Sunday, January 6, 2013
പുഴുവിനെ വിഴുങ്ങാന്‍ മലയാളികള്‍ പെറുവിലേക്ക് പറക്കുന്നു
മഞ്ചേരി: പ്രത്യേക ഇനത്തില്‍പ്പെട്ട പുഴുവിനെ തിന്നാല്‍ "ക്യാന്‍സര്‍" മാറുമെന്ന ധാരണയില്‍ മലയാളികളടക്കം നൂറുകണക്കിനാളുകള്‍ പെറുവിലേക്ക് പറക്കാനൊരുങ്ങുന്നു. പെറു തലസ്ഥാനമായ ലിമയില്‍ റോസ എസ്റ്റിനോസ എന്ന വനിതാ ഫിസിയോതെറാപ്പിസ്റ്റ് നടത്തുന്ന പുഴുചികിത്സക്കായി കേരളത്തില്‍നിന്ന് നിരവധി പേര്‍ വിസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവരില്‍ ഏറിയപങ്കും മലബാറില്‍ നിന്നാണ്.
കുഴിയാനയുടെ വലിപ്പം മാതമുള്ള "ഗോര്‍ഗോഹോ" എന്ന പുഴുവിനെയാണ് രോഗികള്‍ വെള്ളത്തോടൊപ്പം ജീവനോടെ വിഴുങ്ങേണ്ടത്. വയറ്റിലെത്തി ചാകുന്ന പുഴുവില്‍നിന്ന് ഉണ്ടാകുന്ന ആസിഡ് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും രോഗാണുവിനെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് അവകാശവാദം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് കഴിക്കുന്ന പുഴുക്കളുടെ എണ്ണവും വര്‍ധിക്കും.
പെറുവിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന മലയാളി അപ്പുണ്ണി രമേഷ് കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ശ്വാസകോശ ക്യാന്‍സര്‍ ഇതുവഴി പൂര്‍ണമായി ഭേദമായെന്നാണ് അപ്പുണ്ണി കോഴിക്കോട്ട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പതിവില്ലാതെ ഇന്ത്യയിലെ പെറു എംബസിയിലേക്ക് മലയാളികളുടേതടക്കം നിരവധി വിസ അപേക്ഷകളെത്തി. കാര്യമന്വേഷിച്ചപ്പോള്‍ അപേക്ഷകരില്‍ അധികവും ക്യാന്‍സര്‍ രോഗികളും ബന്ധുക്കളുമാണെന്നും പുഴുചികിത്സക്കാണ് പോകുന്നതെന്നും എംബസി അധികൃതര്‍ക്ക് ബോധ്യമായി.
ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഇത്തരത്തില്‍ ചികിത്സ നടത്തുന്നതിനെ അലോപ്പതി ഡോക്ടര്‍മാര്‍ എതിര്‍ക്കുന്നുണ്ട്. ഏതെങ്കിലുമൊരു രോഗിയെ ആദ്യം പെറുവിലേക്കയച്ച് രോഗം ഭേദപ്പെട്ടതായി തെളിയിക്കണം. അല്ലെങ്കില്‍ സമയവും പണവും നഷ്ടപ്പെടുകയായിരിക്കും ഫലം. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ചികിത്സക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
deshabhimani 060113
Subscribe to:
Post Comments (Atom)
No comments:
Post a Comment