Monday, January 7, 2013

വിഎസ്ഡിപി പ്രവര്‍ത്തകര്‍ ആര്‍ സെല്‍വരാജിന്റെ കോലം കത്തിച്ചു


വിഎസ്ഡിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആര്‍ സെല്‍വരാജ് എംഎല്‍എയുടെ കോലം കത്തിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ നെടിയാംകോട് ജങ്ഷനിലാണ് സംഭവം. നാടാര്‍ സമുദായത്തിന്റെ കുത്തക ഏതെങ്കിലും ഒരു സാമുദായിക സംഘടനയ്ക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും കടലാസ് സംഘടനകളുടെ അപ്രായോഗിക ആവശ്യങ്ങള്‍ ഏറ്റുപിടിച്ച് കൈയടിനേടാനുള്ള ശ്രമങ്ങളില്‍നിന്ന് യുഡിഎഫ് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നുമുള്ള ആര്‍സെല്‍വരാജ്, എ ടി ജോര്‍ജ് എന്നീ എംഎല്‍എമാരുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. വിഎസ്ഡിപി പ്രവര്‍ത്തകര്‍ ആര്‍ സെല്‍വരാജിന്റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ചും നടത്തി. അമരവിള താന്നിമൂട് ജങ്ഷനില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചെരുപ്പുമാലയിട്ട കോലവുമായി പ്രകടനമായാണ്എത്തിയത്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടികളുമായി നെടിയാംകോട് ജങ്ഷനില്‍ നിലയുറപ്പിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

വൈകിട്ട് അഞ്ചോടെ പ്രകടനമായെത്തിയ വിഎസ്ഡിപി പ്രവര്‍ത്തകരെ ആര്‍ സെല്‍വരാജിന്റെ വീട്ടിലേക്ക് പോകുന്ന റോഡില്‍ കയര്‍കെട്ടി പൊലീസ് തടഞ്ഞു. മറുഭാഗത്ത് കോണ്‍ഗ്രസുകാര്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ കോലവുമായി മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗം വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്തു. മതപരിഗണന കൂടാതെയുള്ള സംവരണത്തിന് ആര്‍ സെല്‍വരാജ് തുരങ്കംവയ്ക്കുന്നതായും സിപിഐ എം വിടാന്‍ കോഴവാങ്ങിയതിന്റെയും നെയ്യാറിന്റെ വിവിധ കടവുകളിലെ മണല്‍ലോബികളില്‍നിന്ന് വന്‍തുക കൈകൂലിവാങ്ങിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി വൈ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഹായത്തിലാണ് വിജയിച്ചതെന്ന വിഎസ്ഡിപിയുടെ പ്രസ്താവന ആര്‍ സെല്‍വരാജ് നിരസിച്ചതും വിഎസ്ഡിപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു

deshabhimani 070113

No comments:

Post a Comment