നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച പണത്തിന്റെ കണക്ക് മറച്ചുവച്ച് മുസ്ലിംലീഗ് എംഎല്‍എമാര്‍ തെരഞ്ഞെടുപ്പു കമീഷനെ കബളിപ്പിച്ചതിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ അന്വേഷിക്കും. ലീഗ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോക്ക് നല്‍കിയ പരാതി അനന്തരനടപടിക്കായി അവര്‍ കേന്ദ്ര കമീഷന് കൈമാറി. ഇതിനിടെ ലീഗുകാര്‍ക്കു പുറമെ മന്ത്രിമാരായ കെ പി മോഹനന്‍, പി കെ ജയലക്ഷ്മി എന്നിവരും കമീഷന് കള്ളക്കണക്കാണ് നല്‍കിയത്.
കോണ്‍ഗ്രസ് പാര്‍ടി ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ 2.40 കോടിയുടെ കണക്കാണ് മറച്ചുവച്ചത്. ഇതേക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് നേരിട്ടും പരാതി കിട്ടിയിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കള്ളക്കണക്ക് സമര്‍പ്പിച്ച ലീഗ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരായ പി കെ ജയലക്ഷ്മിയും കെ പി മോഹനും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച യഥാര്‍ഥവിവരം നല്‍കിയിട്ടില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നല്‍കിയ പത്തു ലക്ഷം രൂപയുടെ കാര്യം ഇരുവരും മറച്ചുവച്ചു. മാനന്തവാടി മണ്ഡലത്തില്‍ മത്സരിച്ച പി കെ ജയലക്ഷ്മി മൊത്തം 3.91 ലക്ഷം രൂപ ചെലവായതായാണ് ബോധിപ്പിച്ചത്. കെ പി മോഹനന്‍ 12,45,771 രൂപയുടെ കണക്കും നല്‍കി. ജയലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് എഐസിസി ഫണ്ടില്‍നിന്ന് പത്തു ലക്ഷം രൂപ നല്‍കിയതായി കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ കമീഷനെ അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിന് ചെലവായ തുക യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഭാവന ചെയ്തെന്നാണ് ജയലക്ഷ്മി കമീഷനെ അറിയിച്ചത്. മന്ത്രി കെ പി മോഹനന്‍ ചെലവായ തുക പാര്‍ടി നല്‍കിയെന്നാണ് തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് എംഎല്‍എമാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയതായി വ്യക്തമാണ്.
കുഞ്ഞാലിക്കുട്ടിമാത്രം 11.5 ലക്ഷം രൂപയുടെ കൃത്രിമം കാണിച്ചു. മാണി ഗ്രൂപ്പും കമീഷനെ കബളിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഒരാള്‍ക്ക് പത്തു ലക്ഷം വീതം 14 കോടി രൂപ ചെലവഴിച്ചെന്നാണ് എഐസിസി ട്രഷറര്‍മോത്തിലാല്‍ വോറ തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചത്. 24 സ്ഥാനാര്‍ഥികള്‍ മത്സരിച്ച മുസ്ലിംലീഗിന് മൊത്തം 2.40 കോടി രൂപയാണ് നല്‍കിയത്. ലീഗിനുവേണ്ടി ജനറല്‍ സെക്രട്ടറികൂടിയായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് 2.24 കോടി രൂപ വീതിച്ചുനല്‍കിയതായി ബോധിപ്പിച്ചു. എന്നാല്‍, കോണ്‍ഗ്രസ് നല്‍കിയ 2.4 കോടി രൂപയെക്കുറിച്ച് മിണ്ടിയില്ല. കണക്കില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം നേതാവ് ജോര്‍ജ് സെബാസ്റ്റ്യനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
കോണ്‍ഗ്രസിന് ലീഗും പണം നല്‍കി: കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കോണ്‍ഗ്രസിനും പണം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ചെലവിനായി ഐഐസിസി ലീഗിന് പണം നല്‍കി. ഞങ്ങള്‍ അങ്ങോട്ടും കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ കണക്കില്‍ ഞങ്ങള്‍ക്ക് ലഭിച്ച പണത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കണക്ക് നല്‍കും. മറ്റുള്ള പ്രചാരണം ദുര്‍വ്യാഖ്യാനം മാത്രമാണ്- കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
തെരഞ്ഞെടുപ്പ് കണക്ക്: ലീഗില്‍ നല്ല വക്കീലന്മാരുണ്ട്- വയലാര്‍ രവി
കൊച്ചി: കോണ്‍ഗ്രസ് നല്‍കിയ ഫണ്ടിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിംലീഗില്‍ നല്ല വക്കീലന്മാരുണ്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എറണാകുളം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സ്ഥാനാര്‍ഥികള്‍ക്കല്ല കോണ്‍ഗ്രസ് പണം നല്‍കിയത്. പാര്‍ടിക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷന് കൊടുത്തതില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ പരിഹരിക്കും. നല്ല വക്കീലന്മാരൊക്കെയുള്ള പാര്‍ടിയാണ് ലീഗെന്നും വയലാര്‍ രവി പറഞ്ഞു.
2.4 കോടി കൈപ്പറ്റി: ലീഗ്
മലപ്പുറം: കോണ്‍ഗ്രസില്‍നിന്ന് തെരഞ്ഞെടുപ്പ് ചെലവിന് 2.4 കോടി രൂപ മുസ്ലിംലീഗ് കൈപ്പറ്റിയെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സമ്മതിച്ചു. തുക ബാങ്കുവഴിയാണ് പാര്‍ടിക്ക് കിട്ടിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ടി നേരിട്ടാണ് പണം ചെലവാക്കിയത്. മുന്നണിയില്‍ പാര്‍ടികള്‍ പരസ്പരം സാമ്പത്തികമായി സഹായിക്കാറുണ്ട്്. ഇക്കാര്യത്തില്‍ ലീഗിന് വീഴ്ചപറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് മജീദ് പറഞ്ഞു.
deshabhimani 060113
No comments:
Post a Comment