Friday, January 4, 2013

എസ്എഫ്ഐ പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 5 മുതല്‍

എസ്എഫ്ഐ അഖിലേന്ത്യാ പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ അഞ്ചുമുതല്‍ ഏഴുവരെ തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് വിദ്യാഭ്യാസ വിദഗ്ധന്‍ പ്രബീര്‍ പുര്‍കായസ്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി തെരഞ്ഞെടുത്ത 250 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ പ്രൊഫഷണല്‍ രംഗത്തെക്കുറിച്ചുള്ള എസ്എഫ്ഐയുടെ സമീപനരേഖ അവതരിപ്പിക്കും. പകല്‍ രണ്ടുമുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം- സര്‍ക്കാര്‍ നയവും സാമൂഹികനീതിയും എന്ന വിഷയത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എന്‍ജിനിയറിങ് പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ സമകാലിക നയത്തെക്കുറിച്ച് ടി ജയരാമന്‍, മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഡോ. ബി ഇക്ബാല്‍ എന്നിവര്‍ ക്ലാസെടുക്കും. ഞായറാഴ്ച പ്രതിനിധികളുടെ ചര്‍ച്ചയും മറുപടിയുമാണ്. തിങ്കളാഴ്ച പകല്‍ 11ന് വിദ്യാര്‍ഥി റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കണ്‍വന്‍ഷനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍പേഴ്സണ്‍ മേയര്‍ കെ ചന്ദ്രിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ആര്‍ എസ് ബാലമുരളി, എസ്എഫ്ഐ ജില്ലാപ്രസിഡന്റ് എ എം അന്‍സാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment