Monday, January 7, 2013

വിദ്യാഭ്യാസമേഖലയെ രക്ഷിക്കാന്‍ പാര്‍ലമെന്റില്‍സമഗ്രനിയമം നിര്‍മിക്കണം: എസ്എഫ്ഐ


രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യകച്ചവടക്കാരുടെ കൊള്ളയില്‍നിന്ന് രക്ഷിക്കാനും വിദ്യാഭ്യാസമൂല്യങ്ങള്‍ സംരക്ഷിക്കാനും പാര്‍ലമെന്റ് സമഗ്ര നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും സെക്രട്ടറി ഋതബ്രത ബാനര്‍ജിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് ആറിന് പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥിമാര്‍ച്ച് സംഘടിപ്പിക്കും.

രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യകച്ചവടക്കാരുടെ പിടിയിലാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമ്പോള്‍ ശക്തമായ നിയമത്തിന്റെ അഭാവംമൂലം കച്ചവടക്കാര്‍ക്ക് അനുകൂലമായ വിധികളാണ് ഉണ്ടാകുന്നത്. ഭരണസ്വാധീനമുപയോഗിച്ച് നിയമങ്ങള്‍ കാറ്റില്‍പറത്തി വിദ്യാഭ്യാസക്കച്ചവടം പൊടിപൊടിക്കുകയാണ്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക. യോഗ്യതയുള്ള അധ്യാപകരാണ് ഉള്ളതെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, പുതുതലമുറ പ്രൊഫഷണല്‍ കോഴ്സുകള്‍ നിയന്ത്രിക്കുന്നതിനും അഫിലിയേഷന്‍ ഉറപ്പാക്കുന്നതിനും നിയമം നിര്‍മിക്കുക, പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ഉറപ്പാക്കുക തുടങ്ങി 16 ആവശ്യങ്ങള്‍ അടങ്ങിയ രേഖ എസ്എഫ്ഐ സര്‍ക്കാരിന് സമര്‍പ്പിക്കും. എസ്എഫ്ഐ 17 അംഗ പ്രൊഫഷണല്‍ വിദ്യാഭ്യാസ സബ്കമ്മിറ്റിക്ക് രൂപം നല്‍കി. ടി പി ബിനീഷും ദേബജ്യോതി ദാസും കണ്‍വീനര്‍മാരായുള്ളതാണ് കമ്മിറ്റി. ഇനി സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിക്കും. വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമം പരിശോധിക്കാന്‍ കലാലയങ്ങളില്‍ സമിതി വേണമെന്ന എസ്എഫ്ഐ ആവശ്യം നടപ്പായില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ ഇത് എതിര്‍ക്കുകയാണ്. ഈ സമിതി രൂപീകരിക്കാന്‍ സത്വര നടപടി വേണം- നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വിക്രംസിങ്, ദേബജ്യോതി ദാസ്, ടി പി ബിനീഷ്, ഷിജൂഖാന്‍, ആര്‍ എസ് ബാലമുരളി എന്നിവരും പങ്കെടുത്തു.

റാലിയും പൊതുസമ്മേളനവും ഇന്ന് പിണറായി ഉദ്ഘാടനം ചെയ്യും

തിരു: എസ്എഫ്ഐ സംഘടിപ്പിച്ച മൂന്നു ദിവസത്തെ അഖിലേന്ത്യ പ്രൈവറ്റ്, പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്‍വന്‍ഷന് സമാപനം കുറിച്ച് തിങ്കളാഴ്ച വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടക്കും. രാവിലെ 10ന് പിഎംജി ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് 11ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. പ്രൊഫഷണല്‍ വിദ്യാഭ്യാസ നയസമീപന രേഖ ചര്‍ച്ചയ്ക്ക് വിധേയമാക്കിയശേഷം കണ്‍വന്‍ഷന്‍ ഞായറാഴ്ച വൈകിട്ട് സമാപിച്ചു. സമാപനയോഗത്തില്‍ സി പി നാരായണന്‍ എംപി മുഖ്യാതിഥിയായി. എസ്എഫ്ഐ പ്രസിദ്ധീകരിച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സുവനീര്‍ "വോയ്സ്" സി പി നാരായണന്‍ വിദ്യാര്‍ഥിനി ആരതിക്ക് നല്‍കി പ്രകാശനംചെയ്തു. ഡോ. വി ശിവദാസന്‍, ഋതബ്രത ബാനര്‍ജി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ എസ് ബാലമുരളി സ്വാഗതവും എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം നന്ദിയും പറഞ്ഞു.

deshabhimani 070113

No comments:

Post a Comment