Monday, January 7, 2013
സാംസ്കാരികപ്രവര്‍ത്തകരുടെ വിശാലമുന്നണി വേണം
സാമ്രാജ്യത്വവും ആഗോളവല്‍ക്കരണവും സൃഷ്ടിക്കുന്ന ഭീഷണിയെയും സാമൂഹ്യജീര്‍ണതകളെയും നേരിടാന്‍ എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും വിപുലമായ മുന്നണി കെട്ടിപ്പടുക്കണമെന്ന ആഹ്വാനത്തോടെ എഴുത്തുകാരുടെ സംഗമം സമാപിച്ചു. മനുഷ്യനന്മയും മതനിരപേക്ഷതയും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ എഴുത്തുകാരും ഒറ്റക്കെട്ടാവണമെന്ന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യപ്രഭാഷണം നടത്തിയ കെ സച്ചിദാനന്ദന്‍ എഴുത്തുകാരുടെ വിപുലമായ കൂട്ടായ്മയുടെ അനിവാര്യത ഉയര്‍ത്തിക്കാട്ടി. പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും വാശിപിടിച്ചിട്ടില്ലെന്ന് ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ പറഞ്ഞു. ഭാവി പരിപ്രേക്ഷ്യത്തെക്കുറിച്ച് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരായ ദേശീയപ്രസ്ഥാനക്കാര്‍ക്കും മതേനിരപേക്ഷവാദികള്‍ക്കും ഒന്നിച്ചു നില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പൊതുനന്മക്കായി എഴുത്തുകാര്‍ യോജിക്കണമെന്ന് സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിലെ പല നേതാക്കളും ഇതിനോട് യോജിക്കാത്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. എസ് രാജശേഖരന്‍ അധ്യക്ഷനായി. പ്രൊഫ. എം എം നാരായണന്‍, ടി ആര്‍ ചന്ദ്രദത്ത്, ഡോ. പി എസ് ശ്രീകല, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കഥാകൃത്തുക്കളുടെ കൂട്ടായ്മ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. അശോകന്‍ ചരുവില്‍ അധ്യക്ഷനായി. പാങ്ങില്‍ ഭാസ്കരന്‍, ടി കെ ഗംഗാധരന്‍, ഡോ. പി വി പ്രഭാകരന്‍, വി കെ സുരേഷ്കുമാര്‍, ശ്രീലത, ആശ ചാക്കോച്ചന്‍, എം എന്‍ വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. രംഗകലാകാര സമ്മേളനം ഷിബു എസ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി എ ഉഷാകുമാരി അധ്യക്ഷയായി. വി ഡി പ്രേംപ്രസാദ് സ്വാഗതവും സുരേഷ് ഒറ്റാലി നന്ദിയും പറഞ്ഞു. കവിതാസംവാദം ലളിത ലെനിന്‍ ഉദ്ഘാടനം ചെയ്തു. രാവുണ്ണി അധ്യക്ഷനായി. ഡോ. ഷീല വിശ്വനാഥന്‍ സ്വാഗതവും എം കെ പശുപതി നന്ദിയും പറഞ്ഞു. ചലച്ചിത്രകാരന്മാരുടെ സംഗമം പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. പി കെ ഭരതന്‍ അധ്യക്ഷനായി. ധനഞ്ജയന്‍ മച്ചിങ്ങല്‍ സ്വാഗതവും വി മുരളി നന്ദിയും പറഞ്ഞു. സമാപനസമ്മേളനം ബാബു എം പാലിശേരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം മുരളീധരന്‍ അധ്യക്ഷനായി. അശോകന്‍ ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു. പി എസ് ഷാനു സ്വാഗതവും ടി ആര്‍ സുരേഷ് നന്ദിയും പറഞ്ഞു.
സമൂഹ്യമാറ്റത്തിന് സാംസ്കാരികപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: എം എ ബേബി
ജീവിതയോഗ്യമല്ലാത്ത സമൂഹത്തെ മാറ്റിപ്പണിയാന്‍ എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇന്നത്തെ കാലം സംസ്കാരത്തെ ലജ്ജിപ്പിക്കുന്നതാണ്്. സാമൂഹ്യജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഗൗരവമായി കഴിയുന്നുണ്ടോയെന്ന് സാംസ്കാരികപ്രവര്‍ത്തകര്‍ പരിശോധിക്കണം. പുരോഗമന കലാസാഹിത്യസംഘം പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സാഹിത്യ അക്കാദമിയില്‍ നടന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.
പുരുഷനെന്നുപറയാന്‍ അപമാനം തോന്നിപ്പിക്കുന്ന സാമൂഹ്യസാഹചര്യമാണ്. ഇത്തരം ലോകം സൃഷ്ടിച്ചത് നാംതന്നെയാണ്. സ്ത്രീയെന്നത് കൈയേറി ഉപയോഗിക്കാനുള്ള വസ്തുവാണെന്നാണ് ഇന്നത്തെ ധാരണ. വിവാഹത്തിന് സ്ത്രീധനം ചര്‍ച്ച ചെയ്യില്ലെന്ന നിലപാടെടുക്കാന്‍ ആരും തയ്യാറല്ല. സ്ത്രീധനം ഉപേക്ഷിക്കാന്‍ ധീരതയുള്ള യുവാക്കളും ഇല്ലാതാവുന്നു. ലോകം കമ്പോളമാകുമ്പോള്‍ എല്ലാം കച്ചവടക്കണ്ണില്‍ കാണാനാണ് സാമൂഹ്യാവസ്ഥ പ്രേരിപ്പിക്കുന്നത്. ഇതില്‍നിന്നാണ് ആഭരണഭ്രമവും സമ്പത്തിന്റെ പ്രദര്‍ശനവും മദ്യപാന ആസക്തിയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമെല്ലാം ഉണ്ടാവുന്നത്. ഇവിടെയാണ് സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മൂല്യങ്ങളുടെ പ്രസക്തി. ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടുകളെ തിരുത്തിക്കാന്‍ എഴുത്തുകാരുടെ കടമ വലുതാണ്. സാമൂഹ്യമേഖലയിലെ സര്‍ഗാത്മകമായ ഇടപെടലുകളുടെ ആവേശകരമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിനു കഴിയണമെന്നും എം എ ബേബി പറഞ്ഞു.
യോഗത്തില്‍ വൈശാഖന്‍ അധ്യക്ഷനായി. കവി സച്ചിദാനന്ദന്‍, നോവലിസ്റ്റ് സി രാധാകൃഷ്ണന്‍, മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ക്ക് സംഘത്തിന്റെ ഉപഹാരം എം എ ബേബി നല്‍കി. സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ജൂബിലി സന്ദേശം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ മുരളി പെരുനെല്ലി സ്വാഗതവും കണ്‍വീനര്‍ പ്രൊഫ. കെ യു അരുണന്‍ നന്ദിയും പറഞ്ഞു.
ഭരണം ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കാത്തത്: സച്ചിദാനന്ദന്‍
ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാത്ത ഭരണവ്യവസ്ഥയാണ് രാജ്യത്ത് തുടരുന്നതെന്ന് കവി സച്ചിദാനന്ദന്‍. മൂലധനാധിപത്യം, പുരുഷാധിപത്യം, സവര്‍ണാധിപത്യം എന്നിവ കൂടിച്ചേര്‍ന്ന സ്ഥിതിയാണ്. ഈ സാമൂഹ്യവ്യവസ്ഥിതിയെ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാക്കുമെന്ന ചോദ്യമാണ് ഇടതുപക്ഷവും പുരോഗമന എഴുത്തുകാരും നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ചേര്‍ന്ന എഴുത്തുകാരുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെറുന്യൂനപക്ഷം കൈയടക്കിവച്ച ഭൂമി, വായു, അറിവ്, സംസ്കാരം എന്നിവ എല്ലാവരുടേതുമാണെന്ന സത്യം അംഗീകരിക്കപ്പെടണം. മൂലധനത്തിന്റെയും വിപ്ലവത്തിന്റെയും പ്രതിസന്ധികള്‍ ലോകത്തെ മാര്‍ക്സിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ്. ജീവിതവും സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മാര്‍ക്സിസത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്ന് മാര്‍ക്സിസ്റ്റ്വിരുദ്ധരും ഇന്ന് അംഗീകരിക്കുന്നു. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്കെതിരെ എഴുത്തുകാരും പുരോഗമനവാദികളും സാര്‍വദേശീയത ഉയര്‍ത്തിപ്പിടിക്കണം. ആദ്യകാലത്ത് ഉയര്‍ത്തിപ്പിടിച്ച ബഹുസ്വരത പിന്നീട് നഷ്ടപ്പെട്ടതാണ് പുരോഗമന സാഹിത്യപ്രസ്ഥാനത്തിനുണ്ടായ ക്ഷീണത്തിന്റെ മുഖ്യകാരണം. എല്ലാത്തിനെയും വര്‍ഗവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയത് ജീവിതത്തിന്റെ പരിണാമങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കുറച്ചു. പല പിശകുകളും ഇ എം എസ്തന്നെ പിന്നീട് തിരുത്തിയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
deshabhimani 070113
Labels:
പു.ക.സ,
രാഷ്ട്രീയം,
സാംസ്കാരികം
Subscribe to:
Post Comments (Atom)
No comments:
Post a Comment