Wednesday, January 2, 2013

അമേരിക്ക വീണ്ടും മാന്ദ്യത്തില്‍ വീഴാതിരിക്കാന്‍ സെനറ്റിന്റെ താങ്ങ്


അമേരിക്കയുടെ ഭീമമായ വായ്പാഭാരത്തിന്റെ ഫലമായുള്ള ധനപ്രതിസന്ധി തല്‍ക്കാലം ഒഴിവാക്കാനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റ് പാസാക്കി. തിങ്കളാഴ്ച അര്‍ധരാത്രിക്കുമുമ്പ് കോണ്‍ഗ്രസ് പാസാക്കേണ്ടിയിരുന്ന ബില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മാത്രമേ സെനറ്റിലെങ്കിലും പാസാക്കാനായുള്ളൂ. ഇനി പ്രതിനിധിസഭയും പാസാക്കിയശേഷം പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ടാലെ ബില്‍ നിയമമാകൂ. കോണ്‍ഗ്രസിലെ അധോസഭയായ പ്രതിനിധിസഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍മാര്‍ക്ക് ആയതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞേ (ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ) പ്രതിനിധിസഭയില്‍ ബില്ലിന്റെ ചര്‍ച്ച ആരംഭിക്കൂ. ചൊവ്വാഴ്ചതന്നെ സഭ ബില്‍ പാസാക്കിയില്ലെങ്കില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തല്‍ക്കാലത്തേക്കെങ്കിലും "കിഴുക്കാംതൂക്കില്‍" നിന്ന് പതിക്കും.

ഭൂരിപക്ഷം അമേരിക്കന്‍ കുടുംബങ്ങള്‍ക്കും നിലവിലുള്ള നികുതി നിരക്കുകള്‍ തുടരുന്നതാണ് സെനറ്റ് എട്ടിനെതിരെ 89 വോട്ടോടെ അംഗീകരിച്ച ബില്‍. പുതുവര്‍ഷദിനം മുതല്‍ 60,000 കോടി ഡോളറിന്റെ ചെലവുചുരുക്കലും നികുതിവര്‍ധനയും നടപ്പാകുന്നത് ഒഴിവാക്കുന്നതാണ് ബില്‍. ഈ ചെലവുചുരുക്കലുകള്‍ പുതിയ മാന്ദ്യത്തിലേക്ക് അമേരിക്കയെ തള്ളിവിട്ടേക്കാമെന്ന ആശങ്ക ശക്തമാണ്. 4,00000 ഡോളറില്‍ താഴെ വാര്‍ഷികവരുമാനമുള്ള വ്യക്തികള്‍ക്കും 4,50,000 ഡോളര്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നികുതിവര്‍ധന ഒഴിവാക്കുന്നതാണ് ബില്‍. 10 വര്‍ഷം കൊണ്ട് 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ നടപ്പാക്കാനുള്ള പദ്ധതി ആരംഭിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കും. 20 ലക്ഷത്തില്‍പരം തൊഴില്‍രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടും. ബില്‍ പാസാക്കിയതിനെ അഭിനന്ദിച്ച പ്രസിഡന്റ് ബറാക് ഒബാമ പ്രതിനിധിസഭയും ഉടന്‍ ബില്‍ പാസാക്കാന്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്‍കൈയില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക് പാര്‍ടികളുടെ നേതാക്കള്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിയത്. ഇതേസമയം അമേരിക്കയുടെ വായ്പാഭാരം നിശ്ചിതപരിധിയായ 16.4 ലക്ഷം കോടി ഡോളറില്‍ തിങ്കളാഴ്ച എത്തിയതായി ധനസെക്രട്ടറി തിമോത്തി ഗീത്നെര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് ഗീത്നെര്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ രണ്ട് വിരമിക്കല്‍ നിധികളില്‍ നിക്ഷേപിക്കുന്നത് ധനവകുപ്പ് നിര്‍ത്തിവച്ചിരിക്കുന്നതായും കത്തില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment