Sunday, January 6, 2013

മാതൃഭൂമിയില്‍ പിരിച്ചുവിടലും സ്ഥലംമാറ്റവും വീണ്ടും


വേജ്ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കണമെന്നാവശ്യപ്പെട്ട സമ്മേളനത്തിലും പ്രക്ഷോഭത്തിലും പങ്കെടുത്തതിന് മാതൃഭൂമിയില്‍ പിരിച്ചുവിടലും വീണ്ടും സ്ഥലംമാറ്റവും. മലപ്പുറം യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ബിനു ഫല്‍ഗുനനെയാണ് പിരിച്ചുവിട്ടത്. പാലക്കാട് യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ പി സുരേഷ്ബാബുവിനെ ഇടുക്കി ജില്ലയിലെ ഉള്‍ഗ്രാമമായ മാങ്കുളത്തേക്കും മാറ്റി. ഏതാനും ദിവസം മുമ്പാണ് ഇവിടെ ഒരു മുറിയെടുത്ത് ഓഫീസ് ആരംഭിച്ചത്.

വേജ്ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 21ന് സംസ്ഥാനത്തെ മൂന്ന് പത്രങ്ങളുടെ ആസ്ഥാനത്തേക്ക് പത്രപ്രവര്‍ത്തക യൂണിയനും ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കോഴിക്കോട്ട് മാതൃഭൂമി, കോട്ടയത്ത് മലയാള മനോരമ, തിരുവനന്തപുരത്ത് കേരള കൗമുദി എന്നീ പത്രങ്ങളുടെ ഓഫീസുകളിലേക്കായിരുന്നു സമരം. സമരത്തില്‍ പങ്കെടുത്ത മാതൃഭൂമി ജീവനക്കാരെ വീഡിയോ ചിത്രങ്ങള്‍ പരിശോധിച്ച് കണ്ടെത്തി സ്ഥലംമാറ്റുകയാണ്. ഇങ്ങനെ കണ്ടെത്തിയ 69 പേരില്‍ 28 പേരെ സ്ഥലംമാറ്റി. മറ്റുള്ളവരെ വിദൂര മേഖലയിലേക്കടക്കം മാറ്റാനും നീക്കമുണ്ട്. മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ സമ്മേളനത്തില്‍ പങ്കെടുത്തതിന് സബ് എഡിറ്റര്‍ ട്രെയിനിമാരുടെ പരിശീലനം, പ്രൊബേഷന്‍ എന്നിവ രണ്ട് തവണ നീട്ടി. ഫെബ്രുവരിയില്‍ ഇത് തീരാനിരിക്കെയാണ് ബിനു ഫല്‍ഗുനനെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് പിരിച്ചുവിട്ടത്. ഡിസംബര്‍ ഒമ്പതുമുതല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയുള്‍പ്പെടെ വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

deshabhimani 060113

No comments:

Post a Comment