Saturday, January 5, 2013

ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ല: സുപ്രീംകോടതി


സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കുറ്റപത്രം ചുമത്തപ്പെട്ട എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഈ വിഷയം തങ്ങളുടെ ന്യായാധികാരത്തില് വരുന്നതല്ലെന്ന കാരണം കാട്ടിയാണ് ആവശ്യം ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും ദീപക് മിശ്രയും ഉള്‍പ്പെട്ട ബഞ്ച് നിരാകരിച്ചത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസ് കേള്‍ക്കുന്നതിന് അതിവേഗ കോടതികള്‍, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണങ്ങള്‍ എന്നീ വിഷയങ്ങള്‍ കോടതി പരിഗണിക്കും. ബലാത്സംഗ കേസുകള്‍ കേള്‍ക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് നാലാഴ്ചയ്ക്കകം അറിയിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായ എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കുക, ബലാത്സംഗ കേസുകളില്‍ വാദംകേള്‍ക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് കോടതി വെള്ളിയാഴ്ച പരിഗണിച്ചത്. എംപിമാരും എംഎല്‍എമാരുമായി രാജ്യത്താകെയുള്ള 4835 പേരില്‍ 1448 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകര്‍ പരാമര്‍ശിച്ചപ്പോള്‍ ആ വിഷയത്തിലേക്ക് തങ്ങള്‍ കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ അന്വേഷണം തൃപ്തികരമായ വിധത്തിലല്ലെങ്കില്‍ അത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയായി കാണണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ക്ക് മുന്നോട്ടു വയ്ക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും&ാറമവെ;ബലാത്സംഗങ്ങളും ചെറുക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കാനും ശക്തിപ്പെടുത്താനുമായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ എസ് വര്‍മ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അതിവേഗ കോടതികളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും പ്രതികരണം തേടിയ കോടതി പ്രത്യേക കോടതികള്‍ക്ക് മാത്രമായി ജഡ്ജിമാരുണ്ടാകുമോ, അവരെ എങ്ങനെ തെരഞ്ഞെടുക്കും, ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകുമോ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പ്രൊമില ശങ്കറും അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയായ ഒമിക ദൂബെയുമാണ് സ്ത്രീപീഡന കേസുകള്‍ കേള്‍ക്കാര്‍ അതിവേഗ കോടതികളെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ പേര് ഹരിയാന പ്രസിദ്ധീകരിക്കുന്നു

ചണ്ഡിഗഢ്: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരം ഹരിയാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ തിരിച്ചറിയാനും മറ്റുള്ളവരില്‍ ബോധവല്‍ക്കരണം നടത്താനുമാണ് ഈ നീക്കം. സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരം നവമാധ്യമങ്ങളിലും ലഭ്യമാകും. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ബലാത്സംഗം, പീഡനം, സ്ത്രീധനപീഡനം, മരണം തുടങ്ങി സ്ത്രീകള്‍ക്കെതിരായ കേസുകളില്‍പ്പെട്ടവരുടെ പേരുവിവരമാണ് പ്രസിദ്ധീകരിക്കുക. ഇതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തന്നെ 2500 വരുമെന്നാണ് സൂചനകള്‍.

ബലാത്സംഗം: അസമില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലിലെ കോണ്‍ഗ്രസ് പാര്‍ടി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബിക്രംസിങ് ബ്രഹ്മയാണ് അറസ്റ്റിലായത്. ബക്സ് സപാഗുരിയില്‍ 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. ചിരാങ് ജില്ലയിലെ സല്‍ബാരിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തതായാണ് കേസ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടമ്മയെ നാളുകളായി ശല്യംചെയ്തിരുന്നു. ബുധനാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മ ബഹളമുണ്ടാക്കുകയും ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ മര്‍ദിച്ച് തടഞ്ഞുവയ്ക്കുകയുമായിരുന്നു. ബക്സ ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് ബ്രഹ്മ.

deshabhimani

No comments:

Post a Comment