കയറാനായില്ല. അച്ചടക്കനടപടി അന്വേഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിട്ട് രണ്ടുമാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ അന്വേഷണം നടത്തിയില്ല. സസ്പെന്‍ഷനിലായ അധ്യാപിക 77ദിവസമായി ജോലിക്ക് പുറത്തുതന്നെ. ഇതിനിടയില്‍ കഴിഞ്ഞദിവസമാണ് അച്ചടക്കനടപടി സ്റ്റേചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. അധ്യാപികയുടെ വാദം കേള്‍ക്കാതെ അച്ചടക്ക നടപടി ദീര്‍ഘിപ്പിച്ചതിനും അപ്പീല്‍ സംബന്ധിച്ച് വിവരം നല്‍കാതിരുന്നതിനും വിശദീകരണം സമര്‍പ്പിക്കാനും കോടതി വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശംനല്‍കി.

മലപ്പുറം അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ ട്രസ്റ്റിനു കീഴിലെ സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂളിലെ ഗണിതശാസ്ത്രം അധ്യാപിക കെ ജമീലയെയാണ് പച്ചക്കോട്ട് ധരിച്ചില്ലെന്ന കാരണംപറഞ്ഞ് ഒക്ടോബര്‍ 20ന് മാനേജ്മെന്റ സസ്പെന്‍ഡ് ചെയ്തത്. 15 ദിവസത്തേക്കായിരുന്നു സസ്പെന്‍ഷന്‍. എന്നാല്‍ അധ്യാപികയുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ വണ്ടൂര്‍ ഡിഇഒയുടെ ഉത്തരവ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ അന്വേഷിച്ച് നടപടിയെടുക്കുംവരെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ മരവിപ്പിച്ചിരുന്നു. അതിനിടെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അധ്യാപികക്കെതിരായ എല്ലാ അച്ചടക്ക നടപടികളും രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവുംവന്നു. മാനേജ്മെന്റ് അധ്യാപികക്കെതിരെ സ്വീകരിച്ച മുഴുവന്‍ നടപടികള്‍ക്കുമാണ് സ്റ്റേ. അധ്യാപികക്കെതിരായ മാനേജ്മെന്റിന്റെ അച്ചടക്കനടപടിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടിന് സസ്പെന്‍ഷന്‍ വണ്ടൂര്‍ ഡിഇഒ റദ്ദാക്കി. സസ്പെന്‍ഷനിലായിരുന്ന ദിവസങ്ങള്‍ ഡ്യൂട്ടിയായി പരിഗണിക്കാനും നിര്‍ദേശിച്ചു.

എന്നാല്‍ ഈ ഉത്തരവ് മാനേജ്മെന്റ് തള്ളി. തുടര്‍ന്ന് ഭരണതലത്തില്‍ സ്വാധീനം ചെലുത്തി പൊതുവിദ്യാഭ്യാസ ഡയരക്ടറെക്കൊണ്ട് ഡിഇഒയുടെ ഉത്തരവ് മരവിപ്പിച്ചു. അന്വേഷണത്തിന്റെ പേരുപറഞ്ഞ് അധ്യാപികയെ പുറത്തുനിര്‍ത്തി മാനസികമായി പീഡിക്കാനാണ് ലീഗ് മാനേജ്മെന്റിന്റെ ശ്രമം. ഡിഇഒയുടെ ഉത്തരവിനെതിരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് മാനേജ്മെന്റ് അപ്പീല്‍ നല്‍കിയത് അച്ചടക്കനടപടി നീട്ടാനുള്ള മാനേജ്മെന്റ് ശ്രമത്തിന്റെ ഭാഗമായിരുന്നു. അതുവരെ അധ്യാപികയെ തിരിച്ചെടുക്കാതെ വട്ടംകറക്കാനാണ് മാനേജ്മെന്റിന്റെ നീക്കം. സ്കൂള്‍ കലോത്സവത്തിന്റെയും കായികമേളയുടെയും തിരക്കിലായതിനാല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് മലപ്പുറം ഡിഡിഇയുടെ മറുപടി. അധ്യാപിക കോടതിയില്‍ കേസ് നല്‍കിയ നിലയ്ക്ക് ഇനി അന്വേഷിക്കാന്‍ കഴിയില്ലെന്നും ഡിഡിഇ കെ സി ഗോപി പറഞ്ഞു. മനുഷ്യാവകാശ കമീഷനിലും വനിതാ കമീഷനിലും അധ്യാപിക നല്‍കിയ പരാതി പിന്‍വലിച്ചാല്‍ തിരിച്ചെടുക്കാമെന്ന രീതിയില്‍ മധ്യസ്ഥശ്രമവും നടത്തിയിരുന്നു. അതിന് ജമീല വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഭരണസ്വാധീനമുപയോഗിച്ച് അന്വേഷണം ദീര്‍ഘിപ്പിച്ചത്. കോടതിവിധിയോടെ ഇത് പൊളിഞ്ഞു.

deshabhimani 060113

No comments:

Post a Comment