Sunday, January 6, 2013
രാത്രിയാത്ര നിരോധനവും മൊറോട്ടോറിയവും എം ഐ ഷാനവാസിന്റെ കുറ്റസമ്മതം പരിഹാസ്യം
കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങിയ എംപി ഒടുവില്‍ പരസ്യമായ കുറ്റസമ്മതവും നടത്തി. കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്ര നിരോധനം നീക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നടത്തിയ ചര്‍ച്ച തികഞ്ഞ പരാജയമാണെന്നും പ്രശ്നത്തിന്റെ ഗൗരവം കര്‍ണാടകയെ ബോധ്യപ്പെടുത്തുന്നതില്‍ താനുള്‍പ്പെടെയുള്ള സംഘത്തിന് സാധിച്ചില്ലെന്നുമാണ് എംപിയുടെ കുമ്പസാരം. കൂടാതെ കാര്‍ഷിക വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറോട്ടോറിയം ഡിസംബറില്‍ അവസാനിച്ചതോടെ കര്‍ഷകര്‍ വീണ്ടും ബാങ്ക് നടപടിയുടെ ഭീഷണിയിലാണെന്നും എംപി പറഞ്ഞു. ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കാതെ മൊറോട്ടോറിയം കാലാവധി നീട്ടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പറഞ്ഞാണ് ഷാനവാസ് തടിയൂരുന്നത്. മൊറോട്ടോറിയം കാലാവധി ഡിസംബറില്‍ അവസാനിക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും കാലാവധി നീട്ടുന്നതിന് പകരം ജനങ്ങളെ കബളിപ്പിക്കുകയാണ് എംപി എന്നാണ് വിമര്‍ശനം.
എം ഐ ഷാനവാസ് വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതിന്റെ മൂന്നാംമാസം മുതലാണ് ദേശീയപാത 212ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധനം പടിപടിയായി നടപ്പാക്കിതുടങ്ങിയത്. നിരോധനം നീക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും എംപി എന്ന നിലയില്‍ ഷാനവാസ് ഒന്നും ചെയ്തില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. നിരോധനം ശരിവെച്ച് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിചേരാതിരുന്നതും ഏറ്റവും ഒടുവില്‍ കോടതി ഫീസ് 20 രൂപ അടക്കാത്തതിനാല്‍ സുപ്രിംകോടതി കേസ് പരിഗണിക്കാതിരുന്നതും സര്‍ക്കാര്‍ അനാസ്ഥയാണ് വെളിപ്പെടുത്തിയത്. 2009 സെപ്തംബര്‍ രണ്ട് മുതല്‍ നിരോധനം രാത്രി ഒന്‍പത് മണിക്കൂറായി സ്ഥിരീകരിച്ചു. നിരോധനം നീക്കുന്നത് സംബന്ധിച്ച് ബംഗളൂരുവില്‍ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും രണ്ട് എംപിമാരും എംഎല്‍എമാരും ചര്‍ച്ച നടത്തിയിട്ടും കര്‍ണാടകയുടെ നിലപാടില്‍ അല്‍പംപോലും മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെന്നാണ് എംപിയുടെ കുറ്റസമ്മതം. സുപ്രിംകോടതിയില്‍ കര്‍ണാടകം ശക്തമായി വാദിച്ചില്ലെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ രക്ഷയുള്ളു എന്നാണ് എംപി കുമ്പസാരിക്കുന്നത്.
കാര്‍ഷികമേഖലയിലെ പ്രതിസന്ധിമൂലം വീണ്ടും കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായ സാഹചര്യത്തിലാണ് രണ്ടായിരം കോടി രൂപയുടെ വയനാട് പാക്കേജ് നടപ്പാക്കുമെന്ന് 2011ല്‍ പ്രഖ്യാപിച്ചത്. ഇതിനായി പലതലങ്ങളില്‍ ചര്‍ച്ച നടത്തി. കേന്ദ്രത്തിന്റെ അംഗീകാരത്തിനും സഹായധനത്തിനുമായി സമര്‍പ്പിച്ചുവെന്ന് കിട്ടിയ വേദികളെല്ലാം എം ഐ ഷാനവാസ് എംപി അടക്കമുള്ള ജനപ്രതിനിധികള്‍ വിളിച്ചുപറഞ്ഞിരുന്നു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും പാക്കേജ് വന്നതായി ജനങ്ങള്‍ക്കറിയില്ല. പാക്കേജില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വയനാടിന്റെ അവസ്ഥ നേരില്‍ പഠിക്കാനുമായി കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ വയനാട് സന്ദര്‍ശിക്കുമെന്നും ഷാനവാസ് അറിയിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി വയനാട്ടില്‍ എത്തിയില്ലെന്ന് മാത്രമല്ല, കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെപോലും ജില്ലയിലേക്ക് അയച്ചില്ല. പാക്കേജിലൂടെ വയനാട്ടിലെ കാര്‍ഷിക മേഖലയെ രക്ഷിക്കുമെന്ന പ്രഖ്യാപനം ഏറെക്കുറെ മരവിച്ച മട്ടാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വയനാടിന് വാരിക്കോരി പദ്ധതികള്‍ അനുവദിച്ചുവെന്നതിലെ പൊള്ളത്തരമാണ് ഒരോ പ്രശ്നത്തിലും നിഴലിച്ചുകാണുന്നത്. വയനാടിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും ബോധപൂര്‍വമായ ചവുട്ടിപ്പിടുത്തം പ്രകടമാണ്. അതാവട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ വേണ്ടിയും. ആയിരം ആദിവാസി കുടുംബങ്ങള്‍ക്കെങ്കിലും കഴിഞ്ഞവര്‍ഷം ഭൂമി കൊടുക്കുമെന്ന വാഗ്ദാനവും നടന്നില്ല. സ്വകാര്യ വ്യക്തികളില്‍നിന്ന് ഭൂമി വിലകൊടുത്ത് വാങ്ങി വിതരണം ചെയ്യാന്‍ അനുവദിച്ച പണം ട്രഷറിയില്‍ കിടക്കുന്നതല്ലാതെ ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍ ഇത്രത്തോളം നാടിന്റെ താല്‍പര്യവും ജനങ്ങളുടെ ആവശ്യവും അവഗണിക്കുന്ന ജനപ്രതിനിധികള്‍ മുന്‍പ് വയനാട്ടില്‍ ഉണ്ടായിട്ടില്ലെന്ന ആരോപണം ശരിവെയ്ക്കുകയാണ് ഒരോ അനുഭവങ്ങളും.
രാത്രിയാത്ര നിരോധനം നീക്കാതെ ബദല്‍ പാതയല്ല വേണ്ടത്
ബത്തേരി: ബത്തേരി- ബംഗ്ലരു റോഡിന്റെ ബദല്‍ പാതകളായി മാനന്തവാടി കുട്ട ബാരവലി റോഡുകളെ അംഗിക്കരിക്കാന്‍ കഴിയിലെന്ന് എക്യുമെനിക്കല്‍ ഫോറം ജില്ലാകമ്മിറ്റി. കഴിഞ്ഞദിവസം കേരള- കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ല. രാത്രിയാത്ര നിരോധനംമുലമുള്ള ദേശീയപാത 212 തുറക്കണം തെക്കെ വയനാട്ടിലെ 212 വടക്കെ വയനാട്ടിലെ മാനന്തവാടി- കുട്ട ബാവലി റോഡുകളും തമ്മില്‍ 60 കിലോമീറ്റര്‍ അകലത്തില്‍ രണ്ടുപ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്. കല്‍പ്പറ്റ, മീനങ്ങാടി, ബത്തേരി, പുല്‍പ്പള്ളി എന്നീ പ്രധാന ടൗണുകളടക്കം ജില്ലയിലെ പകുതിയിലധികം പഞ്ചായത്തുകളിലും വസിക്കുന്ന ജനങ്ങള്‍ക്ക് ബത്തേരി വഴിയുള്ള ബംഗളൂരു റൂട്ടാണ് എളുപ്പത്തില്‍ ഉള്ളത്. ദേശീയപാത 212 ബംഗളൂരുവില്‍നിന്ന് കോഴിക്കോടാണ് എത്തുന്നെതെങ്കില്‍ കുട്ട- ബാവലി വഴിയുള്ള റോഡുകള്‍ തലശ്ശേരി കണ്ണുര്‍ ഭാഗങ്ങളിലേക്കുള്ളതാണ്. അതുകൊണ്ട് ബദല്‍പാതകളെന്ന് ഇവയെ വിശേഷിപ്പിക്കാനാവില്ല. കര്‍ണാടക മുഖ്യമന്ത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രസിഡന്റ ഫാദര്‍ പോള്‍ജേക്കബ് അധ്യക്ഷനായി. സെക്രട്ടറി എന്‍ എം ജോസ് സംസാരിച്ചു.
deshabhimani 060113
Labels:
രാഷ്ട്രീയം,
വയനാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment