സിഎജിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി റിലയന്‍സിനും കാരിന്‍ ഇന്ത്യക്കും വാതക പര്യവേക്ഷണം നടത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുവാദം നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാതെ പെട്രോളിയം വാതക പര്യവേക്ഷണം നടത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ അനുവദിക്കരുതെന്നായിരുന്നു സിഎജി നിര്‍ദേശം. നിലവില്‍ എണ്ണ-വാതകം ഉല്‍പ്പാദിപ്പിക്കുന്ന പാടങ്ങളില്‍നിന്നുതന്നെ പര്യവേക്ഷണം നടത്താനാണ് മന്ത്രാലയം അനുവാദം നല്‍കിയിട്ടുള്ളത്. നിലവിലുള്ള പാടങ്ങളില്‍ പര്യവേക്ഷണം നടത്താന്‍ അനുവദിക്കരുതെന്ന മുന്‍ തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോഴത്തെ തീരുമാനം. എസ് ജയ്പാല്‍ റെഡ്ഡി മന്ത്രിയായിരിക്കെ അനുവാദം ലഭിക്കാതിരുന്ന പദ്ധതിക്കാണ് നവംബറില്‍ മന്ത്രിസ്ഥാനമേറ്റ വീരപ്പമൊയ്ലി അനുവാദം നല്‍കിയത്. റിലയന്‍സിന്റെ സമ്മര്‍ദത്തെതുടര്‍ന്നാണ് ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് മാറ്റിയതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം ഒരു കമ്പനിക്ക് ലഭിക്കുന്ന പ്രകൃതിവാതകം അവരുടെതന്നെ ഉപസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാനും പെട്രോളിയം മന്ത്രാലയം അനുവദിച്ചിരുന്നു. വാതകക്ഷാമം കാരണം വൈദ്യുതി ഉല്‍പ്പാദനം കുറയുന്ന സാഹചര്യത്തിലാണ് ഇതിന് അനുവാദം നല്‍കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. വാതകം വകമാറ്റി ചെലവഴിക്കുന്നതിനെയും നേരത്തെ സിഎജി എതിര്‍ത്തിരുന്നു. കൃഷ്ണ-ഗോദാവരി തടത്തിലെ ഡി-വണ്‍, ഡി-ടൂ എന്നീ വാതകക്കിണറിലും രാജസ്ഥാനിലെ എണ്ണപ്പാടവുമാണ് യഥാക്രമം റിലയന്‍സ് ഇന്‍ഡസ്ട്രീസിനും കാരിന്‍ ഇന്ത്യക്കും വീണ്ടും പര്യവേക്ഷണത്തിനായി അനുവദിച്ചത്. എന്നാല്‍, ഇതില്‍നിന്ന് വാണിജ്യ ഉല്‍പ്പാദനം നടത്തുന്നപക്ഷംമാത്രമേ ചെലവ് തിരിച്ചുകൊടുക്കൂ എന്ന നിബന്ധനമാത്രമാണ് മന്ത്രാലയം മുന്നോട്ടു വച്ചിട്ടുള്ളത്. പുതിയ പര്യവേക്ഷണമാണെങ്കില്‍ വാതകമോ പെട്രോളിയമോ കണ്ടെത്തിയാലും ഇല്ലെങ്കിലും ചെലവ് നല്‍കണമെന്നാണ് ചട്ടം.
deshabhimani 050113
No comments:
Post a Comment