Sunday, January 6, 2013
കേന്ദ്ര മെഡിക്കല്‍ കോളേജ്: ആശങ്കയ്ക്ക് വിരാമമായി
പെരിയ: കേന്ദ്രസര്‍വകലാശാലക്ക് കീഴിലാരംഭിക്കുന്ന മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച ആശങ്കക്ക് വിരാമമായി. പി കരുണാകരന്‍ എംപിയുടെയും കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെയും അഭ്യര്‍ഥന മാനിച്ച് കേന്ദ്രസര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഇവിടെ മാത്രമെ സ്ഥാപിക്കൂവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി മംഗപതി പള്ളം രാജു പ്രഖ്യാപിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ മെഡിക്കല്‍ കോളേജിന് ഫണ്ടനുവദിച്ചാല്‍ മെഡിക്കല്‍ കോളേജ് ഇവിടെ തുടങ്ങും. കാസര്‍കോടുനിന്ന് നൂറുകണക്കിനാളുകള്‍ നിത്യവും ചികിത്സക്കായി മംഗളൂരുവിനെ ആശ്രയിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതിന് പരിഹാരമാകാന്‍ സര്‍വകലാശാല മെഡിക്കല്‍ കോളേജിന് കഴിയും- പള്ളം രാജു പറഞ്ഞു.
മെഡിക്കല്‍ കോളേജ് കാസര്‍കോടുതന്നെ സ്ഥാപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രസംഗത്തില്‍ പറഞ്ഞു. ഇവിടെ സ്ഥാപിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മുമ്പ് മെഡിക്കല്‍ കോളേജ് പത്തനംതിട്ടയില്‍ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടി ആദ്യമായാണ് കാസര്‍കോട് സ്ഥാപിക്കുന്നതിനെ പരസ്യമായി അനുകൂലിക്കുന്നത്. മെഡിക്കല്‍ കോളേജ് പെരിയ ക്യാമ്പസില്‍ സ്ഥാപിക്കുമെന്ന് സര്‍വകലാശാലയുടെ മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സഹമന്ത്രി ശശി തരൂരും പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ മാറ്റാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് മെഡിക്കല്‍ കോളേജ് ഇവിടെ തന്നെയായിരിക്കും. തരൂര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് കാസര്‍കോട് സ്ഥാപിക്കേണ്ട ആവശ്യകതയിലൂന്നിയായിരുന്നു പി കരുണാകരന്‍ എംപിയുടെ പ്രസംഗം. എന്‍ഡോസള്‍ഫാന്‍ ദുരന്തവും മറ്റ് പല രോഗങ്ങളും ജില്ലക്ക് വലിയ ദുരിതമാണ് വിതക്കുന്നത്. അവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്നത് ജില്ല നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതിനുള്ള പരിഹാരമായാണ് കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ മെഡിക്കല്‍ കോളേജിനെ കാണുന്നത്. ഇത് ജില്ലയിലെ എല്ലാ പാര്‍ടിക്കാരുടെയും അഭിപ്രായമാണ്. സര്‍വകലാശാലയുടെ വികസനത്തിനുവേണ്ടി അഭിപ്രായഭിന്നതയില്ലാതെ സര്‍വകക്ഷി സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ പൊതുവായ ഈ ആവശ്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കണമെന്നായിരുന്നു എംപിയുടെ അഭ്യര്‍ഥന. മലയാളത്തില്‍ പ്രസംഗിച്ച് തുടങ്ങിയ എംപി കേന്ദ്രമന്ത്രിക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രസംഗം ഇംഗ്ലീഷിലാക്കി. എംപിക്ക് മുമ്പ് സംസാരിച്ച സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമനും ഈ ആവശ്യമുന്നയിച്ചു. എംപിയുടെയും എംഎല്‍എയുടെയും ആവശ്യം സദസ് കരഘോഷത്തോടെയാണ് പിന്താങ്ങിയത്.
സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം ഏറ്റെടുക്കുമെന്ന് മന്ത്രി
കാസര്‍കോട്: സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം ഒന്ന് കേന്ദ്രീയ വിദ്യാലയ സമിതി ഏറ്റെടുക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പള്ളം രാജു, സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ പി കരുണാകരന്‍ എംപിയെ അറിയിച്ചു. കേന്ദ്ര സര്‍വകലാശാലക്ക് പെരിയയില്‍ തറക്കല്ലിടാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം എംപിയെ അറിയിച്ചത്. സിപിസിആര്‍ഐയുടെ കീഴില്‍ കാസര്‍കോട് ചൗക്കിയില്‍ 1980ലാണ് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. പ്രതിവര്‍ഷം 1.20 കോടി രൂപ പ്രവര്‍ത്തന ചെലവുള്ള വിദ്യാലയത്തിന്റെ തുടര്‍ഗതി മുന്നോട്ട് കൊണ്ടുപോകുന്നത് സിപിസിആര്‍ഐയുടെ ഫണ്ടുപയോഗിച്ചാണ്. അതേസമയം ഗവേഷണത്തിനും മറ്റുമുള്ള ഫണ്ട് സ്കൂളിന്റെ പ്രവര്‍ത്തനത്തിനായി തുടര്‍ന്ന് അനുവദിക്കാന്‍ പ്രയാസമാണെന്നാണ് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) അറിയിച്ചതോടെ സ്കൂളിന്റെ പ്രവര്‍ത്തനത്തെചൊല്ലി ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് പി കരുണാകരന്‍ എംപി ഇടപെട്ട് സ്കൂള്‍ കേന്ദ്രീയ വിദ്യാലയ സമിതി ഏറ്റെടുക്കണമെന്ന് വകുപ്പ് മന്ത്രി പള്ളംരാജുവിനോടും ശശി തരൂരിനോടും ആവശ്യപ്പെട്ടിരുന്നു. എംപിയുടെ ആവശ്യം പരിഗണിച്ച് ഭാവി വികസനത്തിനാവശ്യമായ സ്ഥലം കൂടി നല്‍കാന്‍ സിപിസിആര്‍ഐ സന്നദ്ധമായാല്‍ എത്രയുംപെട്ടെന്ന് സ്കൂള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സിപിസിആര്‍ഐയുടെ 2.81 ഏക്കര്‍ ഭൂമിയിലുള്ള വിദ്യാലയത്തില്‍ മുന്നൂറ്റമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
വിദ്യാഭ്യാസമേഖലയില്‍ 500 കോടിയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു
കാസര്‍കോട്: കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കേണ്ട 500 കോടി രൂപയുടെ പുതിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് കേരളം സമര്‍പ്പിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. മംഗപതി പള്ളം രാജുവിന് പദ്ധതി നിര്‍ദേശങ്ങള്‍ കൈമാറി. മന്ത്രാലയത്തിന്റെ ബജറ്റിനകത്തുനിന്ന് പദ്ധതികള്‍ അനുഭാവപൂര്‍വം പരിണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ നാലു സര്‍വകലാശാലകള്‍ക്കായി 250 കോടി രൂപയുടെ പുതിയ പദ്ധതികള്‍ സമര്‍പ്പിച്ചതായി വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കലിക്കറ്റ് സര്‍വകലാശാലയില്‍ 40 കോടിയുടെ ആധുനിക ഗ്രീന്‍ സ്പോര്‍ട്സ് കോംപ്ലക്സ്, കണ്ണൂര്‍ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് സ്റ്റുഡന്റ്സ് സെന്റര്‍, എംജി, കേരള സര്‍വകലാശാലകള്‍ക്കായുള്ള പദ്ധതികള്‍ എന്നിവ ഇതില്‍പെടുന്നു. ഉന്നതവിദ്യഭ്യാസ മേഖലയില്‍ ഫാക്കല്‍റ്റി പരിശീലന കേന്ദ്രം സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. മലപ്പുറത്തെ അലിഗഢ് സര്‍വകലാശാലാ കേന്ദ്രത്തിന് ലഭിക്കേണ്ട തുക അനുവദിക്കാനും ആവശ്യപ്പെട്ടു. 140 കോടിയില്‍ 20 കോടി മാത്രമാണ് ലഭിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ വിദ്യര്‍ഥികള്‍ക്കും യൂണിഫോം നല്‍കാന്‍ തുക അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിമാരായ ഇ അഹമ്മദ്, ശശി തരൂര്‍, മന്ത്രി മഞ്ഞളാംകുഴി അലി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
deshabhimani 060113
Labels:
ആരോഗ്യരംഗം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment