Wednesday, January 2, 2013
ആനുകൂല്യം അക്കൗണ്ടില്‍ പദ്ധതി പാളുന്നു
ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ധനസഹായം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി ആരംഭിച്ചത് ഒരുക്കങ്ങളില്ലാതെ. 51 ജില്ലയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി 43 ജില്ലയിലായി ചുരുക്കി. ജനുവരി ഒന്ന് ആയപ്പോഴേക്ക് അത് 20 ജില്ലയിലേക്ക് ചുരുക്കി. ബാക്കിയുള്ള 23 ജില്ലയില്‍ രണ്ട് ഘട്ടമായി പദ്ധതി തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഇതോടെ ക്ഷേമപദ്ധതികളെ ദുരുപയോഗിക്കുന്ന കോണ്‍ഗ്രസ് മറ്റൊരു ഊരാക്കുരുക്കിലായി.
ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ആനുകൂല്യവും ധനസഹായവും നല്‍കൂ എന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. ആധാര്‍ കാര്‍ഡിനുള്ള രജിസ്ട്രേഷന്‍ 2009ല്‍ത്തന്നെ ആരംഭിച്ചു. എന്നാല്‍, 123 കോടി ജനസംഖ്യയില്‍ അഞ്ചിലൊന്നിനുപോലും കാര്‍ഡ് ലഭിച്ചില്ല. ഇതിനകം രജിസ്റ്റര്‍ ചെയ്തത് 24 കോടിയോളം മാത്രം. കാര്‍ഡ് ലഭിച്ചതാകട്ടെ 21 കോടിയില്‍പരം പേര്‍ക്കുമാത്രം. 2014 ആകുമ്പോഴേക്ക് 60 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട 51 ജില്ലയില്‍ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനായി പിന്നീടുള്ള ശ്രമം. ഇതിനായി രാപകല്‍ ശ്രമിച്ചിയിട്ടും ലക്ഷ്യം നേടിയില്ല.
രാജസ്ഥാനില്‍ ആദ്യഘട്ടം പണം അക്കൗണ്ടിലേക്ക് നല്‍കല്‍ പരിപാടിക്കായി തെരഞ്ഞെടുക്കപ്പെട്ട അജ്മീര്‍, ഉദയ്പുര്‍, അള്‍വാര്‍ എന്നീ ജില്ലകളിലെ പകുതിപ്പേര്‍ക്കുപോലും ആധാര്‍ കിട്ടിയില്ല. 51 ജില്ലയിലും ആധാര്‍ രജിസ്ട്രേഷനും കാര്‍ഡ്വിതരണവും പൂര്‍ത്തിയാകില്ല എന്ന് ബോധ്യമായതോടെയാണ് 43 ജില്ലയില്‍ മാത്രം പണം അക്കൗണ്ടില്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതിനായി ഈ ജില്ലകളില്‍ ആധാര്‍ വിപ്ലവം കൊണ്ടുപിടിച്ചുനടത്തിയിട്ടും ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്തിയില്ല. പിന്നീടാണ് 20 ജില്ലയില്‍ ആദ്യഘട്ടമായി നടത്താന്‍ തീരുമാനിച്ചത്.
ജനുവരി ഒന്നിന് പദ്ധതി നടപ്പായ ജില്ലകളിലും ഗുണഭോക്താക്കള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് ലഭിച്ചില്ല. ഇതോടെയാണ് ആധാര്‍ ഇല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മാത്രം മതിയെന്ന നിബന്ധന വച്ചത്. എന്നാല്‍, ഗുണഭോക്താക്കള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങാനായില്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. ബാങ്കുകളോട് ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും അക്കൗണ്ട് തുറക്കാനാണ് നിര്‍ദേശം. എന്നാല്‍, ഒന്നിലധികം ഗുണഭോക്താക്കളുള്ള നിരവധി കുടുംബങ്ങളുള്ളയിടങ്ങളില്‍ ബാങ്കുകള്‍ വീണ്ടും ബുദ്ധിമുട്ടിലായി. കേരളത്തില്‍ വയനാട്, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. രണ്ടിടങ്ങളിലും ഈ മാസം വിതരണം നടക്കില്ല.
deshabhimani 020113
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment