Wednesday, January 2, 2013

എകെജി കാണിച്ച വഴികളിലൂടെ വരുന്നു ഞങ്ങള്‍.....

പാലക്കാട്: "എ കെ ജി കാണിച്ച വഴികളിലൂടെ വരുന്നു ഞങ്ങള്‍ മുന്നോട്ട്". കൊല്ലങ്കോട് കരിപ്പോട് മിച്ചഭൂമിയിലേക്ക് ഇരമ്പിക്കയറുമ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ഉയര്‍ന്ന മുദ്രാവാക്യമാണിത്. ടെന്‍ഡ് കെട്ടി കാത്തിരുന്ന പൊലീസ് സന്നാഹത്തിന് സമരവീര്യത്തിനുമുന്നില്‍ നിസ്സംഗരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. ജീവിക്കാനുള്ള സമരമാണിത്. പൊലീസല്ല, പട്ടാളം വന്നാലും ഞങ്ങള്‍ അതിജീവിക്കും. എന്ത് വിലകൊടുത്തും ഈ ഭൂമിയെ ഞങ്ങള്‍ സംരക്ഷിക്കും. കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അതിജീവനത്തിനായി പാലക്കാടന്‍മണ്ണില്‍ നടത്തിയ പോരാട്ടത്തിന്റെ അതേ ആവേശവും സംഘടിതശക്തിയുടെ സമരവീര്യവും വീണ്ടും ഉണര്‍ന്നെഴുന്നേറ്റു. പുത്തന്‍വീട് മധുസൂദനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാത്ത ഭൂമിയിലേക്ക് യുവജനങ്ങള്‍ മുതല്‍ 70 വയസ്സു പിന്നിട്ടവര്‍വരെ ഒരേ ആവേശത്തില്‍ മുന്നോട്ടുനീങ്ങി. കത്തുന്ന വെയില്‍പോലും അവര്‍ക്കുമുന്നില്‍ തലകുനിച്ചു. കൈയില്‍ കരുതിയ ചെമ്പതാക കാടും മുള്ളും പടര്‍ന്നു കിടന്ന മണ്ണില്‍ കുത്തിയിറക്കി. ചിലര്‍ മരത്തിനുമുകളില്‍ കയറി വാനോളം പറത്തി. ഭൂമിയില്ലാത്തവനുവേണ്ടി ഭൂമിയുള്ളവരും ഇല്ലാത്തവരുംചേര്‍ന്ന് നടത്തുന്ന ഐതിഹാസികസമരത്തിന്റെ തുടക്കംഅവിസ്മരണീയമായി.

രാവിലെ ഒമ്പത്മുതല്‍ കരിപ്പോട് ജങ്ഷനിലേക്ക് ജനപ്രവാഹമായിരുന്നു. എ ജി സുകുമാരന്‍ സ്മാരകമന്ദിരത്തിനുസമീപം തയ്യാറാക്കിയ പന്തലില്‍ സമരവളണ്ടിയര്‍മാരാകാന്‍വേണ്ടി അഭൂതപൂര്‍വമായ തിരക്കായിരുന്നു. നൂറുകണക്കിനാളുകളാണ് ജയിലിലേക്കുപോകാന്‍ തയ്യാറായിവന്നത്. "ഇനിയെനിക്ക് എന്ത് ചിന്തിക്കാന്‍" ജയിലില്‍പോകാന്‍ തയ്യാറായ 75 വയസ്സുള്ള കുഞ്ചിയമ്മ ചോദിച്ചു. നിരവധി സമരമുഖങ്ങളില്‍ വീര്യം തെളിയിച്ച നൂറുക്കണക്കിന് സ്ത്രീകളാണ് ഭൂസമരത്തില്‍ പങ്കാളിയായത്. 250 സമരവളണ്ടിയര്‍മാരെ അയക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും 45സ്ത്രീകളടക്കം 352പേര്‍ വളണ്ടിയര്‍മാരായതോടെ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചു. രജിസ്ട്രേഷന്‍സമയത്ത് സ്ത്രീകളടക്കമുള്ളവര്‍ അടുത്ത ബന്ധുക്കളുടെ ഫോണ്‍നമ്പറില്‍വിളിച്ച് തങ്ങള്‍ ജയിലില്‍പോവുകയാണെന്ന വിവരം ഉറപ്പിച്ചു നല്‍കി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ പുറത്തു ജീവിക്കുന്നതിനേക്കാള്‍ ജയിലില്‍ പോകുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതുന്നുവെന്നായിരുന്നു മുതിര്‍ന്ന നേതാവ് ടി ചാത്തുവിന്റെ ഇതിനേക്കുറിച്ചുള്ള കമന്റ്. സമരത്തിന് നേതൃത്വം നല്‍കുന്ന ഭൂസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി കെ സുധാകരന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എ കെ ബാലന്‍ എംഎല്‍എ പതാക കൈമാറി. സമരവളണ്ടിയര്‍മാരെ നേതാക്കള്‍ ഹാരമണിയിച്ചു. 200 മീറ്റര്‍ അകലെയുള്ള മിച്ചഭൂമിയിലേക്ക് മുദ്രാവാക്യങ്ങളുമായി പ്രകടനംചിട്ടയോടെ നീങ്ങി. ഭൂമിക്കുസമീപം പൊലീസിന്റെ ഒരുക്കം കണ്ടതോടെ സമരഭടന്മാരുടെ ആവേശം പതിന്മടങ്ങായി. മിച്ചഭൂമിയിലേക്ക് ഉശിരന്‍ മുദ്രാവാക്യവുമായി കുതിച്ചു. വളണ്ടിയര്‍മാര്‍ക്കുപുറമേ നൂറുകണക്കിനാളുകള്‍ തണല്‍പോലുമില്ലാത്ത ഭൂമിയില്‍ നിരന്നു. സമീപവാസികളായ സ്ത്രീകള്‍ കുടിവെള്ളവും കുടത്തിലേറ്റിക്കൊണ്ടുവന്ന് സമരസഖാക്കള്‍ക്കു നല്‍കി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കഞ്ഞിയും പയറുമായിരുന്നു ഉച്ചഭക്ഷണം. വൈകിട്ട് അഞ്ച്വരെ വളണ്ടിയര്‍മാരടക്കം നൂറുകണക്കിനാളുകള്‍ ഭൂമിയില്‍ കുത്തിയിരുന്ന് ഐതിഹാസികസമരത്തിന് തുടക്കമിട്ടു.

മുഖ്യമന്ത്രി ഉറപ്പ് പാലിക്കണം: എ കെ ബാലന്‍

കൊല്ലങ്കോട്: ഭൂസമരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അംഗീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്‍ഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഭൂസംരക്ഷണ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് ഈ ഭൂമി നല്‍കാന്‍ 10ദിവസം സര്‍ക്കാരിന് സമയമുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ അര്‍ഹരായവര്‍ ഭൂമിയില്‍കയറി കുടില്‍കെട്ടും. ഭൂമി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും. എല്‍ഡിഎഫ്സര്‍ക്കാരിന്റെ ഭരണകാലത്ത് 113 പട്ടയമേള സംഘടിപ്പിച്ച് രണ്ടേകാല്‍ ലക്ഷംപേര്‍ക്ക് പട്ടയംനല്‍കി. അതില്‍ 13 പട്ടയമേളയിലൂടെ 25,500 ആദിവാസികള്‍ക്കാണ് ഭൂമി നല്‍കിയത്. 45,000 പട്ടികജാതിക്കാര്‍ക്കും പട്ടയം നല്‍കി. ഭൂസമരത്തെ പരിഹസിക്കുന്ന ആദിവാസിനേതാവ് ജാനുവിന്റെ അമ്മയ്ക്കുപോലും എല്‍ഡിഎഫ്ഭരണകാലത്താണ് ഭൂമി ലഭിച്ചത്. കേരളത്തിന്റെ മണ്ണും പുഴയും മഴയും കടലും കോര്‍പറേറ്റുകള്‍ക്കും മാഫിയകള്‍ക്കും അടിയറ വയ്ക്കുന്നത് തടയാനുള്ള സമരമാണിത്. ന്യായമായ സമരത്തിനെതിരെ കള്ളക്കേസ് എടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അറസ്റ്റ് ചെയ്താല്‍ ജയിലില്‍ അടയ്ക്കേണ്ടിവരും- എ കെ ബാലന്‍ പറഞ്ഞു.

സമരത്തിന് ഭരണത്തിന്റെ തലോടല്‍ വേണ്ട: കെ കെ ശൈലജ

കല്‍പ്പറ്റ: ഭൂസമരത്തിന് ഭരണവര്‍ഗത്തിന്റെ തലോടല്‍ ആവശ്യമില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും എച്ച്എംഎല്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ചുണ്ടേലിലെ എസ്റ്റേറില്‍ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അവകാശങ്ങള്‍ പോരാടി നേടിയവരാണ് കമ്യൂണിസ്റ്റുകാര്‍. ഈ ചരിത്രം മന്ത്രി അടൂര്‍ പ്രകാശിനറിയില്ല. ആരുടെയും താലോലം പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. എത്ര കഠിനമായ ശിക്ഷ നല്‍കിയാലും മുഴുവന്‍പേര്‍ക്കും ഭൂമിനല്‍കുന്നതുവരെ സമരം തുടരും. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂസ്വാമിമാര്‍ക്ക് സര്‍ക്കാര്‍ തീറെഴുതുകയാണ്. മുഴുവന്‍ ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുള്ള മിച്ചഭൂമി സംസ്ഥാനത്തുണ്ട്. എന്നാല്‍ ഭൂമി കുത്തകകള്‍ക്കും മാഫിയകള്‍ക്കും കൈമാറാനുള്ള സൂത്രവേലയാണ് മാണിയുടേത്. എകെജിയുടെ സമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമരവും. യുഡിഎഫ് അധികാരത്തില്‍ വന്ന ആദ്യവര്‍ഷം തന്നെ 16,000 ഏക്കര്‍ നെല്‍കൃഷിയാണ് കുറഞ്ഞത്. തരിശ് നിലങ്ങളിലും കൃഷിയിറക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. ഭൂപരിഷ്ക്കരണത്തിന്റെ മുഴുവന്‍ നേട്ടങ്ങളും അട്ടിമറിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ഇത് അനുവദിക്കില്ല. ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിവെച്ച തുകപോലും വിനിയോഗിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായില്ല. പണം ബാങ്കിലിട്ട് ആദിവാസിയെ ജയിലിലടക്കുകയാണെന്നും അവര്‍ പറഞ്ഞു.

ആവേശം @ 83

വടക്കാഞ്ചേരി: ""പാവപ്പെട്ടവന് ഒരുപിടി മണ്ണ് നേടിക്കൊടുക്കാനുള്ള ഈ സമരത്തില്‍ ജയിലില്‍ പോകുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ധൈര്യമുണ്ടെങ്കില്‍ അവര്‍ കൊണ്ടുപോട്ടെ""- ഈ വാക്കുകള്‍ യുവരക്തം തുടിക്കുന്ന ചെറുപ്പക്കാരന്റേതല്ല. 83 കഴിഞ്ഞ ഇയ്യുക്കുട്ടിയുടേത്. ഭൂസമരത്തില്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകാന്‍ നെഞ്ചൂക്കോടെ വടക്കേക്കളം പ്ലാന്റേഷന്റെ മിച്ചഭൂമിയിലെത്തിയ വളണ്ടിയര്‍മാരില്‍ യുവത്വത്തെ തോല്‍പ്പിക്കുന്ന വാര്‍ധക്യത്തിന്റെ ആവേശവുമായി ഇയ്യുക്കുട്ട്യേട്ടന്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തി.

ആറു പതിറ്റാണ്ടിന്റെ കമ്യൂണിസ്റ്റ്-കര്‍ഷകസംഘം പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്തുള്ള ചൂണ്ടല്‍ പഞ്ചായത്തിലെ പെലക്കാട്ടുപയ്യൂര്‍ ഇരുമ്പന്‍വീട്ടില്‍ ഇയ്യുക്കുട്ടി, സമരനിരകളിലെല്ലാം മുന്‍പന്തിയില്‍. ജയില്‍വാസവും പുത്തരിയല്ല, അടിയന്തരാവസ്ഥയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് 21 ദിവസം ജയിലില്‍ പോയി. വടക്കേക്കളത്ത് മിച്ചഭൂമിയില്‍ പ്രവേശിച്ച ഇയ്യുക്കുട്ടി വിപ്ലവഗാനവും പാടി. പലപ്പോഴും പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദനത്തിനും ഇരയായിട്ടുണ്ട് ഇയ്യുക്കുട്ടി. എ കെ ജിയോടൊപ്പം കര്‍ഷകസമരത്തില്‍ പങ്കെടുത്ത മറക്കാനാവാത്ത അനുഭവവും ഇയ്യുക്കുട്ട്യേട്ടനുണ്ട്. എ കെ ജിയുടെക്കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 1970ല്‍ കള്ളുഷാപ്പില്‍ ജോലി കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. 35 വര്‍ഷം കള്ളുഷാപ്പുതൊഴിലാളിയായി. ഇപ്പോള്‍ സിപിഐ എം ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയായ ബേബിയാണ് ഭാര്യ.

ഭൂസമരത്തില്‍ ആദ്യദിനത്തിലെ വളണ്ടിയര്‍മാരില്‍ ഏറ്റവും ഇളമക്കാരായി മൂന്നുപേര്‍. തൃശൂര്‍ ഏരിയയില്‍നിന്നുള്ള പട്ടികജാതി ക്ഷേമസമിതി അംഗം കെ കെ ഗിരീഷ്(20), ഇരിങ്ങാലക്കുട ഏരിയയിലെ ഡിവൈഎഫ്ഐ പൂമംഗലം പഞ്ചായത്തു സെക്രട്ടറി സനീഷ് (21), കുന്നംകുളം ഏരിയയിലെ സിപിഐ എം കല്ലഴിക്കുന്ന് ബ്രാഞ്ച് അംഗം സബിന്‍ (21) എന്നിവരാണവര്‍. നാനൂറ്റൊമ്പത് വളണ്ടിയര്‍മാരില്‍ ഇരുപതോളം പേര്‍ 60 കഴിഞ്ഞവരാണ്. ഇതില്‍ ഡസനോളം പേര്‍ ജയില്‍വാസം അനുഭവിച്ചവരും.

സമരത്തിനുമുന്നില്‍ സര്‍ക്കാര്‍ ഒളിച്ചോടി: കെ രാധാകൃഷ്ണന്‍

തൃശൂര്‍: ഭൂസമരത്തിന്റെ ആദ്യനാള്‍തന്നെ യുഡിഎഫ് സര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നുവെന്ന് വളണ്ടിയര്‍ ലീഡര്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വടക്കേക്കളം എസ്റ്റേറ്റില്‍ ഭൂസംരക്ഷണസമിതി പ്രവര്‍ത്തകര്‍ അവകാശം സ്ഥാപിച്ചതിന്റെ ആദ്യനാള്‍ സമരസമാപനത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. പാവപ്പെട്ടവന് ഭൂമി ലഭിക്കാന്‍വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറായാണ് വളണ്ടിയര്‍മാര്‍ ഇവിടെ എത്തിയത്. എന്നാല്‍, സര്‍ക്കാര്‍ മുഖം തിരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ഇതുകൊണ്ടൊന്നും ഈ സമരത്തെ നിര്‍വീര്യമാക്കാനാവില്ല. വരുംനാളുകളില്‍ കൂടുതല്‍ ശക്തമായ സമരമായി ഇതുമാറും. ഭൂമാഫിയ കൈയടക്കിയ മിച്ചഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാതെ ഈ സമരം അവസാനിക്കില്ല. ഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയുള്ള ഈ സമരത്തിന് നാടിന്റെയാകെ പിന്തുണയുണ്ട്. വയല്‍, തണ്ണീര്‍ത്തടസംരക്ഷണമെന്ന മുദ്രാവാക്യം നാടിന്റ നിലനില്‍പ്പിനുവേണ്ടിയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സമരവീര്യത്തിനുമുന്നില്‍ അധികാരികള്‍ നോക്കുകുത്തിയായി

ശാന്തന്‍പാറ: ഭൂമിയില്ലാത്തവരുടെ സമരാവേശത്തിന് മുമ്പില്‍ അധികാരികള്‍ നോക്കുകുത്തിയാകേണ്ടിവന്നു. വന്‍ പൊലീസ് സന്നാഹവും റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വ്യൂഹവും സമരക്കാരെ തടയാന്‍ എത്തിയെങ്കിലും പോരാട്ടവീര്യംകണ്ട് നോക്കുകുത്തിയായി മാറുകയായിരുന്നു. തടയാന്‍ ശ്രമിച്ചാല്‍ ബലമായി ഭൂമിയില്‍ കടക്കുമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യം എടുക്കുകയില്ലെന്നുമുള്ള പ്രഖ്യാപനമാണ് ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയത്

deshabhimani 020113

No comments:

Post a Comment