Sunday, January 6, 2013

ഹരിഹരവര്‍മ കൊലക്കേസ്: കണ്ണൂരില്‍ പിടിയിലായത് കോണ്‍ഗ്രസ് പ്രാദേശികനേതാവും ബന്ധുവും


കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ കൊലക്കേസില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് പിടികൂടിയ രണ്ടുപേരും ബന്ധുക്കള്‍. മുഖ്യപ്രതി എരഞ്ഞോളി പെരുന്താറ്റില്‍ മൂര്‍ക്കോത്ത്ഹൗസില്‍ എം ജിതേഷ് (33) പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് "അമൂല്യരത്നങ്ങള്‍" തട്ടിയെടുത്ത് വര്‍മയെ കൊലപ്പെടുത്തിയത്. ജിതേഷിന്റെ ഇളയമ്മയുടെ മകനാണ് കൂട്ടുപ്രതിയായ കൂത്തുപറമ്പിനടുത്ത കൈതേരിഎടം സൂര്യഭവനില്‍ രഖില്‍ (24).

ഹരിഹരവര്‍മ കൊലക്കേസിലെ മുഖ്യപ്രതി തങ്ങളുടെ നാട്ടുകാരനാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് എരഞ്ഞോളി പെരുന്താറ്റില്‍ ഗ്രാമം അറിഞ്ഞത്. ബിസിനസ് പൊളിഞ്ഞതോടെ എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇയാളുമായുള്ള കൂട്ടുകെട്ടാണ് ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ രഖിലിനെയും വഴിതെറ്റിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എളയടത്ത് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രികയില്‍ പിന്താങ്ങിയത് ജിതേഷായിരുന്നു. ബിസിനസുകാരനെന്നായിരുന്നു നാട്ടില്‍ ജിതേഷിന്റെ മേല്‍വിലാസം. രഖിലിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കൂത്തുപറമ്പിലെ സൂര്യ ഇലക്ട്രോണിക്സിന്റെ മാനേജരായിരുന്നു ജിതേഷ്. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പുറത്താക്കി. ഇതിനുശേഷമാണ് രഖിലുമായി ചേര്‍ന്ന് ബംഗളൂരുവില്‍ പ്രൊഫഷണല്‍ കോളേജിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട്ചെയ്യുന്ന ജോലിയിലേക്ക് തിരിഞ്ഞത്.

എരഞ്ഞോളി പഞ്ചായത്തിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതേഷിന് കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രമുഖരുമായി അടുത്തബന്ധമാണ്. പിടിയിലായ രഖില്‍ പ്ലസ്ടുവിനുശേഷമാണ് ഉന്നതപഠനത്തിന് ബംഗളൂരുവിലേക്ക് പോയത്. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബത്തിലെ ഏകആണ്‍തരിയായിരുന്നു. സ്വന്തമായി പണംകണ്ടെത്താനുള്ള മോഹമാണ് രഖിലിനെയും തട്ടിപ്പ് സംഘത്തിലെത്തിച്ചത്. നാടുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത വിദ്യാര്‍ഥി ഇത്തരമൊരു കേസില്‍പെട്ടത് വിശ്വസിക്കാനാകാത്തനിലയിലാണ് നാട്ടുകാര്‍. ജിതേഷിന് ഭാര്യയും കുട്ടിയുമുണ്ട്. രണ്ട്ദിവസംമുമ്പ് ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ബന്ധുക്കള്‍ തലശേരി പൊലീസില്‍ ബന്ധപ്പെട്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.

deshabhimani 070113

No comments:

Post a Comment