Saturday, January 5, 2013

മെത്രാന്‍കായലില്‍ ചുവപ്പിന്റെ ഗര്‍ജനം


ചെങ്കൊടിയുടെ കരുത്ത് നാലാംദിനവും മെത്രാന്‍കായല്‍ ഏറ്റുവാങ്ങിയപ്പോള്‍ മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കമായി. ഉച്ചവെയിലിന്റെ കാഠിന്യത്തിനും പോരാട്ടവീറിനെ തളര്‍ത്താനായില്ല. കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളില്‍ രക്തതാരകം ഉയര്‍ന്ന കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ മാറ്റൊലി പോലെ വീണ്ടും കായല്‍നിലം രണാങ്കണമായി. മണ്ണിനും വീടിനുമായുള്ള പോരാട്ടത്തില്‍ ചരിത്രം കുറിക്കുന്ന ഭൂസമരത്തിലേക്ക് വെള്ളിയാഴ്ച ചങ്ങനാശേരിയുടെ പടനായകര്‍ ചുവടുവച്ചു. ഭൂസമരത്തിന്റെ ഭാഗമായി മെത്രാന്‍കായലിലേക്ക് നാലാംദിനവും 250 വളണ്ടിയര്‍മാര്‍ മാര്‍ച്ച്ചെയ്തു. ഇവര്‍ക്കൊപ്പം സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍അണിചേര്‍ന്നു.

രാവിലെ പത്തോടെ അട്ടിപ്പീടികയില്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. പൊന്നുവിളയുന്ന മെത്രാന്‍കായല്‍ ഭൂമാഫിയക്ക് വിട്ടുകൊടുക്കില്ലെന്ന താക്കീതുയര്‍ത്തിയാണ് മാര്‍ച്ച് സമരഭൂമിയില്‍ പ്രവേശിച്ചത്. കായല്‍ചിറയില്‍ ചേര്‍ന്നയോഗം സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമരനായകനും സിഐടിയു ജില്ലാസെക്രട്ടറിയുമായ ടി ആര്‍ രഘുനാഥനെ അദ്ദേഹം രക്തഹാരമണിയിച്ചു. തുടര്‍ന്ന് സുരേഷ്കുറുപ്പ് കൈമാറിയ ചെങ്കൊടി രഘുനാഥന്‍ മണ്ണില്‍ നാട്ടി അവകാശമുറപ്പിച്ചു. സിപിഐ എം ചങ്ങനാശേരി ഏരിയസെക്രട്ടറി എ വി റസല്‍ അധ്യക്ഷനായി. ക്യാപറ്റന്‍ ടി ആര്‍ രഘുനാഥന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാസെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, കെഎസ്കെടിയു ജില്ലാപ്രസിഡന്റ് അഡ്വ. വി എന്‍ ശശിധരന്‍, കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് പി എന്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഭൂസംരക്ഷണസമിതി ഏരിയചെയര്‍മാന്‍ അഡ്വ. ജോസഫ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. കോട്ടയം ഏരിയസെക്രട്ടറി എം കെ പ്രഭാകരന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ അയ്മനം ബാബു, കെഎസ്കെടിയു ജില്ലാസെക്രട്ടറി പി എം തങ്കപ്പന്‍ എന്നിവര്‍ സന്നിഹിതരായി. പി എന്‍ രാജപ്പന്‍, പി എ അബ്ദുള്‍സലാം, ജി സുഗതന്‍, കെ ഡി സുഗതന്‍, ഷൈലജ സോമന്‍, എ എന്‍ തമ്പി, കെ സി ജോസഫ്, വി മനോഹരന്‍, കെ ഡി മോഹനന്‍, അഡ്വ. പി രവീന്ദ്രനാഥ്, പി എ നിസാര്‍, കെ ആര്‍ പ്രകാശ്, ടി പി അജികുമാര്‍, എം എന്‍ മുരളീധരന്‍, ബെന്നി തോമസ്, പിഎന്‍എം സാലി, എം എസ് വര്‍ഗീസ്, തോമസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനം കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍, ഭൂസംരക്ഷണസമിതി ജില്ലാസെക്രട്ടറി പ്രൊഫ. എം ടി ജോസഫ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, ജില്ലാസെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച കടുത്തുരുത്തി ഏരിയയിലെ വളണ്ടിയര്‍മാര്‍ സമരഭൂമിയില്‍ അവകാശം സ്ഥാപിക്കും. സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി പി ഇസ്മയില്‍ നേതൃത്വം നല്‍കുന്ന സമരം വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

50 ലക്ഷംവരെ വാഗ്ദാനം; ഭീഷണിക്കും വഴങ്ങാതെ കര്‍ഷകന്‍

കുമരകം: ""ഒരേക്കര്‍ നിലത്തിന് 50 ലക്ഷം തരാമെന്നായിരുന്നു വാഗ്ദാനം, കൊടുക്കില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോള്‍ ഭീഷണിയായി, വഴങ്ങിയില്ല. എന്റെ പ്രാണന്‍ പോകുന്നതുവരെ കൃഷിക്കാരനായി ജീവിക്കാനാണ് ആഗ്രഹം."" ഭൂമാഫിയ വാങ്ങി തരിശിട്ട മെത്രാന്‍കായല്‍ പാടശേഖരത്തിലെ അവശേഷിക്കുന്ന കര്‍ഷകരിലൊരാളായ ചെങ്ങളം കുഴിയില്‍ കരുണാകരന്റേതാണ് ഈ വാക്കുകള്‍. അരനൂറ്റാണ്ടിലേറെയായി പുഞ്ചപ്പാടങ്ങളുടെ പച്ചപ്പ് നെഞ്ചില്‍ സൂക്ഷിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതം 86-ാം വയസ്സിലും നെല്‍പ്പാടങ്ങള്‍ക്കരികിലാണ്.

അഞ്ചുവര്‍ഷം മുമ്പാണ് കര്‍ഷകര്‍ക്ക് മോഹവില നല്‍കി റിയല്‍എസ്റ്റേറ്റ് മാഫിയ മെത്രാന്‍കായല്‍ സ്വന്തമാക്കിയത്. 417 ഏക്കറില്‍ 385 ഏക്കറും ഇവര്‍ വാങ്ങിക്കൂട്ടി. ഏക്കറിന് 14 ലക്ഷം രൂപയ്ക്കാണ് പലരും ഭൂമി വിറ്റത്. ഏക്കറിന്ന് 40,000 മുതല്‍ 50,000 രൂപവരെ വിലയുള്ളപ്പോഴായിരുന്നു കൂടിയ തുക നല്‍കി ഭൂമി തട്ടിയെടുത്തതെന്ന് കരുണാകരന്‍ പറഞ്ഞു. ആ സമയത്ത് കൊടുക്കാതിരുന്നവര്‍ക്ക് പിന്നെയും വില കൂട്ടിക്കിട്ടി. 43 ലക്ഷത്തിനും കച്ചവടം നടന്നു. കണ്ണായ സ്ഥലം തന്റേതാണെന്നറിഞ്ഞ് അഞ്ചു തവണ ബ്രോക്കര്‍മാര്‍ സമീപിച്ചു. 50 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല. ആര്‍ക്കാണ് ഭൂമി കൊടുത്തതെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല. ആരോ സമീപിച്ചു; നല്ല പണം കിട്ടിയപ്പോള്‍ കൊടുത്തു. നെല്ല് ഇല്ലാതായാല്‍ കഞ്ഞികുടി മുട്ടുമെന്ന് ഓര്‍ക്കാതെയാണ് പലരും ടൂറിസത്തിന് പിന്നാലെ പോകുന്നതെന്നും കരുണാകരന്‍ ഓര്‍മപ്പെടുത്തി.

കരുണാകരന്റെ മകന്‍ ശശിധരന്റെ പേരിലാണ് അഞ്ചേക്കര്‍ ഭൂമിയുള്ളത്. മകന്റെ പേരിലാണെങ്കിലും 30 വര്‍ഷമായി കൃഷി നടത്തുന്നത് കരുണാകരനാണ്. തിരുവാര്‍പ്പ് ഒമ്പതിനായിരം ജെ ബ്ലോക്കില്‍ അഞ്ച് ഏക്കറും ചെങ്ങളം പറക്കരി പാടത്ത് രണ്ട് ഏക്കറും വാങ്ങി കൃഷി ചെയ്തു. ഒമ്പതിനായിരം പാടത്തെ ഭൂമി വിറ്റെങ്കിലും പറക്കരിയില്‍ കൃഷി ഇപ്പോഴും തുടരുന്നു. പാടം ഒരുക്കുന്നതും വിതയും ഞാറുനടീലും കൊയ്ത്തും മെതിയുമെല്ലാം ചെയ്യുമായിരുന്ന ഇദ്ദേഹം പ്രായാധിക്യം കൊണ്ട് ഇപ്പോള്‍ എല്ലാ ജോലിയും ഏറ്റെടുക്കുന്നില്ല. എന്നാലും പാടത്ത് മരുന്നുതളിയൊക്കെ സ്വയം ചെയ്യും. സര്‍ക്കാര്‍ മെത്രാന്‍കായല്‍ ഏറ്റെടുക്കണമെന്നാണ് കരുണാകരന്റെ അഭിപ്രായം. കലക്ടറുടെ ചുമതലയില്‍ കൃഷി ഇറക്കാനുള്ള നടപടി സ്വീകരിക്കണം. മെത്രാന്‍കായല്‍ അളന്നാല്‍ മിച്ചഭൂമി തിട്ടപ്പെടുത്താനാകുമെന്നും ഇദ്ദേഹം പറഞ്ഞു.

പഴയ കൊയ്ത്തുപാട്ടിന്റെ ഓര്‍മകളില്‍ പോര്‍നിലത്ത്

സിബി ജോര്‍ജ് കുമരകം: കുട്ടനാടന്‍ പുഞ്ചപ്പാടങ്ങളില്‍ കൊയ്ത്തരിവാളിന്റെ വായ്ത്തല മിനുക്കിയ വൈക്കത്തെ കര്‍ഷകത്തൊഴിലാളികളുടെ മനസ്സില്‍ "മെത്രാന്‍കായല്‍" ഇന്നും പച്ചപ്പ്. താഴ്ത്തി കൊയ്തും താളത്തില്‍ കൊയ്തുമെടുത്ത നെല്‍കതിരിന്റെ ഓര്‍മകളുമായാണ് തലയാഴം ഒതളത്തറയില്‍ അമ്മിണിയും രത്നമ്മയും വാഴവന നടുത്തട്ടില്‍ മാധവിയും പൊടിയാടിയില്‍ നിര്‍മലയും നടുവിലേഴത്തറ നാരായണിയും മെത്രാന്‍കായലിലെ സമരഭൂമിയിലെത്തിയത്. 20 വര്‍ഷം മുമ്പ് കൊയ്ത് മെതിയ്ക്കാനെത്തിയ ഇവര്‍ കുടുംബമായി കായല്‍ചിറയില്‍ കഴിഞ്ഞ ഓര്‍മകളും പങ്കുവച്ചു. അക്കാലത്ത് പാടത്തിറങ്ങാന്‍ തൊഴിലാളികള്‍ ഒത്തിരിയായിരുന്നു. പാടത്തിറങ്ങുന്നവരെ പാസ് കൊടുത്താണ് നിശ്ചയിച്ചത്- ചുളിവുവീണ മുഖമുയര്‍ത്തി മാധവി കായല്‍നിലത്തേക്ക് കണ്ണുപായിച്ചു.

ഞാറുനടുന്നത് മുതല്‍ വിതയും കൊയ്ത്തും മെതിയുമെല്ലാം കഴിയാന്‍ മാസങ്ങളെടുക്കും. കുടുംബത്തിലെ മുതിര്‍ന്നവരും തൊഴിലാളികളായതിനാല്‍ എല്ലാവരും താമസിക്കാനുള്ള അത്യാവശ്യം സാധനങ്ങളുമായി വള്ളത്തില്‍ കായല്‍നിലത്തേക്ക് പോരും. "പന്ത" (ചെറിയ കുടില്‍) ചിറയില്‍ നിര്‍മ്മിച്ചായിരുന്നു താമസം. കൊയ്ത്തുകാലമായാല്‍ കുട്ടനാട്ടില്‍ ധാരാളം പന്തകളുണ്ടാകുമായിരുന്നു. റാണി, ചിത്തിര, മാര്‍ത്താണ്ഡം, ഇരുപത്തിനാലായിരം തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്യാനെത്തിയ കഥയായിരുന്നു അമ്മിണിയുടെ വാക്കുകളില്‍ നിറഞ്ഞത്. "വരുന്നു ഞങ്ങള്‍ ഉയരത്തില്‍ കൊടിയേന്തി, തൊഴിലാളികള്‍ ഞങ്ങള്‍", "കുട്ടനാടിന്‍ പന്ത കൊയ്ത്തിനു പോകുന്നവര്‍ പട്ടിണിക്കാര്‍" തുടങ്ങിയ കൊയ്ത്ത്പാട്ടിന്റെ ഈണങ്ങളായിരുന്നു കൊടുംവെയിലില്‍നിന്ന് ആശ്വാസം പകര്‍ന്നിരുന്നത്. നൂറുമേനി വിളവ് തന്ന മെത്രാന്‍കായല്‍ തരിശായതുകണ്ട് വേദന തോന്നി. സമരഭൂമിയില്‍ നാടന്‍പാട്ടും മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ ആവേശം വിതറി.

ടിവി പുരം പഞ്ചായത്തംഗം കവിതാ റെജി, ഉദയനാപുരം വെസ്റ്റ് ലോക്കല്‍കമ്മിറ്റിയംഗം രാധാ പവിത്രന്‍, ഡിവൈഎഫ്ഐ വൈക്കം ടൗണ്‍ മേഖലാ പ്രസിഡന്റ് സുനിത രാജേഷ്, വെച്ചൂര്‍ വെസ്റ്റ് ലോക്കല്‍കമ്മിറ്റിയംഗം ടി ആര്‍ സന്തോഷ് എന്നിവരാണ് പാട്ടുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉദയനാപുരം ഈസ്റ്റിലെ പാര്‍ടിയംഗമായ അറുപത്തെട്ടുകാരി നാരായണിയുടെ കൊയ്ത്തുപാട്ടുകളും ആവേശം കൊള്ളിച്ചു.

ഭൂസമരത്തില്‍ ചരിയംതുരുത്ത് തിളയ്ക്കുന്നു

കൊച്ചി: കുടികിടപ്പവകാശത്തിനും മിച്ചഭൂമിക്കും നെല്ലളവുവീതം വര്‍ധിപ്പിക്കാനുംവേണ്ടി പ്രക്ഷോഭമുയര്‍ന്ന മണ്ണ് ചരിയംതുരുത്ത് ഭൂസമരത്തില്‍ തിളയ്ക്കുന്നു. അഞ്ചാംനാളിലേക്കു കടന്ന സമരത്തില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചതിലുമേറെ വളന്റിയര്‍മാരാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി പത്തുവരെ നീളുന്ന സമരത്തിന്റെ ആദ്യ നാലുനാളുകള്‍ പിന്നിട്ടപ്പോള്‍ത്തന്നെ നിശ്ചയിച്ചതിലും ഇരട്ടിയിലേറെ വളന്റിയര്‍മാര്‍ പങ്കെടുത്തു. കെഎസ്കെടിയു, കേരള കര്‍ഷകസംഘം, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാരാണ് ദിവസവും പങ്കെടുക്കുന്നത്. കടമക്കുടി ദ്വീപിലെ ദുര്‍ഘടമായ പാത താണ്ടിവേണം പിഴല ദ്വീപിന്റെ മറുകരയില്‍ ഏലൂര്‍പ്പുഴയുടെ തീരത്തെ സമരകേന്ദ്രത്തിലെത്താന്‍. പുതുശേരി കവലയില്‍നിന്ന് ഒരു കിലോമീറ്ററിലേറെ നടന്നാണ് സമരവളന്റിയര്‍മാര്‍ മുന്‍ ക്രിക്കറ്റ്താരം കപില്‍ദേവ് ഡയറക്ടറായ കമ്പനി ബിനാമി പേരുകളില്‍ വാങ്ങിക്കൂട്ടിയ പൊക്കാളി പാടശേഖരത്തില്‍ പ്രവേശിച്ചത്. സമരഭൂമിയില്‍ വൈകിട്ട് ആറുവരെ കുത്തിയിരിക്കുന്ന വളന്റിയര്‍മാര്‍ ജനുവരി 10നുശേഷം സമരം ശക്തമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യദിനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനോടൊപ്പം സമരകേന്ദ്രത്തില്‍ പ്രവേശിച്ച് അറസ്റ്റ്വരിക്കാന്‍ 250 വളന്റിയര്‍മാരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും 360 പേര്‍ എത്തി. സമരത്തിന് പ്രാരംഭംകുറിച്ച് പുതുശേരി കവലയില്‍നിന്ന് ചരിയംതുരുത്തിലേക്കു നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നത് പ്രക്ഷോഭത്തിന് ആവേശകരമായ തുടക്കമായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ നേതൃനിരയാകെ ചരിയംതുരുത്തിലെത്തിയതും ആവേശം വാനോളമുയര്‍ത്തി. എ കെ ജിയുടെ ആഹ്വാനം കേട്ട് 1970ല്‍ സ്വന്തം കുടികിടപ്പുകാര്‍ക്ക് അവകാശപ്പെട്ട ഭൂമി പതിച്ചുനല്‍കിയ വി എം വെങ്കിടേശ്വര പൈ, എ കെ ജിയോടൊപ്പം മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മകള്‍ പേറുന്ന തൊണ്ണൂറ്റിനാലുകാരന്‍ വാമനന്‍ എന്നിവര്‍ ചരിയംതുരുത്തിലെത്തിയത് ആദ്യകാല ഭൂസമരങ്ങളുടെ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നു. രണ്ടാംദിവസത്തെ സമരത്തില്‍ കേരള കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം പി കെ സോമന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം വളന്റിയര്‍മാര്‍ ചരിയംതുരുത്തിലെ ഭൂമിയില്‍ പ്രവേശിച്ചു. മുന്നൂറോളം പ്രവര്‍ത്തകരോടൊപ്പമാണ് ഇവര്‍ അറസ്റ്റ്വരിക്കാനുറച്ച് എത്തിയത്. പകല്‍ മുഴുവന്‍ നീണ്ട പ്രക്ഷോഭത്തിന് പടപ്പാട്ടുകളും വിപ്ലവഗാനങ്ങളും ആവേശം പകര്‍ന്നു. മൂന്നാംദിനം മൂവാറ്റുപുഴ, വൈപ്പിന്‍ ഏരിയകളില്‍നിന്നുള്ള വളന്റിയര്‍മാരാണ് നിയോഗിക്കപ്പെട്ടത്. നൂറ്റമ്പതോളം പ്രവര്‍ത്തകര്‍ പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് എം കെ പുരുഷോത്തമനോടൊപ്പം സമരത്തില്‍ പങ്കെടുത്തു. കോലഞ്ചേരി, ആലുവ ഏരിയകളിലെ തെരഞ്ഞെടുത്ത വളന്റിയര്‍മാരായിരുന്നു നാലാംദിനത്തിലെ സമരത്തില്‍ പങ്കെടുത്തത്. ശക്തമായ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അവഗണിച്ചാല്‍ ജനുവരി 10നുശേഷം സമരം ഏരിയ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുമെന്നും കുടില്‍കെട്ടി അവകാശം സ്ഥാപിക്കുന്നത് ഉള്‍പ്പെടെ സമരമാര്‍ഗങ്ങള്‍ ആവിഷ്കരിക്കുമെന്നും സമരനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

"ഞാളെ ഭൂമിക്ക് പട്ടയം കിട്ടണം"

കൊല്ലങ്കോട്: അട്ടപ്പാടി ചെമ്മണ്ണൂരിലെ മശാത്തി മൂപ്പത്തിക്കും കാരറ ഊരിലെ വെള്ളിഗിരിമൂപ്പനും ഒരേ ആവശ്യമാണ്- "ഞാളെ ഭൂമിക്ക് പട്ടയം കിട്ടണം". അതിനുവേണ്ടി ജയിലില്‍ പോകാന്‍ തയ്യാറായാണ് വന്നത്. കരിപ്പോടിലെ മിച്ചഭൂമിയില്‍ സമരത്തിന്70 വയസ്സ് പിന്നിട്ട അവരുടെ കൂടെ ഊരില്‍നിന്ന് 14പേര്‍ വന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഒരേ ആവശ്യം. 40 വര്‍ഷത്തിലധികമായി കൈവശംവയ്ക്കുന്ന ഭൂമിക്ക് കൈവശരേഖയില്ല. അതിനാല്‍ സര്‍ക്കാരിന്റെ ആനകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. വനംവകുപ്പുകാര്‍ ജണ്ട കെട്ടാനെന്നപേരില്‍ വന്നു ഭീഷണി മുഴക്കും. സ്വന്തം മണ്ണിലെ കൃഷി സംരക്ഷിക്കാന്‍പോലും വനംവകുപ്പുകാരുടെ കനിവു വേണം. തങ്ങള്‍ ജീവിക്കുന്ന മണ്ണിന് കൈവശരേഖ തരുന്നതിന് എന്താണ് തടസ്സം. "പഞ്ചായത്താപ്പീസില്‍ പോയാല്‍ നാളെ വാ എന്നു പറയും. അതെനി നടക്കില്ല. ഈ സമരത്തിലൂടെ പട്ടയം വാങ്ങിയെടുക്കും"- അവര്‍ പറഞ്ഞു. പ്രായത്തെ വകവയ്ക്കാത്ത ചുറുചുറുക്കോടെ മശാത്തിയും വെള്ളിഗിരിയും വളണ്ടിയര്‍മാരായി മിച്ചഭൂമിയില്‍ കുത്തിയിരുന്നു. മാരി, നഞ്ചി, ദുദ്ധന്‍, മുരുകന്‍, ഗോപാലന്‍ എന്നിവര്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു. ഒരു കുടിലില്‍ രണ്ടും മൂന്നും കുടുംബമാണ് കഴിയുന്നത്. നിന്നുതിരിയാന്‍ സ്ഥലമില്ല. ചെമ്മണ്ണൂര്‍ ഊരില്‍ 92കുടുംബമുണ്ട്. എന്നാല്‍, 65 വീടുകള്‍ മാത്രമാണുള്ളത്്.

ഈ അമ്മമാര്‍ പറയുന്നു ഞങ്ങടെ തൊഴിലും അന്നവുമെല്ലാം ഈ മണ്ണിനടിയിലായി

ആറന്മുള: അന്നൊക്കെ കൊയ്ത്തു കാലമെന്നു പറഞ്ഞാല്‍ ഉത്സവമാണ്. കണ്ണെത്താ ദൂരം ആറന്മുള പാടശേഖരങ്ങളില്‍ നെല്ലു വിളഞ്ഞു കിടക്കും. എവിടെ തിരിഞ്ഞാലും കറ്റ മെതിക്കളങ്ങളാണ്. രാത്രി കാറ്റില്‍ ഇളകിയാടുന്ന ശരറാന്തലുകള്‍. കൊയ്ത്തു തുടങ്ങിയാല്‍ കുട്ടികളെല്ലാം പാടത്തും വരമ്പിലുമാണ് ഓടിക്കളിക്കുന്നത്. ഞങ്ങള്‍ക്ക് കുത്തിയിരിക്കാന്‍ നേരമുണ്ടാകില്ല. കൊയ്യാനും മെതിക്കാനും പതിര് പാറ്റാനും പതമളക്കാനുമെല്ലാം പോകണം. പുന്നെല്ലിന്റെ കഞ്ഞി പാടത്തിന്റെ കരയിലെ തണലിലിരുന്നു കഴിക്കുന്നതിന്റെ രുചി മറ്റൊന്നിനും കിട്ടില്ല. പിന്നെ കൊയ്ത്തു പാട്ടിന്റെ താളവും. ഓര്‍മകളുടെ പാടവരമ്പത്തായിരുന്നു അവരെല്ലാം. പാപ്പാട്ടു തറയില്‍ കുഞ്ഞമ്മ ഗോപാലനും ഭാരതിയും പൊന്നമ്മ ഭാസ്കരനും പാട്ടുകളത്തില്‍ കുഞ്ഞമ്മ പൊടിയനും വടക്കടവില്‍ ലീലമ്മയും മണക്കാലില്‍ കുഞ്ഞമ്മ കേശവനും പുങ്ങയില്‍ തങ്കമ്മ കേശവനും പഴയ ഓര്‍മകളിലേക്ക് ഒരിക്കല്‍കൂടി നടന്നു. പക്ഷേ, അവര്‍ പണ്ട് നടന്ന പാടവരമ്പുകള്‍ ഇന്നില്ല. അവര്‍ പാടശേഖരങ്ങളിലേക്ക് വെള്ളം തേകിയ ചാലുകള്‍ ഇന്നില്ല. അതിന്റെയെല്ലാം മുകളില്‍ ടിപ്പറുകള്‍ പലതവണ പാഞ്ഞുപോയി. ജെസിബി വന്ന് മലകള്‍ പാടത്തേക്ക് അരിഞ്ഞു തള്ളി. ഇന്ന് കണ്ണെത്താ ദൂരത്തോളം നികത്തിയ ഭൂമി. ഞങ്ങടെ തൊഴിലും അന്നവുമെല്ലാം ഈ മണ്ണിനടിയിലായി - ആ അമ്മമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

പണ്ട് തമ്പുരാന്റേതായിരുന്നു ഈ പാടമെല്ലാം. അടിയാന് പണിയെടുക്കാന്‍ മാത്രം. കൂലി കൊടുത്താല്‍ വാങ്ങും. ഇല്ലെങ്കില്‍ ഒട്ടിയ വയറുമായി വിശന്നു കരയുന്ന മക്കളുടെ അടുത്തേക്ക്. ആ അരാജക കാലത്താണ് ഇവിടെയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കടന്നുവരവ്. കൂലിക്കും ജീവിത സുരക്ഷയ്ക്കും വേണ്ടി നിരവധി പോരാട്ടങ്ങള്‍. മര്‍ദനങ്ങള്‍, പൊലീസിനെ വരെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍- ഒന്നും അവര്‍ മറന്നിട്ടില്ല. നന്നായി ജോലി ചെയ്യുന്നവര്‍ക്ക് ഒന്നേകാല്‍ രൂപയും അല്ലാത്തവര്‍ക്ക് ഒരു രൂപയും കൂലിയുള്ള കാലം. അന്ന് ഒരു കിലോ കപ്പയ്ക്ക് 25 പൈസയാണ് വില. യൂണിയന്‍ ശക്തിപ്രാപിച്ചു വന്നു. നിരന്തര ബോധവല്‍ക്കരണം വേണ്ടിവന്നു, അടിമ ബോധത്തില്‍നിന്ന് തൊഴിലാളികളെ മാറ്റിയെടുക്കാന്‍. പണിയെടുക്കുന്നവരിലേറെയും സ്ത്രീകള്‍. കെഎസ്കെടിയുവിന്റെ യോഗം വിളിച്ചപ്പോള്‍ അന്ന് ഹാജരായത് 45 സ്ത്രീകള്‍. നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ ആറു മണിക്കൂര്‍ ജോലിയും വരമ്പില്‍ കൂലിയും തൃപ്തികരമായ പതവും തീര്‍പ്പു നേടുമ്പോള്‍ തൊഴിലാളികളില്‍ നല്ല ശതമാനവും അവകാശ ബോധമുള്ളവരായി മാറുകയായിരുന്നു. അന്തരിച്ച എം എം സുകുമാരനടക്കം നേതാക്കളും പ്രവര്‍ത്തകരും സഹിച്ച ത്യാഗങ്ങളും വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിത താളത്തെ വീണ്ടെടുക്കാനുള്ള പുത്തന്‍ ഭൂസമര പോരാട്ടത്തിന് ഈ അമ്മമാരുടെ പിന്തുണയും സാന്നിധ്യവും എപ്പോഴുമുണ്ട്.

ഷുക്കൂറിന്റെ ചരിത്രവിശകലനം അപാരം: സിപിഐ എം

ആലപ്പുഴ: ഭൂസമരം സംബന്ധിച്ച ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെ ചരിത്രവിശകലനം അപാരമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കിയതും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയതും കോണ്‍ഗ്രസാണെന്നുള്ള കണ്ടുപിടിത്തം അല്‍പ്പം കടന്ന കൈയ്യായിപ്പോയി. ഡിസിസി പ്രസിഡന്റിന്റെ വാദം മുഖവിലക്കെടുത്താല്‍ തന്നെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസിനു മാത്രമായി ഒരു പരിപാടിയുണ്ടോ. മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത ഒരു വെളിപാട് കേരളത്തില്‍ മാത്രം വന്നോ. 1936ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൃഷിഭൂമി കൃഷിക്കാരന് എന്ന പ്രമേയം അംഗീകരിച്ചതല്ലാതെ അത് നടപ്പാക്കാന്‍ വല്ലതും ചെയ്തോ. ഭൂപ്രഭുക്കന്മാരുടെ താല്‍പ്പര്യമല്ലാതെ ഭൂരഹിതരുടെ താല്‍പ്പര്യം കോണ്‍ഗ്രസ് ഭരണത്തില്‍ ഒരിടത്തും സംരക്ഷിക്കാനായില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴെല്ലാം ഭൂപരിഷ്കരണ നടപടികള്‍ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. നിലവിലുള്ള മിച്ചഭൂമി വിതരണം ചെയ്യാന്‍ നടപടിയില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നു. തോട്ടഭൂമിയുടെ അഞ്ചു ശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കുന്നു. കശുമാവ് തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നു. ഇങ്ങനെ നിലവിലുള്ള നിയമങ്ങള്‍ പോലും വന്‍കിടക്കാര്‍ക്ക് വേണ്ടി മാറ്റിയെഴുതുന്ന സര്‍ക്കാരിനെതിരെ ജനവികാരം ആഞ്ഞടിക്കുകയാണ്. സമരം രൂക്ഷമായപ്പോള്‍ 2015ല്‍ ഭൂമിനല്‍കുമെന്നാണ് പറയുന്നത്. ഭൂസമരത്തിന്റെ നാള്‍ വഴികള്‍ സ്വന്തം വീക്ഷണമനുസരിച്ച് തിരുത്തിയെഴുതുന്ന നടപടി വൃഥാവിലാകുകയേയുള്ളുവെന്ന് ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു.

deshabhimani 050113

No comments:

Post a Comment