ഓഹരി തീരുമാനം പ്രതിഷേധാര്‍ഹം: പി പ്രസാദ്
പത്തനംതിട്ട: ആറന്മുള വിമാനത്താവള കമ്പനിയില്‍ പത്ത് ശതമാനം ഓഹരിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ ജില്ല സെക്രട്ടറി പി പ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെ വിമാനത്താവള പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള ഗൂഢ താല്‍പര്യമാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്താവളത്തിന്റെ പേരില്‍ നടന്ന എല്ലാ നിയമലംഘനങ്ങളെയും വെള്ളപൂശാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓഹരി പങ്കാളിത്ത തീരുമാനം. കേരള സര്‍ക്കാരിന് ആറന്മുള വിമാനത്താവള പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകുമെന്നത് മലേഷ്യയിലും ചെന്നൈയിലുമെല്ലാം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും കേരളത്തില്‍ രഹസ്യമാക്കി വെക്കുകയും ചെയതിരിക്കുകയായിരുന്നു. ആറന്മുളയിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതിന്റെ പേരില്‍ നിയമനടപടി നേരിടുന്ന വിമാനത്താവള കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം കള്ളന് മോഷണ മുതല്‍ തിരിച്ച് നല്‍കി മാന്യമെന്ന പദവിയും സമ്മാനിക്കുന്നതിന് തുല്യമാണ്.
ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ നശിപ്പിച്ചും നൂറ് കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വിമാനത്താവള പദ്ധതിക്കെതിരെ ഒരു ദേശം മുഴുവന്‍ പ്രക്ഷോഭ ഭൂമിയില്‍ അണിനിരക്കുമ്പോഴാണ് സര്‍ക്കാര്‍ തന്നെ വിമാനത്താവള കമ്പനിയില്‍ ഓഹരിപങ്കാളിത്തം വാങ്ങി നിയമലംഘനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍തന്നെ നിയോഗിച്ച പരിസ്ഥിതി കമ്മിറ്റിയും കോടതിയും ആശങ്ക രേഖപ്പെടുത്തുകയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതുമായ വിമാനത്താവള പദ്ധതി എങ്ങനെയും നടപ്പിലാക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതിലൂടെ കെജിഎസ് കമ്പനിയുടെ വിനീത ദാസന്മാരായി മാറുന്ന കാഴ്ച ദയനീയമാണെന്നും പ്രസാദ് പറഞ്ഞു.
ആറന്മുള വിമാനത്താവളം സര്‍ക്കാര്‍ പ്രഖ്യാപനം ജനദ്രോഹപരം: എം എം മണി
കോഴഞ്ചേരി: ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന് ജനങ്ങള്‍ ഒന്നാകെ പറയുമ്പോഴും നിങ്ങള്‍ക്ക് വിമാനത്താവളം തന്നിരിക്കുമെന്നു പ്രഖ്യാപിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. ആറന്മുളവിമാനത്താവള ഭൂമിയില്‍ പത്താം ദിവസത്തെ ഭൂസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതം സാധ്യമല്ലെങ്കില്‍ പിന്നെന്തിനു വികസനം. ആറന്മുള വിമാനത്താവളത്തിന്റെ പിന്നില്‍ സോണിയഗാന്ധിയും മരുമകന്‍ റോബര്‍ട്ട് വധേരയും റിലയന്‍സുമാണ്. കെജിഎസ് ഗ്രൂപ്പിന്റെ പിന്നിലുള്ള അദൃശ്യശക്തികളാണിത്. പാടശേഖരം നികത്തിയാല്‍ ദേശീയ നഷ്ടമാണുണ്ടാവുക എന്ന സാമാന്യ ബോധം പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ലാതെ പോയി. ഭൂസമരം പത്തുനാള്‍ കഴിഞ്ഞിട്ടും സമരക്കാരെ അറസ്റ്റുചെയ്യാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന് ആര്‍ജ്ജവില്ലാത്തതിനാലാണ്. ഭരണാധികാരം എതിര്‍ രാഷ്ട്രീയക്കാരെ ആക്രമിക്കാനുപയോഗിക്കുന്നവര്‍ വിലക്കയറ്റത്തെകുറിച്ചു പറയുമ്പോള്‍ നിശബ്ദരാകുകയാണ്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉമ്മന്‍ചാണ്ടി പൊട്ടന്‍ പുട്ടുവിഴുങ്ങിയതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം സാമുദായിക ചേരിതിരിവ് രൂക്ഷമാണ്. കേന്ദ്രമന്ത്രി ആന്റണിക്കുപോലും കേരളം ഭ്രാന്താലയമാണെന്ന് പറയേണ്ടിവന്നു. സ്ത്രീത്വത്തിനെതിരെ രാജ്യത്ത് വ്യാപകമായ കടന്നാക്രമണമാണ് നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് ചികിത്സതേടി ഇന്ത്യയിലേക്കാളുകള്‍ വരുമ്പോള്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് എന്തിനാണ്. എന്തൊക്കെയോ ഇവിടെ ചീഞ്ഞുനാറുന്നുണ്ട്. ഭരണക്കാരുടെ വേണ്ടപ്പെട്ടവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാവുമെന്ന് സംശയിക്കേണ്ടതായുണ്ടെന്നും മണി പറഞ്ഞു.
deshabhimani 110113
No comments:
Post a Comment