Friday, January 4, 2013
കോടതി വിട്ടയച്ച ആളുമായി ഗൂഢാലോചനയോ?
എം എം മണി ഇനിയെന്തിന് ജയിലില്‍ തുടരണമെന്ന് ഹൈക്കോടതി. കോടതി വിചാരണ നടത്തി വിട്ടയച്ച പ്രതിയുമായി മണി ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദം എങ്ങനെ സ്വീകരിക്കാനാവുമെന്നും ജസ്റ്റിസ് പി ഭവദാസന്‍ നിരീക്ഷിച്ചു. അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മണിയുടെ ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം. കൊലപാതകം നടന്ന ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കാത്ത പൊലീസ് ഇപ്പോള്‍ ഗൂഢാലോചന ആരോപിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിചാരണ പൂര്‍ത്തിയായി പ്രതികളെ വിട്ടയച്ച കേസ് വീണ്ടും അന്വേഷിക്കുന്ന നില തുടരുന്നത് ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനന്തമായി നീളാനേ ഉപകരിക്കുവെന്നും കോടതി പറഞ്ഞു. വിചാരണ പൂര്‍ത്തിയായ കേസിന്റെ ഘടനയ്ക്കുതന്നെ രൂപഭേദം വരുത്തുന്നതാണ് മണിക്കെതിരായ കേസെന്നും ചൂണ്ടിക്കാട്ടി.
മണിയുടെ സ്വയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത കേസാണിതെന്നും പത്തോളം കൊലപാതകക്കേസുകള്‍കൂടി വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി അറിയിച്ചു. മണിയുടെ സാന്നിധ്യം ഇടുക്കി ജില്ലയില്‍ ഉണ്ടെങ്കില്‍ ആരും പൊലീസിന് തെളിവു നല്‍കില്ലെന്നും വിശദീകരിച്ചു. എന്നാല്‍, മറ്റു കേസുകള്‍ ഈ കേസിലെ ജാമ്യാപേക്ഷയെ എങ്ങനെ ബാധിക്കുമെന്ന് കോടതി ചോദിച്ചു. അന്വേഷണം പൂര്‍ത്തിയായശേഷം അറസ്റ്റ്ചെയ്ത മണി 42 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും മണിയെ ഇനിയും എന്തിനാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷന് വിശദീകരണമില്ലെന്നും പ്രതിഭാഗത്തു ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ വാദിച്ചു. മണി ജയിലില്‍ തുടരുന്നത് അന്യായ തടങ്കലായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണിക്ക് ജാമ്യം അനുവദിക്കുമെന്ന ഘട്ടത്തില്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിലപാട് മാറ്റി. പൊതുപ്രസ്താവന നടത്തുന്നതില്‍നിന്നു മണിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
(പി പി താജുദ്ദീന്‍)
deshabhimani 040113
Subscribe to:
Post Comments (Atom)
No comments:
Post a Comment