Wednesday, January 2, 2013

"ഭൂമി തന്നേ തീരു; അന്നേ മടങ്ങൂ"


തുമ്പോട്: "ഇവിടെ കിടന്ന് മരിക്കാനും ഒരുക്കമാ. പാവങ്ങള്‍ക്കെല്ലാം ഒരു പിടിമണ്ണ് ഇല്ലാതെ ഞങ്ങള്‍ക്ക് മടക്കമില്ല"- ചെങ്കൊടിയില്‍ മുറുകെപ്പിടിച്ച് സമരവളന്റിയര്‍ എഴുപതുകാരി സുമതി പറഞ്ഞു. ഇത് സുമതിയുടെ വാക്കുകള്‍ മാത്രമല്ല; മടവൂര്‍ തുമ്പോട് ഭൂസംരക്ഷണ സമരകേന്ദ്രത്തിലെ വളന്റിയര്‍മാരായ മുഴുവന്‍ സഖാക്കളുടെയും അഭിപ്രായമാണ്. മിക്കവരും ഭൂസംരക്ഷണസമരത്തിന് വളന്റിയര്‍മാരാകാന്‍ സ്വയം സജ്ജരായി മുന്നോട്ടുവന്നതാണ്. ഇവരില്‍ മക്കള്‍ക്ക് ഒരുപിടി മണ്ണുകൊടുക്കാന്‍ മാര്‍ഗമില്ലാതെ നീറുന്ന അമ്മമാരുമുണ്ട്. ആയുസ്സൊടുങ്ങും മുമ്പ് സ്വന്തം കുടുംബത്തിന് വാടകവീട്ടില്‍നിന്ന് മോചനം ആഗ്രഹിക്കുന്ന ഗൃഹനാഥരുമുണ്ട്. സ്വന്തം ഗ്രാമങ്ങളിലെ നിരാലംബരായ നൂറുക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ നിത്യനരകത്തില്‍നിന്ന് കരകയറ്റാനുള്ള നിശ്ചയദാര്‍ഡ്യവുമായി വന്ന സഖാക്കളുണ്ട്. എല്ലാവരും ആവേശത്തിലാണ്. തുമ്പോട്ട് മൂന്ന് ഏക്കര്‍ ഒമ്പത് സെന്റ് മിച്ചഭൂമിയിലേക്ക് പോരാളികളായി പ്രവേശിച്ചപ്പോള്‍ ലക്ഷ്യം കാണാനുള്ള പോരാട്ടത്തില്‍ ഏതറ്റംവരെയും പോകാനുള്ള ആവേശം അവര്‍ പ്രകടമാക്കി. വര്‍ഷങ്ങളായി കൃഷിചെയ്യാതെ തരിശായിക്കൊണ്ടിരിക്കുന്ന മണ്ണിലെ കത്തുന്ന വെയില്‍. ഇവിടെ പകല്‍ മുഴുവന്‍ ഇരുന്ന് വരും ദിവസങ്ങളില്‍ ശക്തമാകുന്ന പേരാട്ടങ്ങള്‍ക്ക് ഊര്‍ജം സംഭരിക്കുകയായിരുന്നു അവര്‍.

മാമണ്ണൂര്‍ മഠം സമരത്തിന്റെ ആവേശവുമായി

തുമ്പോട്: "മുടവന്‍മുഗള്‍ സമരത്തിനുശേഷം എ കെ ജി ഇങ്ങോട്ടേക്കാണ് വന്നത്. പടത്തലവനെത്തിയതോടെ മാമണ്ണൂര്‍ മഠം മിച്ചഭൂമി സമരം ആവേശക്കൊടുമുടി കയറി. മണ്ണിന്റെ മക്കള്‍ കൃഷി ഭൂമിയില്‍ കയറി വിളവെടുത്താണ് സമരം നടത്തിയത്. അന്ന് സമരത്തിന്റെ ഭാഗമായി സ്ത്രീകളും തെങ്ങില്‍ കയറി തേങ്ങയിട്ടിരുന്നു..." അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് കിടപ്പാടം കിട്ടിയ ആ സമരകേന്ദ്രത്തിലാണ് ഇപ്പോള്‍ ജില്ലയിലെ ഭൂസംരക്ഷണ പോരാട്ടത്തിന് തുടക്കമായതെന്നത് ഓര്‍മിക്കുമ്പോള്‍ പഴയതലമുറയ്ക്ക് ആവേശം അണപൊട്ടുന്നു. സിഐടിയു ജില്ലാ കമ്മിറ്റി അംഗമായ മടവൂര്‍ വിക്രമന്‍നായര്‍ അന്ന് മാമണ്ണൂര്‍ മഠം മിച്ചഭൂമി സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു.

 "മൂന്നു മാസത്തോളമാണ് സമരം നീണ്ടത്. ആയിരങ്ങളാണ് അന്ന് പലഘട്ടങ്ങളായി ചെങ്കൊടിക്കീഴില്‍ കിടപ്പാടത്തിനായി അണിനിരന്നത്. ഇന്ന് ഈ നാട്ടില്‍ ജനങ്ങള്‍ക്ക് കിട്ടിയതെല്ലാം അന്നത്തെ ആ സമരത്തിന്റെ പ്രതിഫലമാണ്"- വിക്രമന്‍നായര്‍ പറഞ്ഞു. ഫാദര്‍ വടക്കന്‍, ജോണ്‍ മാഞ്ഞൂരാന്‍, കാട്ടായിക്കോണം ശ്രീധരന്‍ തുടങ്ങിയ പ്രമുഖരെല്ലാം അന്ന് സമരത്തിന് ആവേശം പകരാന്‍ എത്തിയിരുന്നു. ആ ചരിത്രസമരത്തില്‍ പങ്കെടുത്ത നിരവധി നാട്ടുകാര്‍ ചൊവ്വാഴ്ച തുമ്പോട്ട് ആരംഭിച്ച ഭൂസംരക്ഷണ പോരാട്ടഭൂമിയിലും എത്തിയിരുന്നു. തലചായ്ക്കാനൊരിടമില്ലാത്ത ലക്ഷങ്ങള്‍ക്കുവേണ്ടി എത്രകാലംവരെയും സമരത്തിന് തങ്ങള്‍ ഇനിയും ഒരുക്കമാണെന്ന് അവര്‍ ഒറ്റെക്കെട്ടായി പറയുന്നു.

റെവന്യൂമന്ത്രി സമരചരിത്രം മറക്കുന്നു: പി കെ ഗുരുദാസന്‍

അരിപ്പ (കുളത്തൂപ്പുഴ): മിച്ചഭൂമി വിതരണവുമായി ബന്ധപ്പെട്ട് റെവന്യൂമന്ത്രി അടൂര്‍ പ്രകാശ് നടത്തിയ അഭിപ്രായപ്രകടനം വിലപ്പോകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. ഇ എം എസിന്റെ നേതൃത്വത്തില്‍ 1957ല്‍ അധികാരത്തില്‍വന്ന ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രമായ ഭൂപരിഷ്കരണനിയമത്തിലുള്ള അജ്ഞതയാണ് അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തില്‍ നിഴലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ചോഴിയക്കോട്ടു ചേര്‍ന്ന വന്‍സമ്മേളനത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഗുരുദാസന്‍.

ഇ എം എസ് സര്‍ക്കാര്‍ "59ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. "59 ജൂണില്‍ സംസ്ഥാന നിയമസഭ ഭൂപരിഷ്കരണനിയമം പാസാക്കിയെങ്കിലും ഒരുമാസം കഴിഞ്ഞപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിച്ചു. "60 മുതല്‍ "67വരെ വിവിധഘട്ടങ്ങളില്‍ സംസ്ഥാനഭരണം കൈയാളിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്കരണനിയമവും അട്ടിമറിച്ചു. മിച്ചഭൂമി അര്‍ഹതപ്പെട്ട ഭൂരഹിതര്‍ക്കു വിതരണംചെയ്യാതെ ജന്മിമാരുടെ സ്വന്തക്കാര്‍ക്കും പട്ടിക്കും പൂച്ചയ്ക്കുംവരെ ഇഷ്ടദാനം നല്‍കാന്‍ കോണ്‍ഗ്രസ് അന്ന് വഴിയൊരുക്കി. പിന്നീട് "67ല്‍ വീണ്ടും അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാര്‍തന്നെയാണ് നിയമം കുറെക്കൂടി സമഗ്രമായി പാസാക്കി നടപ്പാക്കാന്‍ തയ്യാറായത്. ഈ നിയമം അനുസരിച്ച് മിച്ചഭൂമിയായി കണ്ടെത്തിയ മുഴുവന്‍ഭൂമിയും അര്‍ഹതപ്പെട്ട പാവങ്ങള്‍ക്കു വിതരണംചെയ്യണമെന്ന് ആലപ്പുഴയിലെ അറവുകാട്ടു ചേര്‍ന്ന സമ്മേളനം ആവശ്യപ്പെട്ടു. എ കെ ജിയുടെ നേതൃത്വത്തിലായിരുന്നു ആ സമ്മേളനം. അതേത്തുടര്‍ന്നാണ് "70 ജനുവരി ഒന്നിന് കേരളചരിത്രത്തിലെ ഉജ്വല സമരങ്ങളിലൊന്നായ മിച്ചഭൂമി സമരത്തിന് തുടക്കമായത്. മുടവന്‍മുഗള്‍ കൊട്ടാരത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന സമരവും ഇതിന്റെ ഭാഗമായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികംപേര്‍ക്ക് മിച്ചഭൂമി വിതരണംചെയ്തു. ഇപ്പോള്‍ റെവന്യൂമന്ത്രി ഉയര്‍ത്തുന്ന വാദം ആര്‍ക്കും ബോധ്യമാകില്ല. സമരം അനാവശ്യമാണെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. അതേസമയം മിച്ചഭൂമിയായി കണ്ടെത്തിയ 7185 ഏക്കര്‍ ഭൂമി ഉടന്‍തന്നെ വിതരണംചെയ്യുമെന്നും മന്ത്രി പറയുന്നു. അത് വിതരണംചെയ്താല്‍പോരേ എന്തിനാണ് കാലതാമസം വരുത്തുന്നത്. ഒരുതുണ്ട് ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ സമരം ലക്ഷ്യംനേടുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമാഫിയയ്ക്ക് മുന്നില്‍ തലകുനിച്ച സര്‍ക്കാര്‍: ജോസഫൈന്‍

ആലപ്പുഴ: അരയും തലയും മുറുക്കി എത്തുന്ന ഭൂമാഫിയയ്ക്ക് മുന്നില്‍ തലകുനിച്ചു കൊടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍ പറഞ്ഞു. കൈനകരിയിലെ പൂപ്പള്ളി കുടുംബം വക മിച്ചഭൂമിയില്‍ ആരംഭിച്ച ഭൂസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

എല്ലാ ഭൂപരിഷ്ക്കരണ നിയമങ്ങളും അട്ടിമറിച്ച്, വെള്ളം ചേര്‍ത്ത് തോട്ടഭൂമിയടക്കം ഭൂമാഫിയയുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കൈകളിലെത്തിക്കുന്നു. രണ്ടാം ഭൂസമരം വിശേഷിപ്പിക്കപ്പെട്ട ഈ സമരത്തെ ആക്ഷേപിക്കുന്ന മന്ത്രി അടൂര്‍ പ്രകാശിനെ പോലുള്ളവര്‍ക്ക് നാടിന്റെ ചരിത്രമറിയില്ലായിരിക്കാം. പാവപ്പെട്ടവന് ഭൂമിക്കും വീടിനുമായി അത്യുജ്വല സമരത്തിന് നേതൃത്വം നല്‍കുകയും മിച്ചഭൂമിക്കായി നിയമനിര്‍മാണം നടത്തുകയും ചെയ്തത് സിപിഐ എമ്മും ഇടതുപക്ഷ സര്‍ക്കാരുകളുമാണ്. അടൂര്‍ പ്രകാശും മറ്റും വള്ളിനിക്കറിട്ട് നടന്നകാലത്തുണ്ടായ ഈ ചരിത്രപരമായ ഇടപെടല്‍ അവര്‍ ഓര്‍മിക്കാത്തതില്‍ അത്ഭുതപ്പെടേണ്ട. ചില മാധ്യമങ്ങള്‍ ഇവര്‍ക്കായി കുഴലൂത്തു നടത്തുകയാണ്. രണ്ടാം ഭൂസമരത്തിന് പ്രത്യേക സ്വാഭവമുണ്ട്. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുക മാത്രമല്ല. അധികമുള്ള ഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കണം. സിപിഐ എം എല്ലായ്പ്പോഴും ഉയര്‍ത്തിയ മുദ്രാവാക്യമാണിതെന്നും ജോസഫൈന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മിച്ചഭൂമി ഇല്ലാതാക്കാന്‍ ഭൂമാഫിയയ്ക്കായി കൂട്ടുനില്‍ക്കുകയാണെന്ന് സമരഭൂമി റിസീവര്‍ ഭരണത്തിലാണെന്ന് കാട്ടി ബാനര്‍ സ്ഥാപിച്ചതിനെ പരാമര്‍ശിച്ച് സമരലീഡര്‍ ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ഭൂമാഫിയയുടെയും എല്ലാ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളുടെയും സംരക്ഷകരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന പാര്‍ടി ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഭൂപ്രഭുക്കളുടെ വക്താക്കള്‍: എ വിജയരാഘവന്‍

അഞ്ചല്‍: സിപിഐ എമ്മിന്റെ ഭൂസമരത്തെ പരിഹസിക്കുന്ന റെവന്യൂമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ എക്കാലവും ഭൂപ്രഭുക്കളുടെ വക്താക്കളാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എ വിജയരാഘവന്‍ പറഞ്ഞു. കേരള കര്‍ഷകസംഘം, കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി അരിപ്പയിലെ സര്‍ക്കാര്‍ഭൂമിയില്‍ പ്രവേശിച്ച സമരവളന്റിയര്‍മാരെ അഭിവാദ്യംചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

1971ലെ ഭൂസമരത്തില്‍ സമരംചെയ്ത ഭൂരഹിതരെ നേരിടുന്നതിന് ഭൂപ്രഭുക്കളെയും വന്‍കിട തോട്ടംഉടമകളെയും സഹായിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഈ സമരത്തെയും നേരിടുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, എന്തേ പൊലീസിനെ ഉപയോഗിച്ചു നേരിടാന്‍ തയ്യാറാകാഞ്ഞത്. അത്തരത്തില്‍ ഈ സമരത്തെ നേരിടാന്‍ തയ്യാറായാല്‍ കേരളത്തിലെ ജയിലുകളൊന്നും തികയാതെവരും. സമരഭടന്മാരെ ഇടുന്നതിന് ജയിലില്‍ കിടക്കുന്ന കള്ളന്മാരെയൊക്കെ ഒഴിപ്പിക്കുന്നതായി പ്രചാരണം നടത്തിയവര്‍ക്ക് എന്തേ അതിനു കഴിയുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം വിജയരാഘവന്‍ ചോദിച്ചു. ഒരുലക്ഷം പേര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതുതന്നെ സിപിഐ എം നടത്തുന്ന സമരത്തിന്റെ വിജയമായിട്ടാണ് കാണുന്നത്. പക്ഷേ, മൂന്നുസെന്റ് ഭൂമികൊണ്ട് പറ്റില്ല. ഭൂമാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എത്ര ഭൂമി വേണമെങ്കിലും കൈവശംവയ്ക്കാന്‍ അവസരമൊരുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭൂമി പതിച്ചുകൊടുക്കുന്നതുവരെ ഈ സമരം തുടരും.

മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ കേരളത്തില്‍ ഭൂമിയില്ലാത്തവരായിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, അവര്‍ക്കു ഭൂമി നല്‍കണമെന്നു പറഞ്ഞ് സമരം ആരംഭിച്ചിരിക്കുന്നതു ശരിയല്ലെന്നാണ് റെവന്യൂമന്ത്രി പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ഭൂമി പിടിച്ചെടുത്ത് ഭൂമാഫിയകളെ ഒഴിവാക്കി ഭൂമിയില്ലാത്തവര്‍ക്ക് പതിച്ചുകൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി, എസ് ജയമോഹന്‍, സി തങ്കപ്പന്‍, ഡി രാജപ്പന്‍നായര്‍, കെ ബാബുപണിക്കര്‍ എന്നിവരും സമരവളന്റിയര്‍മാരെ അഭിവാദ്യംചെയ്തു.

deshabhimani 020113

No comments:

Post a Comment