Sunday, January 6, 2013

സത്യപ്രതിജ്ഞ നീട്ടിവയ്ക്കാം; ഷാവേസ് തുടരും: മഡൂറോ


കരാക്കസ്: ജനുവരി 10ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും വെനസ്വേലന്‍ പ്രസിഡന്റ് പദവിയില്‍ ഹ്യൂഗോ ഷാവേസിന് തുടരാമെന്ന് വൈസ് പ്രസിഡന്റ് നിക്കോളസ് മഡൂറോ വ്യക്തമാക്കി. പിന്നീട് പരമോന്നത കോടതിക്കും പ്രസിഡന്റിനും സാധ്യമായ ഒരു ദിവസം ഔദ്യോഗികമായി സ്ഥാനമേറ്റാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു. ക്യൂബയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഷാവേസിന് അടുത്തയാഴ്ച വെനസ്വേലയില്‍ മടങ്ങിയെത്തി സത്യപ്രതിജ്ഞചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന സോഷ്യലിസ്റ്റ് വിരുദ്ധചേരിയുടെ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് മഡൂറോ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

അമ്പത്തെട്ടുകാരനായ പ്രസിഡന്റ് ഷാവേസ് ഒക്ടോബറിലെ തരെഞ്ഞടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു. ജനുവരി പത്തിനാണ് പരമ്പരാഗതമായി വെനസ്വേലയില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്. ഇതനുസരിച്ച് അടുത്ത വ്യാഴാഴ്ച ഷാവേസ് പുതിയ ഊഴം തുടങ്ങണം. എന്നാല്‍, ജനുവരി പത്ത് എന്ന തീയതി ഭരണഘടനയില്‍ അവസാന വാക്കായി പറഞ്ഞിരിക്കുന്നതല്ലെന്നും തടസ്സങ്ങള്‍ ഉണ്ടായാല്‍ മറ്റൊരു ദിവസത്തേക്ക് നീട്ടാവുന്നതേയുള്ളൂവെന്നും വൈസ്പ്രസിഡന്റ് വ്യക്തമാക്കി. വീണ്ടും രോഗബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ ഷാവേസിന് ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ സമയം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി മാനിക്കാതെ സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തെ മഡൂറോ ശക്തമായി വിമര്‍ശിച്ചു. വെള്ളിയാഴ്ച രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ ഭരണഘടനയുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് മഡൂറോ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്. "അവര്‍ ഭരണഘടനയെ മാനിക്കണം. കമാന്‍ഡര്‍ ഷാവേസും സുപ്രീംകോടതിയും തീരുമാനിച്ചാല്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം അധികാരമേല്‍ക്കലിന്റെ ഔപചാരികത പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ. ഷാവേസിനെ അധികാരഭ്രഷ്ടനാക്കാന്‍ എതിരാളികള്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്"- അദ്ദേഹം പറഞ്ഞു. ഷാവേസിന്റെ അന്ത്യമടുത്തെന്നും വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നുമുള്ള വാദങ്ങളുമായി സോഷ്യലിസ്റ്റ് വിരുദ്ധര്‍ പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് മഡൂറോ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. ഷാവേസ് ആരോഗ്യനില വീണ്ടെടുത്ത് തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് രാജ്യത്തെ നയിക്കാന്‍ കഴിയാതെപോയാല്‍ മഡൂറോയെ ആ സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന് ശസ്ത്രക്രിയക്ക് തിരിക്കുംമുമ്പ് ഷാവേസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

deshabhimani 060113

No comments:

Post a Comment