Wednesday, January 16, 2013

പാകിസ്ഥാനുമായി പഴയരീതിയില്‍ മുന്നോട്ടുപോകാനാകില്ല: പ്രധാനമന്ത്രി


പാകിസ്ഥാനുമായി പഴയ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. പാകിസ്ഥാന്‍ യാഥാര്‍ഥ്യം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ജവാന്റെ തലയറുത്തെടുത്ത പാക് സൈനികര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ആവശ്യമായ നടപടിയെടുത്തില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് ഖുര്‍ഷിദ് പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ ഇന്ത്യ-പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ഫ്ളാഗ് മീറ്റിങ്ങിനുശേഷവും അതിര്‍ത്തിയില്‍ നാലുതവണ പാക് സൈന്യം വെടിയുതിര്‍ത്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് പൂഞ്ചിനടുത്ത് നിയന്ത്രണരേഖയില്‍ ഇന്ത്യ, പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്. ഇതിനുശേഷവും വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായെന്ന് ഉത്തര കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ കെ ടി പര്‍നായിക് അറിയിച്ചു.

ഫ്ളാഗ് മീറ്റിങ്ങിനുശേഷവും പാകിസ്ഥാന്‍ പിടിവാശി കാട്ടുകയാണ്. തെറ്റ് സമ്മതിക്കാത്ത അവര്‍ മോശമായി പെരുമാറുകയാണ്. ജവാന്റെ തലയറുത്തതില്‍ ഫ്ളാഗ് മീറ്റിങ്ങില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ മേഖലയില്‍ പാകിസ്ഥാന്‍ സ്ഥാപിച്ച മൈനുകളുടെ ഫോട്ടോ കാണിച്ചു. എന്നാല്‍, ആരോപണങ്ങളാകെ നിഷേധിക്കുന്ന പ്രസ്താവനയാണ് പാകിസ്ഥാന്‍ പ്രതിനിധി വായിച്ചത്. യോഗത്തിന്റെ അവസാനം വളരെ മോശം ഭാഷയില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള വിസ നല്‍കുന്ന പദ്ധതി താല്‍ക്കാലികമായി മരവിപ്പിച്ചു. 65 വയസ്സ് കഴിഞ്ഞ പൗരന്മാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വാഗ അതിര്‍ത്തിയില്‍ വച്ച് വിസ-ഓണ്‍-അറൈവല്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അതിര്‍ത്തിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത് നീട്ടിയത്. ചില ഏജന്‍സികള്‍ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നാണ് ഇതു സംബന്ധിച്ച് അധികൃതര്‍ സൂചിപ്പിക്കുന്നത്.വിസ നല്‍കാനുള്ള കരാറിനെ മാനിക്കുന്നതായും ഉടനെ നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

മുംബൈയില്‍ ഇന്ത്യന്‍ ഹോക്കി ലീഗില്‍ കളിക്കാനെത്തിയ ഒന്‍പത് പാകിസ്ഥാന്‍ കളിക്കാരെ തിരിച്ചയച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ "അസാധാരണ സാഹചര്യങ്ങള്‍" പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ നരീന്ദര്‍ ബത്ര പറഞ്ഞു. ശിവസേനയടക്കമുള്ള സംഘടനകളും പാക് കളിക്കാര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പാക് ഹോക്കി ഫെഡറേഷനുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷ്മ സ്വരാജിനെയും രാജ്യസഭയിലെ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലിയെയും ധരിപ്പിച്ചു. വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്.
(വി ജയിന്‍)

deshabhimani 160113

No comments:

Post a Comment