Wednesday, January 2, 2013

ഡിഎംആര്‍സിക്കെതിരെ ഡല്‍ഹിയില്‍ ഉദ്യോഗസ്ഥലോബി യോഗം ചേരും


കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെയും ഇ ശ്രീധരന്റെയും പങ്ക് സംബന്ധിച്ച അന്തിമതീരുമാനം ജനുവരി എട്ടിന് കൈക്കൊള്ളാനിരിക്കെ ഡിഎംആര്‍സിക്കെതിരായ ഉദ്യോഗസ്ഥലോബി ഡല്‍ഹിയില്‍ യോഗം ചേരുന്നു. കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് എട്ടിന് കേരളത്തിലെത്തുമ്പോള്‍ ഡിഎംആര്‍സിയുടെ സഹകരണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു മുന്നോടിയായി യോഗംചേരുന്നത് അട്ടിമറി ലക്ഷ്യമിട്ടാണെന്നാണ് സൂചന. കെഎംആര്‍എല്‍ രൂപംകൊടുത്തിട്ടുള്ള സാങ്കേതികവിദ്യ നവീകരണത്തിനുള്ള സബ്കമ്മിറ്റിയുടെ യോഗമാണ് ഡല്‍ഹിയില്‍ ചേരുന്നത്. ജനുവരി മൂന്നിനോ നാലിനോ ആയിരിക്കും യോഗം. റെയില്‍വേ ബോര്‍ഡ് അംഗം എ കെ ഗുപ്ത, ഡല്‍ഹി മെട്രോ റെയില്‍ ഡയറക്ടര്‍ ജിതേന്ദ്രത്യാഗി, ബംഗളൂരു മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡി ഡി പഹൂജ, കെഎംആര്‍എല്‍എംഡി ഏലിയാസ് ജോര്‍ജ്, കലക്ടര്‍ പി ഐ ഷേക് പരീത് തുടങ്ങിയവരാണ് സബ്കമ്മിറ്റിയിലുള്ളത്. യോഗത്തില്‍ പങ്കെടുക്കാന്‍ ഏലിയാസ് ജോര്‍ജും കെഎംആര്‍എല്‍ റോളിങ് സ്റ്റോക്ക് ഡിജിഎം ഹരിയുമടങ്ങുന്ന സംഘം അടുത്തദിവസം ഡല്‍ഹിക്കുപോകും.

മെട്രോപദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ല. ഇത് തീരുമാനിക്കാന്‍ നവംബര്‍ 23ന് പ്രത്യേകസമിതിയെ നിയോഗിച്ചിരുന്നു. കേരള, ഡല്‍ഹി ചീഫ് സെക്രട്ടറിമാരും കേന്ദ്ര നഗര വികസന സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണയുമടങ്ങുന്ന സമിതി ഒരുമാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഡിഎംആര്‍സിയും കെഎംആര്‍എലും വഹിക്കേണ്ട പങ്ക് സംബന്ധിച്ച് ഡിഎംആര്‍സി എംഡി മങ്കുസിങ് തയ്യാറാക്കിയ രേഖ സമിതിക്കു സമര്‍പ്പിച്ചിരുന്നു. രണ്ടുവട്ടം ഇതില്‍ തിരുത്തല്‍വരുത്തിയെങ്കിലും യോജിപ്പുണ്ടായിട്ടില്ല. കൊച്ചി മെട്രോയില്‍ ഡിഎംആര്‍സി സഹകരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സുധീര്‍കൃഷ്ണയുടെ വിയോജിപ്പാണ് തീരുമാനമെടുക്കുന്നതില്‍ പ്രധാന തടസ്സം. ഏറ്റവുമൊടുവില്‍, ഡിഎംആര്‍സിയും ശ്രീധരനും സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി കമല്‍നാഥും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡിഎംആര്‍സിയുടെ പങ്കെന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. നാമമാത്ര ചുമതല നല്‍കി ഡിഎംആര്‍സിയെ നോക്കുകുത്തിയാക്കാനുള്ള ചരടുവലികള്‍ നടക്കുന്ന സാഹചര്യത്തിലാണ് കമല്‍നാഥിന്റെ കേരള സന്ദര്‍ശനത്തിനുമുമ്പേ ജനുവരി ആദ്യവാരം ഉദ്യോഗസ്ഥസംഘം ഡല്‍ഹിയില്‍ യോഗം ചേരുന്നത്. കൊച്ചി മെട്രോയ്ക്കായി ഉപയോഗിക്കേണ്ട കോച്ചുകളുടെ വലിപ്പം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് സബ്കമ്മിറ്റി യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്. കമ്മിറ്റിയുടെ രണ്ടാമത്തെ യോഗമാണിത്.

deshabhimani

No comments:

Post a Comment