Saturday, January 5, 2013
ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് പ്രചാരണം
ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദസംഘടനകള്‍ പ്രചാരണം നടത്തുന്നു. രണ്ടു ദിവസമായി ഈ സന്ദേശമടങ്ങിയ സിഡികള്‍ ഇടുക്കി ജില്ലയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് സിഡി സൗജന്യമായി വിതരണം ചെയ്തത്. മാസങ്ങളായി ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. തമിഴ് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണ് വൈകാരികവും ഭാഷാപരവുമായ പ്രചാരണം നടത്തുന്നത്. മുല്ലപ്പെരിയാര്‍ സമരം നടന്ന സമയത്ത് തമിഴ്നാടിന് അനുകൂലമായി വിടുതലൈ പുലികള്‍ എന്ന സംഘടനകളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ പ്രകടനം നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം മറയാക്കി തോട്ടം മേഖലയില്‍ ചില തീവ്രവാദസംഘടനകള്‍ മുതലെടുപ്പിന് ശ്രമിച്ചിരുന്നു. മൂന്നാര്‍ വിമോചനം എന്ന ആശയം തമിഴര്‍ക്കിടയില്‍ വ്യാപകമായി ഉയര്‍ത്താന്‍ അവര്‍ ശ്രമിച്ചു. വന്‍തോതില്‍ പണവും ഈ ആവശ്യത്തിനായി ചെലവഴിക്കപ്പെടുന്നുണ്ട്.
ഇടുക്കി പ്രദേശം തമിഴ്നാടിന്റെ ഭാഗമാണെന്നും അതുകൊണ്ട് തമിഴ്നാടിനോട് ചേര്‍ക്കണമെന്നുമാണ് ഇപ്പോള്‍ ഇറക്കിയ സിഡിയില്‍ പറയുന്നത്. തമിഴ്വംശജര്‍ക്കിടയിലാണ് തമിഴ്മക്കള്‍ പ്രചാരണം വ്യാപകമാവുന്നത്. കേരളത്തില്‍ തമിഴര്‍ക്ക് രക്ഷയില്ലെന്നും തമിഴരുടെ ജീവിതം നന്നാവണമെങ്കില്‍ തമിഴ്നാട്ടിലെത്തണം. ഇടുക്കിയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന തേനിയിലെ ചില സംഘടനകള്‍ വഴിയാണ് സിഡി എത്തിക്കുന്നത്. ഇടുക്കിയിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉന്നത പൊലീസ് അധികൃതര്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തലമുറകളായി ഇടുക്കിയില്‍ താമസിക്കുന്ന തമിഴ്വംശജര്‍ക്ക് ഇത്തരം അഭിപ്രായമില്ല. പുതിയ തലമുറയില്‍പ്പെട്ട ചിലരും തമിഴ്നാട്ടില്‍ നിന്നും വന്നുപോകുന്നവരുമാണ് പ്രചരണത്തിനു പിന്നില്‍. തമിഴ്നാട്ടിലേക്കാള്‍ കൂലി കൂടുതലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുമുള്ളതിനാലാണ് ഇടുക്കിയില്‍ താമസമുറപ്പിച്ചതെന്ന് തമിഴ്വംശജര്‍ തന്നെ പറയുന്നു. ഇത്തരം നീക്കങ്ങളൊന്നും ഇടുക്കിയിലെ ജനതയെ ഭിന്നിപ്പിക്കില്ലെന്ന് ജനപ്രതിനിധികളും പറയുന്നു.
deshabhimani
Labels:
ഇടുക്കി
Subscribe to:
Post Comments (Atom)
No comments:
Post a Comment