Tuesday, January 15, 2013

കയറി വരുന്നവര്‍ക്കെല്ലാം മുറി അനുവദിക്കാനാവില്ല: പെരുമ്പടവം


അക്കാദമി ഭാരവാഹിത്വത്തില്‍ വരുന്നവര്‍ക്കെല്ലാം പേരെഴുതിയ ബോര്‍ഡും മുറിയും ആവശ്യപ്പെടുന്ന സ്റ്റാഫിനെയും നല്‍കാനുള്ള കഴിവ് തനിക്കില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച "പാലാ നാരായണന്‍ നായര്‍ അമൃതകലയുടെ കവി" ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അക്കദമിയില്‍ വന്നയുടന്‍ ചിലര്‍ ഇതൊക്കെയാണ് ആവശ്യപ്പെടുന്നത്. അതിനൊന്നും തനിക്ക് കഴിവില്ല. ഇതൊക്കെ കിട്ടാതെ വിമര്‍ശനവുമായി രംഗത്തെത്തുന്നവരോട് ഒന്നും പറയാനില്ല. കേരളം കണ്ട മികച്ച സാഹിത്യ സമ്മേളനമായിരുന്നു വിശ്വമലയാള മഹോത്സവം. എന്നാല്‍ അതിന്റെപേരില്‍ നാക്കുള്ള ആരും എന്നെ ചീത്തവിളിക്കാന്‍ ബാക്കിയില്ല. ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അവയേറ്റുപറഞ്ഞിട്ടും പരിഹസിക്കുകയായിരുന്നു. തെറ്റുകള്‍ പാഠങ്ങള്‍ പഠിക്കാന്‍ നല്ലതാണ്. ഓരോന്നിനും ഓരോ കാരണങ്ങളുണ്ട്. രാഷ്ട്രപതി പങ്കെടുത്ത ചടങ്ങുപോലും വിവാദമാക്കി. ആ ചടങ്ങിലെ പ്രോട്ടോക്കോളറിയാതെ ആക്ഷേപിക്കുകയായിരുന്നു. തനിക്കും പ്രോട്ടോക്കോളൊന്നും വശമില്ല. ഞാനൊരു സംഘാടകനല്ല. ദൗര്‍ബല്യങ്ങളാണ് കൂടുതല്‍. ശക്തി കുറവാണ്. എല്ലാം വിളിച്ചുപറയുന്നവര്‍ വിശ്വമലയാളമഹോത്സവംപോലെ ഒന്ന് നടത്തിക്കാണിക്കട്ടെ- പെരുമ്പടവം പറഞ്ഞു. സജീവ് കൃഷ്ണന്‍ രചിച്ച കൃതി കവി ഡി വിനയചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പി പി ജെയിംസ് അധ്യക്ഷനായി. അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. മഞ്ജു വെള്ളായണി, മഹാകവിയുടെ മകന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. സജീവ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment